ആഴക്കടല്‍ മത്സ്യബന്ധനവിവാദം ചര്‍ച്ചയാകുമോ?; കൊച്ചിയില്‍ ചൂടേറും പോരാട്ടം

By Web TeamFirst Published Mar 23, 2021, 7:51 AM IST
Highlights

മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ചര്‍ച്ചയാക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യാന്‍ സാധ്യതയേറെ. 

കൊച്ചി: കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളം മുഴുവന്‍ വീശിയ ഇടത് കാറ്റ് അധികമേശാത്ത ജില്ലയാണ് എറണാകുളം. പക്ഷേ, 20 വര്‍ഷം നീണ്ട യുഡിഎഫ് ആധിപത്യം അവസാനിപ്പിച്ച് കൊച്ചി മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ ജെ മാക്‌സി വിജയക്കാടി പാറിച്ചു. രണ്ടാം തവണയും ജനവിധി തേടമ്പോള്‍ 5 വര്‍ഷത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച വാഗ്ദാനം ചെയ്താണ് പ്രചാരണം. 

സ്വപ്ന പാട്രോണിക്‌സ്, ഷൈനി മാത്യു തുടങ്ങിയ വനിതകളുടെയടക്കം സ്ഥാനാര്‍ത്ഥി പിടിവലിക്കൊടുവിലാണ് യുഡിഎഫ് കൊച്ചിയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണിയിച്ചത്. നല്ല മേയറെന്ന് പേര് കേള്‍പ്പിച്ചിട്ടുള്ള ടോണി ചമ്മിണിയ്ക്ക് പക്ഷേ മുന്നില്‍ നിന്ന് മാറി നിന്ന അഞ്ചു വര്‍ഷത്തെ വിടവിനെ നികത്താന്‍ അധികം പണിയെടുത്തേ പറ്റൂ. മത്സ്യമേഖലയെ ആശ്രയിച്ച് കഴിയുന്നവരാണ് മണ്ഡലത്തില്‍ ഭൂരിപക്ഷവും. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ചര്‍ച്ചയാക്കുന്നത് യുഡിഎഫിന് ഗുണം ചെയ്യാന്‍ സാധ്യതയേറെ. 

ബിജെപിക്കും സ്വാധീനമുള്ള മണ്ഡലമാണ് കൊച്ചി. വികസന പ്രവര്‍ത്തനങ്ങളിലെ ഭരണ മുന്നണിയുടെ വീഴ്ചകളാണ് മണ്ഡലത്തിലെ ജനകീയ മുഖം കൂടിയായ സി ജി രാജഗോപാലിന്റെ പ്രധാന പ്രചാരണം. ജനകീയ കൂട്ടായ്മകളായ ട്വന്റി ട്വന്റിയും വി ഫോര്‍ കൊച്ചിയും മത്സരത്തിനുണ്ട്. മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് മാറിചിന്തിയ്ക്കുന്നവരുടെ വോട്ട് ഈ കൂട്ടായ്മകള്‍ക്ക് വീതം വെച്ച് പോകാനാണ് സാധ്യത. ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും സമാനസ്വഭാവമുള്ള വാഗ്ദാനങ്ങളാണെന്നത് തന്നെ കാരണം.
 

click me!