Latest Videos

യുഡിഎഫിലേക്കെന്ന് വ്യക്തമാക്കി കാപ്പൻ, എൻസിപി ദേശീയ നേതൃത്വത്തിന് അന്ത്യശാസന, പ്രതികരിച്ച് ശശീന്ദ്രനും

By Web TeamFirst Published Feb 12, 2021, 12:42 PM IST
Highlights

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര എത്തും മുമ്പ് മുന്നണി പ്രവേശനത്തിൽ തീരുമാനമുണ്ടാകണമെന്ന് ദേശീയ നേതൃത്വത്തിനോട് ആവശ്യപ്പെട്ടതായി കാപ്പൻ

ദില്ലി: യുഡിഎഫിലേക്കെന്ന് വ്യക്തമാക്കി പാലാ എംഎൽഎ മാണി സി കാപ്പൻ. ഞായറാഴ്ച പാലായിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര എത്തും മുമ്പ് മുന്നണി പ്രവേശനത്തിൽ തീരുമാനമുണ്ടാകണമെന്ന് ദേശീയ നേതൃത്വത്തിനോട് ആവശ്യപ്പെട്ടതായി കാപ്പൻ വ്യക്തമാക്കി. മന്ത്രി എകെ ശശീന്ദ്രൻ എൽഡിഎഫിൽ ഉറച്ച് നിന്നോട്ടെയെന്നും ദേശീയ നേതൃത്വം തനിക്ക് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

എന്നാൽ കാപ്പൻ യുഡിഎഫിലേക്ക് പോകരുതെന്ന് ശശിന്ദ്രൻ ആവശ്യപ്പെട്ടു. വിഷയം ചർച്ചചെയ്യാൻ ദേശീയ നേതൃത്വം തന്നെ ദില്ലിയിലേക്ക് വിളിപ്പിച്ചിട്ടില്ല. തന്റെ അഭിപ്രായം നേരത്തെ  പറഞ്ഞു കഴിഞ്ഞതാണെന്നും അദ്ദേഹം പ്രതികരിച്ചു. 

പാലാ സീറ്റിൽ ആരംഭിച്ച തർക്കം എൻസിപി മുന്നണി മാറ്റത്തിൽ എത്തി നിൽക്കവേ ദേശീയ നേതൃത്വം വീണ്ടും ആശയക്കുഴപ്പത്തിലാണ്. മുന്നണി മാറ്റത്തിന് സന്നദ്ധമെന്ന് സംസ്ഥാന അധ്യക്ഷൻ  ടിപി പീതാംബരൻ മാസ്റ്റർ ദേശീയ നേതൃത്വത്തെ അറിയിച്ചെങ്കിലും മന്ത്രി എകെ ശശീന്ദ്രനെ കൂടി കേട്ട ശേഷമേ തീരുമാനമുണ്ടാകൂ എന്ന നിലപാടാണ് ദേശീയ അധ്യക്ഷൻ ശരദ് പവാർ സ്വീകരിച്ചത്. 

പാലാ സീറ്റിൽ മാത്രമേ തർക്കമുള്ളൂ എന്നും ഒരു സീറ്റിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ലെന്നുമുള്ള നിലപാടാണ് ഇടതോട് ചേർന്നു നിൽക്കുന്ന ശശീന്ദ്രൻ മുന്നോട്ട് വെച്ചിട്ടുള്ളത്. കേരളത്തിലെ പാർട്ടിയിലെ വലിയൊരു വിഭാഗം മുന്നണി വിടേണ്ടെന്ന നിലപാടിലാണെന്നും തുടർഭരണ സാധ്യതയടക്കം ഇത്തവണ നിലനിൽക്കുന്നുണ്ടെന്നുമാണ് ശശീന്ദ്രൻ വാദിക്കുന്നത്. ആ സാഹചര്യത്തിൽ ഒരു സീറ്റിന്റെ പേരിൽ പതിറ്റാണ്ടുകൾ നീണ്ട ബന്ധം അവസാനിപ്പിക്കുന്നത് ബുദ്ധിയല്ലെന്നും ശശീന്ദ്രൻ പറഞ്ഞുവെക്കുന്നു. മുന്നണി മാറ്റത്തിൽ ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ, ശശീന്ദ്രന്റെ വാക്കുകൾ കൂടി മുഖവിലയ്ക്കെടുത്താകാം ദേശീയ നേതൃത്വം പിന്നോട്ട് പോയതെന്നത് ശ്രദ്ധേയമാണ്. 

click me!