മലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂര്‍ ബിജെപി സ്ഥാനാര്‍ഥി

By Web TeamFirst Published Apr 17, 2019, 3:33 PM IST
Highlights

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് മത്സരിക്കുന്ന ഭോപ്പാലില്‍ പ്രജ്ഞ സിങ് ഠാക്കൂറിനെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. 


ഭോപ്പാല്‍: മലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രജ്ഞ സിങ് ഠാക്കൂര്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കും. വിജയസാധ്യതയുള്ള സീറ്റില്‍നിന്ന് ജനവിധി തേടുമെന്ന് അവര്‍ മാധ്യമങ്ങളെ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് മത്സരിക്കുന്ന ഭോപ്പാലില്‍ പ്രജ്ഞ സിങ് ഠാക്കൂറിനെ രംഗത്തിറക്കാനാണ് ബിജെപി നീക്കം. 'ഞാന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്യും'- പ്രജ്ഞ സിങ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. പാര്‍ട്ടി അംഗത്വമെടുത്ത ശേഷം മുതിര്‍ന്ന നേതാവ് ശിവരാജ് സിങ് ചൗഹാനെ സന്ദര്‍ശിച്ചു. 

അവര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. അവരെ ഇത്രയും കാലം വേട്ടയാടുകയായിരുന്നു. അവര്‍ക്ക് പ്രതികാരം ചെയ്യാനുള്ള അവസരമാണിതെന്ന് ഭോപ്പാല്‍ ബിജെപി എംപി അലോക് സഞ്ജാര്‍ പറഞ്ഞു.

2008ലാണ് രാജ്യത്തെ നടുക്കിയ മാലേഗാവ് സ്ഫോടനം നടക്കുന്നത്. ഏഴു പേര്‍ കൊല്ലപ്പെടുകയും 100ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കാവി ഭീകരത എന്നാണ് ഭരണകൂടം സ്ഫോടനത്തെ വിശേഷിപ്പിച്ചത്.  പ്രജ്ഞസിങ് ഠാക്കൂര്‍, കേണല്‍ പുരോഹിത് എന്നിവരായിരുന്നു പ്രധാന പ്രതികള്‍. ഇരുവരും ഇപ്പോള്‍ ജാമ്യത്തിലാണ്. 

click me!