നേമത്ത് താമര വിരിയിച്ചത് കോണ്‍ഗ്രസ്, ആ തെറ്റിന് കേരളത്തോട് മാപ്പ് പറയണം; പിണറായി വിജയന്‍

By Web TeamFirst Published Mar 16, 2021, 7:28 PM IST
Highlights

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമത്ത് തങ്ങളുടെ വോട്ട് കൊണ്ടാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചതെന്ന് കോൺഗ്രസിന് സമ്മതിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: നേമത്ത് ബിജെപിയെ വളര്‍ത്തിയത് കോണ്‍ഗ്രസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വര്‍ഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തി. എന്നാല്‍ കേരളത്തിൽ ആദ്യമായി ബിജെപിക്ക് സീറ്റുണ്ടാക്കിയത്, താമര വിരിയാൻ അവസരമൊരുക്കിയത് ആരാണ് ? സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്ത് കോൺഗ്രസാണ് അതിന് അവസരം ഒരുക്കിയതെന്ന് മുഖ്യമന്ത്രി ആരോപിച്ചു.

നേമത്ത് പുതിയ ശക്തനെ ഇറക്കിയത് തന്നെ യഥാർത്ഥ പോരാട്ടത്തിനല്ലെന്നും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോയെന്നും വരും ദിവസങ്ങളിലേ വ്യക്തമാകൂ. നേമത്തെ നേരത്തെയുള്ള അനുഭവം വിഷമകരമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേമത്ത് യുഡിഎഫിന് ലഭിച്ച വോട്ട് എത്രയാണെന്ന് ചിന്തിക്കണം. 2011 ൽ കിട്ടിയ വോട്ട് 2016 ൽ എന്തുകൊണ്ട് ലഭിച്ചില്ല? തങ്ങളുടെ വോട്ട് കൊണ്ടാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചതെന്ന് കോൺഗ്രസിന് സമ്മതിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 
  
മതനിരപേക്ഷ കേരളത്തിന്റെ പ്രതിച്ഛായ തകർക്കാനാണ് കോൺഗ്രസ് കൂട്ടുനിന്നത്. കോൺഗ്രസ് കേരളത്തോട് മാപ്പുപറയണമെന്ന് പിണറായി ആവശ്യപ്പെട്ടു. നേമത്ത് ആരാണ് മുന്നിലെന്നും ആരാണ് ശക്തനായ സ്ഥാനാർത്ഥിയെന്നും പ്രത്യേകം പറയണ്ട. കടുത്ത പോരാട്ടം എൽഡിഎഫ് തന്നെയാണ് കാഴ്ചവെക്കുന്നത്.  വർഗീയതയ്ക്ക് എതിരായ പോരാട്ടം തെരഞ്ഞെടുപ്പിലെ കൺകെട്ട് വിദ്യയല്ല. അങ്ങിനെ എൽഡിഎഫ് അതിനെ കാണുന്നില്ല. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിരന്തര പോരാട്ടത്തിന്റെ ഭാഗമാണ് ഇടതുപക്ഷം. മതനിരപേക്ഷ കേരളം അഭിമാനപൂർവം രാജ്യത്തിന് മുന്നിൽ സമർപ്പിക്കാനാവുന്ന ഒന്നാണ്. അതിനെ തകർക്കാൻ ആര് വന്നാലും സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

തിരുവനന്തപുരം കോർപറേഷനിലെ കോൺഗ്രസ് സീറ്റുകൾ എവിടെ? എന്താണ് സംഭവിക്കുന്നത്? തങ്ങളുടേതെല്ലാം ബിജെപിക്ക് സമ്മാനിച്ച് ബിജെപിയെ വളർത്തി എന്ന് കുറ്റസമ്മതം നടത്താൻ കോൺഗ്രസ് തയ്യാറാകുമോ? നേമത്ത് നെടുങ്കാട് ഡിവിഷനിൽ 1669 വോട്ട് കിട്ടിയ സ്ഥലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 74 വോട്ടാണ്. 

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും നേമത്ത് വർഗീയ ശക്തികൾക്കെതിരെ ഇടതുപക്ഷം വിട്ടുവീഴ്ചയില്ലാതെ പോരാടി. കഴിഞ്ഞ തവണ എൽഡിഎഫ് വോട്ട് വർധിച്ചു. അത് നിരന്തര പോരാട്ടത്തിന്റെ ഭാഗമായി സംഭവിച്ചതാണ്. കഴിഞ്ഞ തവണ നേമത്ത് യുഡിഎഫിന് കിട്ടിയത് 13860 വോട്ടാണ്. രണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് ചോർന്നത് 47260 വോട്ട്. ഇതൊക്കെ സംസാരിക്കുന്ന കണക്കുകളാണ്, ഇവയിൽ എല്ലാമുണ്ടെന്നും പിണറായി പറഞ്ഞു.

click me!