സിറ്റിങ് എംപിമാര്‍ക്കും ടിക്കറ്റ്; എറണാകുളത്ത് വീണ്ടും മത്സരത്തിനൊരുങ്ങി കെവി തോമസ്

By Web TeamFirst Published Feb 11, 2019, 9:31 AM IST
Highlights

സിറ്റിങ് എംപിമാർ വീണ്ടും മത്സര രംഗത്തിറങ്ങുമെന്ന് ഉറപ്പായതോടെ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയാകാനൊരുങ്ങി കെവി തോമസ്. പ്രായമല്ല, പ്രവർ‍ത്തന മികവാണ് സ്ഥാനാർഥിനിർണയത്തിൽ നിർണായകമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: സിറ്റിങ് എംപിമാർ വീണ്ടും മത്സര രംഗത്തിറങ്ങുമെന്ന് ഉറപ്പായതോടെ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ വീണ്ടും യുഡിഎഫ് സ്ഥാനാർഥിയാകാനൊരുങ്ങി കെവി തോമസ്. പ്രായമല്ല, പ്രവർ‍ത്തന മികവാണ് സ്ഥാനാർഥിനിർണയത്തിൽ നിർണായകമെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കെവി തോമസ് സ്ഥാനാർഥിത്വത്തിൽ നിന്ന് പിൻമാറണമെന്ന ആവശ്യവുമായി നേരത്തെ യുവനിര രംഗത്തെത്തിയിരുന്നു.

എല്ലാം പാര്‍ട്ടി തീരുമാനിക്കുമെന്നാണ് എന്നത്തേയും പോലെ ഇക്കാര്യത്തില്‍ കെ വി തോമസിന്‍റെ പ്രതികരണം. കഴിഞ്ഞതവണയും ഇങ്ങനെ തന്നെയായിരുന്നു. ഒടുവിൽ പ്രഖ്യാപനം വന്നപ്പോള്‍ സ്ഥാനാർഥി കെവി തോമസ് തന്നെ. എന്നാൽ ഇത്തവണ പഴയതുപോലെയല്ല. 

പതിറ്റാണ്ടുകളായി നിയമസഭയിയും ലോക്സഭയിലും എറണാകുളത്തെ പ്രതിനിധീകരിച്ച കെ വി തോമസ് മാറണമെന്ന് പാർട്ടിക്കുളളിലെ യുവനിര ആവശ്യപ്പെട്ടു കഴിഞ്ഞു. എന്നാൽ അക്കാര്യത്തിലും കെ വി തോമസിന് മറുപടിയുണ്ട്. പ്രായമല്ല എഫിഷ്യന്‍സിയാണ് പ്രധാനമെന്ന് അദ്ദേഹം പറയും. ചെറുപ്പക്കാര്‍ക്ക് അവസരം ലഭിക്കണം. എറണാകുളത്തിന്‍റെ കാര്യത്തില്‍ ഹൈക്കമാന്‍റ് തീരുമാനമെടുക്കും.

കൊച്ചി മെട്രോ, നെടുന്പാശേരി വിമാനത്താവളം അടക്കമുളള വികസന പദ്ധതികൾ തന്‍റെ കൂടി മേൽനോട്ടത്തിൽ വന്നതാണ്. മാലിന്യസംസ്കരണം, കുടിവെളളപ്രശ്നം, അടിസ്ഥാന വികസനം ഇവയാണ് ഇനിയും ശേഷിക്കുന്ന സ്വപനമെന്നും ഇവ സാക്ഷാത്ക്കരിക്കാന്‍ അഞ്ച് വര്‍ഷം കൂടി വേണമെന്നും കെവി തോമസ് പറയുന്നു.

എറണാകുളത്തെ കോൺഗ്രസിന്‍റെ നേതൃനിരയിൽ എല്ലാക്കാലവും താനുണ്ട്. രാഹുല്‍ ഗാന്ധി വന്നപ്പോഴടക്കം ഞാനും ഡിസിസി പ്രസഡന്‍റുമടക്കമുള്ളവരാണ് മുന്നോട്ട് വന്നത്. കെവി തോമസ് പറയുന്നു. ജന്മനാടായ കുന്പളങ്ങിയെക്കുറിച്ചുളള ശേഷിക്കുന്ന കഥകൾ കൂടി എഴുതാനുളള ഒരുക്കത്തിൽ കൂടിയാണ് കെവി തോമസ്.

click me!