സംഘപരിവാര്‍ മനസുള്ളതുകൊണ്ടാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെ കോടിയേരി എതിര്‍ക്കുന്നത്; മുല്ലപ്പള്ളി

By Web TeamFirst Published Mar 25, 2019, 7:48 PM IST
Highlights

ലാവ്‍ലിൻ കേസിൽ നിന്നും രക്ഷപ്പെടാൻ പിണറായി വിജയന്‍ നരേന്ദ്ര മോദിയുമായി സന്ധി ചെയ്യുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. കേരളം കണ്ട കഴിവുകെട്ട ദുർബലനായ ആഭ്യന്തര മന്ത്രിയാണ് പിണറായിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
 

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണന്‍ എതിർത്തത് സംഘപരിവാര്‍ മനസുള്ളതുകൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.  രാഹുൽ ഗാന്ധി നമ്മുടെ നാട്ടിൽ നിന്നും മത്സരിക്കാൻ പോകുന്നുവെന്ന വാർത്ത വന്നപ്പോൾ തന്നെ കോടിയേരി പ്രസ്താവനയിറക്കി. അത് അദ്ദേഹത്തിന്  സംഘപരിവർ മനസുള്ളതുകൊണ്ടാണ്- മുല്ലപ്പള്ളി ആരോപിച്ചു.

ലാവ്‍ലിൻ കേസിൽ നിന്നും രക്ഷപ്പെടാൻ പിണറായി വിജയന്‍ നരേന്ദ്ര മോദിയുമായി സന്ധി ചെയ്യുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു. മോദി സർക്കാരിനെതിരെ സംസാരിക്കരുതെന്നയായിരുന്നു സിപിഎം തങ്ങളുടെ എംപിമാർക്ക് നൽകിയിരുന്ന നിർദ്ദേശം. കേരളം കണ്ട കഴിവുകെട്ട ദുർബലനായ ആഭ്യന്തര മന്ത്രിയാണ് പിണറായിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഔദ്യോഗിക സ്ഥാനാർത്ഥി പ്രഖ്യാപനം യഥാസമയം ഹൈക്കമാൻഡ് നിർവഹിക്കും. താൻ ശുഭാപ്തി വിശ്വാസക്കാരനാണ്. രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിലും ശുഭാപ്തി വിശ്വാസമുണ്ട്. ഇഎംഎസും, നയനാരും ഉൾപ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ സ്വന്തം നാട് വിട്ട് മത്സരിച്ചിട്ടുണ്ട്. വടകരയിലെ സ്ഥാനാർത്ഥി തന്നെക്കാൾ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല വിഷയത്തിൽ യുഡിഎഫ് വിശ്വാസികൾക്കൊപ്പമായിരുന്നു. വിശ്വാസികൾക്കൊപ്പം നിന്നതു കൊണ്ടാണ് അടൂർ പ്രകാശിന് കോടതിയിൽ പോയി ജാമ്യമെടുക്കേണ്ടി വന്നത്. അടൂർ പ്രകാശ് ആറ്റിങ്ങൽ മണ്ഡലത്തിൽ വരത്തനാണെ എൽഡിഎഫിന്റെ ആരോപണത്തിൽ ഒരു യാഥാർത്യവുമില്ല. യുഡിഎഫിന് മണ്ഡലത്തില്‍ വലിയ നേട്ടം കൈവരിക്കാനാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

click me!