മോദിയുടെ പ്രസംഗം കുതിരക്കച്ചവടത്തിന്‍റെ സൂചനയോ...ആരോപണവുമായി തൃണമൂല്‍

By Web TeamFirst Published Apr 29, 2019, 5:47 PM IST
Highlights

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന എതിരാളികള്‍ക്ക് കൃത്യമായ സൂചനയാണ്.

ദില്ലി: 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലെത്തുമെന്ന പ്രധാനമന്ത്രിയുടെ പ്രസംഗം തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നടത്തുന്ന കുതിരക്കച്ചവടത്തിന്‍റെ സൂചനയെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാല്‍ 40 തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പാളയത്തിലെത്തുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ക്ഷയിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന. പ്രധാനമന്ത്രിയുടെ വാക്കുകള്‍  കുതിരക്കച്ചവടത്തിന്‍റെ കൃത്യമായ സൂചനയാണ് നല്‍കുന്നതെന്നും തെരഞ്ഞെടുപ്പിന് ശേഷം എംപിമാരെയും ചെറുപാര്‍ട്ടികളെയും ബിജെപി ചാക്കിലാക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. മോദിയുടെ പ്രസ്താവനയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തൃണമൂല്‍ വൃത്തങ്ങള്‍ അറിയിച്ചു.

 2014 തെരഞ്ഞെടുപ്പിന് സമാനമായി മോദി തരംഗമുണ്ടാകില്ലെന്നാണ് തെരഞ്ഞെടുപ്പ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്‍ഡിഎയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കുമെന്ന കാര്യത്തില്‍ ബിജെപിയ്ക്കും ആത്മവിശ്വാസമില്ല. എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി  ബിജെപി തൂത്തുവാരിയിരുന്നു. യുപിയില്‍ 71 സീറ്റും ബിഹാറില്‍ 22 സീറ്റും മധ്യപ്രദേശില്‍ 26 സീറ്റും രാജസ്ഥാനില്‍ 25 സീറ്റും ബിജെപി നേടി. ഇത്തവണ ഈയൊരു കുതിപ്പ് ബിജെപി പ്രതീക്ഷിക്കുന്നില്ല. യുപിയിലെ മഹാഗഡ്ബന്ധന്‍, ബിഹാറിലെ മഹാസഖ്യം, രാജസ്ഥാന്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരിച്ചടി തുടങ്ങിയ ഘടകങ്ങള്‍ സീറ്റ് പകുതിയായെങ്കിലും കുറയ്ക്കുമെന്നാണ് ബിജെപി വിലയിരുത്തല്‍. അതുകൊണ്ടുതന്നെ വിഘടിച്ച് നില്‍ക്കുന്ന പ്രതിപക്ഷത്തിലേക്കാണ് നോട്ടം. ദക്ഷിണേന്ത്യയില്‍നിന്ന് ലഭിക്കുന്ന സീറ്റുകള്‍ ബോണസായിട്ടാണ് ബിജെപി കണക്കുകൂട്ടുന്നത്. 

പ്രതിപക്ഷ പാര്‍ട്ടികളെ ഒരു കുടക്കീഴിലാക്കാന്‍ കോണ്‍ഗ്രസിന് കഴിയാത്തതാണ് ബിജെപിയുടെ നേട്ടം. തമിഴ്നാട്, ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് സഖ്യം ശക്തമായിട്ടുള്ളത്. മറ്റുള്ള സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ഒരുമിപ്പിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല. അതുകൊണ്ടു തന്നെ തൂങ്ങിനില്‍ക്കുന്ന പാര്‍ട്ടികളെ തെരഞ്ഞെടുപ്പിന് ശേഷം കൂടെക്കൂട്ടി ഭരണം നിലനിര്‍ത്താമെന്ന് ബിജെപി കരുതുന്നു. ഭരണ സ്വാധീനവും സാമ്പത്തിക ശേഷിയും ബിജെപിയെ തുണയ്ക്കുമെന്നാണ്  അവരുടെ പ്രതീക്ഷ. 

click me!