മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനം, കിറ്റും പെൻ‍ഷനും വലിയ‌ ഗുണം ചെയ്യും; സര്‍വെ ഫലം

By Web TeamFirst Published Mar 19, 2021, 10:35 PM IST
Highlights

കിറ്റും പെന്‍ഷനും തെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്നാണ് സര്‍വെയില്‍ ഭൂരിഭാഗം പേരും അഭിപ്രായം പങ്കുവെച്ചത്.  

തിരുവനന്തപുരം: പിണറായി സര്‍‌ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് മാതൃഭൂമി സീവോട്ടര്‍ സവെ ഫലം. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം മികച്ചതാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായം രേഖപ്പെടുത്തിയത്. 38.10% പേരും  മുഖ്യമന്ത്രിയുടെ പ്രകടനം മികച്ചതെന്ന് അഭിപ്രായപ്പെട്ടു.

മുഖ്യമന്ത്രിയുടെ പ്രകടനം ശരാശരി എന്ന് രേഖപ്പെടുത്തിയത് 37.2 ശതമാനം പേരാണ്. മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മോശമെന്ന്  24.7 ശതമാനം പേര്‍ അഭിപ്രായം രേഖപ്പെടുത്തി. കിറ്റും പെന്‍ഷനും തെരഞ്ഞെടുപ്പില്‍ വലിയ ഗുണം ചെയ്യും എന്നാണ് സര്‍വെയില്‍ ഭൂരിഭാഗം പേരും അഭിപ്രായം പങ്കുവെച്ചത്.  53.9 ശതമാനം പേരും കിറ്റും പെന്‍ഷനും എല്‍ഡിഎഫിന് ഗുണം ചെയ്യുമെന്ന് വ്യക്തമാക്കി.  ചെറുതായി ഗുണംചെയ്യും എന്ന് 26.2 ശതമാനം പേരും ഗുണം ചെയ്യില്ല എന്ന് 18 ശതമാനം പേരും പറയുന്നു. 

സര്‍ക്കാര്‍ വികസന മോഡലായി ഉയര്‍ത്തിക്കാട്ടുന്ന കിഫ്ബി ഗുണം ചെയ്യുമെന്ന്  37.3 ശതമാനം പേരും ഗുണം ചെയ്യില്ല എന്ന് 37.1 ശതമാനം പേരും പ്രതികരിച്ചു. ഇത് തെരഞ്ഞെടുപ്പിനെ ഒട്ടും ബാധിക്കില്ല  എന്ന് 15.4 ശതമാനം പേരും അഭിപ്രായപ്പെട്ടു. 
വോട്ടര്‍മാരെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വിഷയം തൊഴിലില്ലായ്മയാണെന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്. സര്‍വെയില്‍ 41.8 ശതമാനം വോട്ടര്‍മാരാണ് ഇങ്ങനെ രേഖപ്പെടുത്തിയത്. 

വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദങ്ങളില്‍ മുന്നിലെത്തിയത് സ്വര്‍ണക്കടത്താണ്. 25.2ശതമാനം പേര്‍ വോട്ടിങ്ങിനെ സ്വാധീനിക്കുന്ന വിവാദം സ്വര്‍ണക്കടത്താണെന് രേഖപ്പെടുത്തി. ഉമ്മന്‍ ചാണ്ടിയുടെ തിരിച്ചുവരവ് നേട്ടമോ എന്ന ചോദ്യത്തിന്  47.7% നേട്ടമെന്നും 36.3% നേട്ടമല്ല എന്നും 16% പേർ അഭിപ്രായമില്ല എന്നും അഭിപ്രായം രേഖപ്പെടുത്തി.  
 

click me!