സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക നല്‍കാന്‍ ഡിസിസികള്‍ക്ക് കെപിസിസിയുടെ നിര്‍ദേശം

By Web TeamFirst Published Mar 2, 2019, 4:35 PM IST
Highlights

കെപിസിസിയുടെ തെര‍ഞ്ഞെടുപ്പ് കമ്മറ്റി തിങ്കളാഴ്ച ചേരുന്നുണ്ട്. ഇതിനു മുന്‍പായി ഓരോ മണ്ഡലത്തിലും നിന്നും മൂന്ന് പേര് വീതം നിര്‍ദേശിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കി കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക തിങ്കളാഴ്ചക്കകം നല്‍കാന്‍ കെപിസിസി നേതൃത്വം ഡിസിസികള്‍ക്ക് നിര്‍ദേശം നല്‍കി. സിറ്റിംഗ് എംപിമാരുള്ള മണ്ഡലങ്ങളില്‍ നിന്ന് മറ്റു പേരുകൾ നല്‍കേണ്ടതില്ലെന്ന നിര്‍ദേശവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

കെപിസിസിയുടെ തിര‍ഞ്ഞെടുപ്പ് കമ്മറ്റി തിങ്കളാഴ്ച ചേരുന്നുണ്ട്. അതിനു മുന്‍പായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പട്ടിക നല്‍കണമെന്നാണ് നിര്‍ദേശം. കാസര്‍കോഡ്, കണ്ണൂര്‍, വടകര, വയനാട്, പാലക്കാട്, ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, ഇടുക്കി, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയാണ് നല്‍കേണ്ടത്. മൂന്നുപേരുടെ പേരുകള്‍ വീതമാണ് ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ നല്‍കേണ്ടത് . 

ജില്ല കോണ്‍ഗ്രസ് കമ്മിറ്റികള്‍ നല്‍കുന്ന പട്ടിക തിരഞ്ഞെടുപ്പ് കമ്മിറ്റി എഐസിസിക്ക് കൈമാറും. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചകള്‍ക്കായി മുതിര്‍ന്ന നേതാക്കളേയും ചുമതലപ്പെടുത്തും.സിറ്റിംഗ് എംപിമാരുടേത് ഉള്‍പ്പെടെ സ്ഥാനാർഥി പ്രഖ്യാപനം ഹൈക്കമാണ്ട് നടത്തും. ഘടകകക്ഷികള്‍ മത്സരിച്ചു പോരുന്ന മലപ്പുറം, പൊന്നാനി, കോട്ടയം, കൊല്ലം സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ നിര്‍ദേശിക്കണ്ടെന്നാണ് നിര്‍ദേശം. 

click me!