പ്രഗ്യാ സിങ് ഠാക്കൂറിന് സീറ്റ് നല്‍കിയതിന് കാരണമുണ്ടെന്ന് അമിത് ഷാ

By Web TeamFirst Published Apr 18, 2019, 9:16 AM IST
Highlights

രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഹിന്ദു ഭീകരത എന്നു പറഞ്ഞ് ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തുകയായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു

ഭുവനേശ്വര്‍: മാലേഗാവ് സ്ഫോടനക്കേസിലെ പ്രതി പ്രഗ്യാ സിങ് ഠാക്കൂറിനെ ബിജെപിയില്‍ എടുത്തതിന് വിശദീകരണവുമായി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മാലേഗാവ് സ്ഫോടനത്തെ ' കാവി ഭീകരത' എന്ന് വിശേഷിപ്പിച്ചതിന് കോണ്‍ഗ്രസിനെ ശിക്ഷിക്കാനാണ് പ്രഗ്യ സിങ്ങിന് പാര്‍ട്ടി അംഗത്വവും സ്ഥാനാര്‍ഥിത്വവും നല്‍കിയതെന്ന് അമിത് ഷാ ഭുവനേശ്വറില്‍ പറഞ്ഞു. 

കാവി ഭീകരത എന്ന് വിശേഷിപ്പിച്ച് ലോകത്താകമാനമുള്ള ഹിന്ദുക്കളെ അവഹേളിക്കാനുള്ള ഗൂഢാലോചന നടത്തിയ ബുദ്ധികേന്ദ്രത്തിന് എതിരായാണ് പ്രഗ്യയെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ഥിയാക്കുന്നത്. തീവ്രവാദത്തെ ചെറുക്കാന്‍ ശേഷിയില്ലാത്ത കോണ്‍ഗ്രസ് ഹിന്ദു സമൂഹത്തെ അവഹേളിക്കുകയായിരുന്നു. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഹിന്ദു ഭീകരത എന്നു പറഞ്ഞ് ലോകത്തിന് മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയെന്നും അമിത് ഷാ പറഞ്ഞു. 

ഭോപ്പാല്‍ ലോക്സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിങ്ങാണ് ജനവിധി തേടുന്നത്. മാലേഗാവ് സ്ഫോടനത്തെ കാവി ഭീകരത എന്നു വിശേഷിപ്പിച്ചതിന് പിന്നില്‍ ദ്വിഗ് വിജയ്  സിങ് ആണെന്നായിരുന്നു ബിജെപിയുടെ ആരോപണം. നിലവില്‍ ബിജെപി കൈവശം വെക്കുന്ന മണ്ഡലത്തില്‍ പ്രഗ്യ സിങ് സ്ഥാനാര്‍ഥിയായി എത്തിയതോടെ മത്സരം കനക്കുമെന്നാണ് റിപ്പോര്‍ട്ട്. 

click me!