പ്രതിപക്ഷ മഹാസഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി മോദി

By Web TeamFirst Published Dec 23, 2018, 5:44 PM IST
Highlights

ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത്, മധുരൈ, തിരുച്ചിറപ്പള്ളി, തിരുവള്ളൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായാണ് മോദി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംവദിച്ചത്.

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ മഹാസഖ്യം ഉണ്ടാക്കുന്നതിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തമിഴ്‌നാട്ടിലെ ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള വീഡിയോ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പരസ്പരം യോജിപ്പില്ലാത്ത കുടുംബാധിപത്യ കുട്ടായ്മയെ ജനം തിരിച്ചറിയുമെന്ന് മോദി വ്യക്തമാക്കി. വ്യക്തി താല്‍പ്പര്യമാണ് ഇത്തരം സഖ്യത്തിന് പിന്നില്‍ എന്നും മോദി കൂട്ടിച്ചേര്‍ത്തു.

ചെന്നൈ സെന്‍ട്രല്‍, ചെന്നൈ നോര്‍ത്ത്, മധുരൈ, തിരുച്ചിറപ്പള്ളി, തിരുവള്ളൂര്‍ ലോക്‌സഭാ മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരുമായാണ് മോദി വീഡിയോ കോണ്‍ഫ്രന്‍സ് വഴി സംവദിച്ചത്. മഹാസഖ്യത്തിലെ പ്രധാന പാര്‍ട്ടികളിലൊന്നാണ് ടി.ഡി.പി. കോണ്‍ഗ്രസിനെതിരെ എന്‍.ടി രാമറാവു രൂപീകരിച്ച പാര്‍ട്ടിയാണ് ടി.ഡി.പി. എന്നാല്‍ ഇപ്പോള്‍ അവര്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കാന്‍ നില്‍ക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. 

റാം മനോഹര്‍ ലോഹ്യയുടെ ആശയങ്ങള്‍ പിന്തുടരുന്ന ചില പാര്‍ട്ടികള്‍ ഈ സഖ്യത്തിലുണ്ട്. എന്നാല്‍ റാം മനോഹര്‍ ലോഹ്യ തന്നെ കോണ്‍ഗ്രസിന് എതിരായിരുന്നുവെന്ന് മോദി സൂചിപ്പിച്ചു.  മഹാസഖ്യം ആശയത്തില്‍ അധിഷ്ടിതമല്ല. മറിച്ച് വ്യക്തികളടെ താല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്. മഹാസഖ്യം അധികാരത്തിന് വേണ്ടിയാണ്. ജനങ്ങളെ സേവിക്കാന്‍ വേണ്ടിയുള്ളതല്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. 

മഹാസഖ്യത്തിലെ നേതാക്കളില്‍ പലരും അടിയന്തരാവസ്ഥക്കാലത്ത് പീഡനങ്ങള്‍ ഏറ്റുവാങ്ങിയവരാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഭൂരിപക്ഷം ഉണ്ടായിരുന്നിട്ടും 1980ല്‍ അന്നത്തെ എം.ജി.ആര്‍ ഗവര്‍ണ്‍മെന്റിനെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ട കാര്യവും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ ഐക്യം ശക്തമാകുന്നതിനിടെയാണ് സഖ്യത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി തന്നെ രംഗത്ത് വന്നിരിക്കുന്നത്.

click me!