പോരാടാന്‍ വനിതകള്‍; മിസോറാമില്‍ ഇത്തവണ ഒന്‍പത് വനിതാ സ്ഥാനാര്‍ത്ഥികള്‍

By Web TeamFirst Published Nov 12, 2018, 6:32 AM IST
Highlights

സംസ്ഥാനത്ത് ഇതുവരെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് നാല് വനിതകൾ മാത്രം. 1987ൽ ഒരു വനിത, എംഎൽഎയായതിന് ശേഷം 27 വര്‍ഷം വേണ്ടി വന്നു മിസോറാമിന് മറ്റൊരാളെ തെരഞ്ഞെടുക്കാൻ. 

ഐസ്വാള്‍: ജനാധിപത്യ പ്രക്രിയയില്‍ നിന്ന് മാറ്റി നിർത്തുന്നതിന് എതിരെയുള്ള സ്ത്രീകളുടെ പോരാട്ടം കൂടിയാണ് ഇത്തവണ മിസോറാം തെരഞ്ഞെടുപ്പ്. ഒൻപത് വനിതകളാണ് മത്സരരംഗത്തുള്ളത്. പാർട്ടി നോക്കാതെ വനിതാ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യാനാണ് സ്ത്രീ സംഘടനകളുടെ ആഹ്വാനം. സ്ത്രീകളാണ് മിസോറാമിൽ ഭൂരിപക്ഷം. പക്ഷെ സംസ്ഥാനത്ത് ഇതുവരെ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് നാല് വനിതകൾ മാത്രം. 1987ൽ ഒരു വനിത, എംഎൽഎയായതിന് ശേഷം 27 വര്‍ഷം വേണ്ടി വന്നു മിസോറാമിന് മറ്റൊരാളെ തെരഞ്ഞെടുക്കാൻ. 

2013ൽ മത്സരിച്ചത് ആറ് വനിതകള്‍. ഒരാൾക്ക് പോലും ജയിക്കാനായില്ല. നാല് പേർക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ചരിത്രം തിരുത്തിയത് 2014ലെ ഉപതെരഞ്ഞെടുപ്പ്. അന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച വൻലാലാംപുയ് ച്വാങ്ക്തു തെര‌ഞ്ഞെടുക്കപ്പെടുകയും പിന്നീട് മന്ത്രിയാവുകയും ചെയ്തു.  ഇത്തവണയും കോൺഗ്രസ് പട്ടികയിലെ ഏക വനിതയാണ് ച്വാങ്ക്തു. സംസ്ഥാനത്ത് ആദ്യമായി വനിതയെ നിയമസഭയിലെത്തിച്ച മിസോ നാഷണൽ ഫ്രണ്ടിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഒരു വനിത പോലുമില്ല. സോറം പീപ്പിൾസ് മൂവ്മെന്റ് രണ്ട് വനിതകളെ മത്സരിപ്പിക്കുന്നുണ്ട്. 

കോൺഗ്രസും പ്രാദേശിക പാർട്ടികളും സ്ത്രീകളെ തഴയുന്നുവെന്നാരോപിച്ചാണ് ബിജെപിയുടെ കരുനീക്കം. പട്ടികയിലുള്ളത് ആറ് വനിതകൾ. കോൺഗ്രസ് ലിംഗവിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി വിട്ടെത്തിയ ജൂഡിയാണ് ബിജെപി പട്ടികയിലെ താരം. 
സ്ത്രീകൾക്ക് പൊതുവേ രാഷ്ട്രീയത്തോട് വിമുഖതയാണെന്നാണ് രാഷ്ട്രീയപാർട്ടികളുടെ വാദം. ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കപ്പെടുന്ന മിസോറാമിൽ സ്ത്രീകളുടെ പങ്കാളിത്തവും നിർണ്ണായകമാണ്. 
 

click me!