പൊന്നാനിയില്‍ ഇ.ടി മത്സരിക്കേണ്ടെന്ന യൂത്ത് കോണ്‍ഗ്രസ് പ്രമേയം തള്ളി നേതൃത്വം

By Web TeamFirst Published Feb 17, 2019, 1:16 PM IST
Highlights

ഘടക കക്ഷിയുടെ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതിനെതിരെ സംഘടനക്കുള്ളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു.  യൂത്ത് കോണ്‍ഗ്രസ് പാസാക്കിയ പ്രമേയം ലീഗ് അണികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

കൊച്ചി: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീര്‍ മത്സരിക്കേണ്ടെന്ന യൂത്ത്
കോണ്‍ഗ്രസ് പ്രമേയത്തെ തള്ളിപ്പറഞ്ഞ് സംസ്ഥാന നേതൃത്വം. പ്രമേയം പാസാക്കിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടിയില്‍ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം യുഡിഎഫിന്‍റെ ഐക്യം തകര്‍ക്കുന്നതാണ് യൂത്ത് കോണ്‍ഗ്രസ് പ്രമേയമെന്ന് മുസ്ലീംലീഗ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. 

യൂത്ത് കോണ്‍ഗ്രസ് പൊന്നാനി പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലായിരുന്നു ഇ.ടി. മുഹമ്മദ് ബഷീറിനെതിരെ പ്രമേയം പാസാക്കിയത്.
മണ്ഡലത്തില്‍ അനായാസ വിജയം നേടണമെങ്കില്‍ ഇ.ടിക്ക് പകരം പി.കെ. കുഞ്ഞാലിക്കുട്ടിയോ മറ്റാരെങ്കിലുമോ മത്സരിക്കണമെന്നായിരുന്നു
പ്രമേയത്തില്‍ പറഞ്ഞത്. ഘടക കക്ഷിയുടെ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞതിനെതിരെ സംഘടനക്കുള്ളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. 

ഇതോടെയാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ നടപടിക്കെതിരെ കര്‍ശന നിലപാടുമായി നേതൃത്വം രംഗത്തുവന്നത്. മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന പരാമര്‍ശം അംഗീകരിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനറും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹന്നാന്‍ വ്യക്തമാക്കി. പ്രാദേശിക നേതൃത്വത്തിന് ഇക്കാര്യത്തില്‍ താക്കീത് നല്‍കിയതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും അറിയിച്ചു. മലപ്പുറം ജില്ലയില്‍ പ്രാദേശിക തലത്തില്‍ ലീഗും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ ഏറെ തര്‍ക്കങ്ങളുണ്ട്. ഇതിനിടയില്‍ യൂത്ത് കോണ്‍ഗ്രസ് പാസാക്കിയ പ്രമേയം ലീഗ് അണികള്‍ക്കിടയില്‍ കടുത്ത അസംതൃപ്തിയാണ് സൃഷ്ടിച്ചിട്ടുള്ളത്. 

click me!