ബ്രാഹ്മണരല്ലാത്തവർ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കേണ്ടെന്ന് കോൺഗ്രസ് നേതാവ്; മാപ്പ് പറയണമെന്ന് രാഹുൽ ഗാന്ധി

By Web TeamFirst Published Nov 23, 2018, 12:13 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രമന്ത്രി ഉമാഭാരതിയുടെയും ജാതി പറഞ്ഞാണ് മുൻ കേന്ദ്രമന്ത്രി സി.പി.ജോഷി വിവാദപ്രസ്താവന നടത്തിയത്. ബ്രാഹ്മണരല്ലാത്ത മോദിയ്ക്കും ഉമാഭാരതിയ്ക്കും ഹിന്ദു മതത്തെക്കുറിച്ച് സംസാരിക്കാനവകാശമില്ലെന്നായിരുന്നു ജോഷിയുടെ പ്രസ്താവന. വിവാദമായതോടെ ഉടൻ മാപ്പ് പറഞ്ഞ് പ്രസ്താവന പിൻവലിക്കാൻ രാഹുൽഗാന്ധി നിർദേശിച്ചു.

ജയ്‍പൂർ: രാജസ്ഥാൻ നിയമസഭാതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിയ്ക്കേ കോൺഗ്രസ് നേതാവും നാഥ്ദ്വാരാ മണ്ഡലത്തിലെ സ്ഥാനാർഥിയുമായ സി.പി.ജോഷിയുടെ പ്രസ്താവനയിൽ വെട്ടിലായി കോൺഗ്രസ്. ബ്രാഹ്മണരല്ലാത്ത നരേന്ദ്രമോദിയ്ക്കും ഉമാഭാരതിയ്ക്കും ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കാനാകില്ലെന്നായിരുന്നു ജോഷിയുടെ പ്രസ്താവന. ഇരുവരുടെയും ജാതി എടുത്തു പറഞ്ഞുള്ള സി.പി.ജോഷിയുടെ പ്രസംഗം തെര‍ഞ്ഞെടുപ്പ് ഗോദയിൽ കോൺഗ്രസിന് തലവേദനയാകുമെന്നുറപ്പായി. ഇതോടെ ഉടൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സി.പി.ജോഷിയോട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. 

രാമക്ഷേത്ര വിഷയം സംഘ പരിവാര്‍ ഉയര്‍ത്തുമ്പോൾ ബാബ്‍റി മസ്ജിദ് തുറന്നു കൊടുത്തത് മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയാണെന്നും ജോഷി പറയുന്നു. രാമക്ഷേത്രം അയോധ്യയിൽ നിർമിക്കണമെങ്കിൽ രാജ്യത്ത് ഒരു കോൺഗ്രസ് പ്രധാനമന്ത്രി വരണം. ഇതിന് പിന്നാലെയാണ് മോദിയുടെയും ഉമാഭാരതിയുടെയും ജാതി പറഞ്ഞ് ഇരുവർക്കും ഹിന്ദു മതത്തെക്കുറിച്ച് പറയാൻ എന്ത് അവകാശമാണുള്ളതെന്ന് സി.പി.ജോഷി വോട്ടർമാരോട് ചോദിച്ചത്.

ജോഷിയുടെ പ്രസ്താവന പിന്നാക്കവിഭാഗങ്ങളെയും ദളിതരെയും ഒപ്പം ചേര്‍ക്കാനുള്ള ശ്രമത്തിൽ തിരിച്ചടിയാകുമെന്ന് മനസിലാക്കിയതോടെയാണ് കോണ്‍ഗ്രസ് അധ്യക്ഷൻ ഉടനടി ജോഷിയെ തള്ളിപ്പറഞ്ഞ് പ്രസ്താവനയിറക്കിയത്.ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ വികാരം മുറിപ്പെടുത്തുന്ന പ്രസ്താവന പാര്‍ട്ടി മൂല്യങ്ങള്‍ക്ക് വിരുദ്ധമെന്ന് രാഹുൽ ഗാന്ധി വിമര്‍ശിച്ചു. തെറ്റു മനസിലാക്കി ജോഷി മാപ്പു പറയണമെന്നും രാഹുൽ നിര്‍ദേശിച്ചു. 

രാഹുലിന്‍റെ കടുത്ത നിർദേശത്തിന് പിന്നാലെ ജോഷി മാപ്പു പറഞ്ഞു. തന്‍റെ പ്രസ്താവനയെ ബി.ജെ.പി ദുര്‍വ്യാഖാനം ചെയ്തെന്ന വാദത്തോടെയാണ് ഖേദപ്രകടനം. അതേസമയം, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ മോദിക്കെതിരെ രൂക്ഷവിമര്‍ശനം  നടത്തുകയാണ്. മോദിയുടെ പ്രിയപ്പെട്ട അമ്മയുടെ പ്രായത്തോളം രൂപയുടെ മൂല്യം  ഇടിഞ്ഞെന്നാണ് യു.പി കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ രാജ് ബബ്ബറിന്‍റെ പരിഹാസം.

click me!