മന്ത്രിമാരിൽ ബഹുഭൂരിപക്ഷവും വീണ്ടും മത്സരത്തിനിറങ്ങും; അനുഭവ സമ്പന്നരെ പ്രയോജനപ്പെടുത്താൻ സിപിഎം

By Web TeamFirst Published Mar 3, 2021, 1:10 PM IST
Highlights

സിപിഎം എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും പുതുമുഖങ്ങളായതിനാല്‍ എല്ലാവര്‍ക്കും രണ്ടാം ടേം കൊടുക്കാനാണ് പാര്‍ട്ടി തീരുമാനം. ഇവര്‍ക്കൊപ്പം എ പ്രദീപ്കുമാര്‍, കെ വി അബ്ദുല്‍ഖാദര്‍, രാജു എബ്രഹാം, സുരേഷ്കുറുപ്പ് എന്നിവര്‍ക്കും ടേം ഇളവ് കൊടുക്കണമെന്ന നിര്‍ദ്ദേശം വന്നു കഴിഞ്ഞു.

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപമാകുമ്പോള്‍ മന്ത്രിമാരില്‍ ബഹുഭൂരിപക്ഷവും വീണ്ടും മത്സരിക്കാനിറങ്ങുമെന്ന് സൂചന. സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍ എന്നിവരെ മത്സരിപ്പിക്കണമെന്ന് ഇന്ന് തൃശൂര്‍ കോഴിക്കോട് ജില്ലാഘടകങ്ങള്‍ ശുപാര്‍ശ ചെയ്തു. അപ്രതീക്ഷിത സ്ഥാനാര്‍ഥികളോ, സംസ്ഥാനതലത്തില്‍ ചര്‍ച്ചയാകുന്ന പേരുകളോ ഇത്തവണ സിപിഎം നിരയില്‍ ഉണ്ടാകില്ലെന്നതും പ്രത്യേകതയാണ്.

ഇപി ജയരാജന്‍, എ കെ ബാലന്‍ എന്നിവര്‍ മത്സരിക്കില്ലെന്ന സൂചന വന്നപ്പോള്‍ മറ്റ് ജില്ലകളിലും മന്ത്രിമാര്‍ മാറിനില്‍ക്കുമോ എന്ന ആകാംഷയുണ്ടായിരുന്നു. പക്ഷേ മിക്ക മന്ത്രിമാരും വീണ്ടും മത്സരിക്കാന്‍ കളമൊരുങ്ങുകയാണ്. തോമസ് ഐസക്കും, ജി സുധാകരനും, എം എം മണിയും, കെ കെ ശൈലജയും മത്സരിക്കണമെന്ന് അതാത് ജില്ലാഘടകങ്ങള്‍ ആവശ്യപ്പെട്ടതിന് പിന്നാലെ സി രവീന്ദ്രനാഥ്, എ സി മൊയ്തീന്‍, ടി പി രാമകൃഷ്ണന്‍, മെഴ്സിക്കുട്ടിയമ്മ, കടകംപള്ളി സുരേന്ദന്‍ എന്നിവരെല്ലാം വീണ്ടും അങ്കത്തിനിറങ്ങും. 

സിപിഎം എംഎല്‍എമാരില്‍ ബഹുഭൂരിപക്ഷവും പുതുമുഖങ്ങളായതിനാല്‍ എല്ലാവര്‍ക്കും രണ്ടാം ടേം കൊടുക്കാനാണ് പാര്‍ട്ടി തീരുമാനം. ഇവര്‍ക്കൊപ്പം എ പ്രദീപ്കുമാര്‍, കെ വി അബ്ദുല്‍ഖാദര്‍, രാജു എബ്രഹാം, സുരേഷ്കുറുപ്പ് എന്നിവര്‍ക്കും ടേം ഇളവ് കൊടുക്കണമെന്ന നിര്‍ദ്ദേശം വന്നു കഴിഞ്ഞു. നേമത്ത് വി ശിവന്‍കുട്ടി, പുതുപ്പള്ളിയില്‍ ജെയ്ക് സി തോമസ്, ബാലുശേരിയില്‍ എസ്എഫ്ഐ നേതാവ് സച്ചിന്‍ദേവ് എന്നിവര്‍ മത്സരിക്കും. 

ഭരണത്തുടർച്ച ലക്ഷ്യമിടുന്ന എല്‍ഡിഎഫ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാട് സ്വീകരിക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കാര്യമായ മാറ്റങ്ങളില്ലാതെ ആളുകളെ പരീക്ഷിക്കുന്നത്. മണ്ഡലത്തില്‍ ചെയ്ത വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയെന്ന മുദ്രാവാക്യം കൂടി മുന്നോട്ട് വക്കുന്നതാണ് സിപിഎമ്മിന്‍റെ സ്ഥാനാര്‍ഥിപട്ടിക. 

click me!