നാട്ടുകാരെ വോട്ട് ചെയ്യിക്കാന്‍ 'കേരള പൊലീസിന്‍റെ' തന്ത്രമെടുത്ത് രാജസ്ഥാന്‍ പൊലീസ്

By Web TeamFirst Published Dec 2, 2018, 9:09 PM IST
Highlights

സാമൂഹ്യ മാധ്യമങ്ങള്‍ വഴി വന്‍ ഹിറ്റായ ഹിന്ദിസിനിമയിലെ ഡയലോഗുകള്‍ വോട്ടു ചെയ്യാനുള്ള സന്ദേശമാക്കിക്കൊണ്ടു വേറിട്ട പരീക്ഷണമാണ് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ പോലീസ് നടത്തിയിരിക്കുന്നത്

ജയ്പൂര്‍ : രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ എത്തിക്കാന്‍ കേരള പോലീസിന്‍റെ തന്ത്രം പ്രയോഗിച്ച് രാജസ്ഥാന്‍ പൊലീസ്. ട്രോള്‍ മീമുകള്‍ ഉപയോഗിച്ചാണ് രാജസ്ഥാന്‍ പൊലീസിന്‍റെ ബോധവത്കരണം. ഇതില്‍ പലതും വലിയ തോതില്‍ വൈറലായി മാറിക്കഴിഞ്ഞെന്നാണ് പ്രദേശീക മാധ്യമങ്ങള്‍ പറയുന്നത്. ഇന്ത്യയില്‍ തന്നെ ട്രോളുകള്‍ ഉപയോഗിച്ച് മികച്ച രീതിയില്‍ ജനങ്ങളുമായി കമ്യൂണിക്കേറ്റ് ചെയ്യുന്ന കേരള പോലീസിന് എഫ്ബി പേജ് പോലെയാകുവാനുള്ള ശ്രമത്തിലാണ് രാജസ്ഥാന്‍ പൊലീസും എന്ന് പറയാം.

''എന്റെ കരണ്‍ അര്‍ജുന്‍ ഉറപ്പായിട്ടും വരും, വോട്ടു ചെയ്യാന്‍ ഉറപ്പായും വരും.'' സൂപ്പര്‍താരം ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും കാജലും മമതാ കുല്‍ക്കര്‍ണ്ണിയും പ്രധാനവേഷത്തില്‍ എത്തി ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായി മാറിയ കരണ്‍ അര്‍ജുനിലെ സംഭാഷണം നാട്ടുകാരെ കൊണ്ട് വോട്ടു ചെയ്യിക്കാന്‍ ശ്രമിക്കുന്ന ട്രോളാണ് ഏറ്റവും വലിയ ഹിറ്റ്. 

സാമൂഹ്യ മാധ്യമങ്ങള്‍ വഴി വന്‍ ഹിറ്റായ ഹിന്ദിസിനിമയിലെ ഡയലോഗുകള്‍ വോട്ടു ചെയ്യാനുള്ള സന്ദേശമാക്കിക്കൊണ്ടു വേറിട്ട പരീക്ഷണമാണ് ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ പോലീസ് നടത്തിയിരിക്കുന്നത്.  ദംഗലില്‍ അമീര്‍ഖാന്‍ ഉപയോഗിച്ച സംഭാഷണവും ട്രോള്‍ആക്കിയിട്ടുണ്ട്. 'വോട്ട് ടൂ വോട്ട് ഹോയേ ഹൈ, ചോരാദേവാ യാ ചോരി' എന്നാണ് ഡൂ വോട്ടില്‍ നില്‍ക്കിയിട്ടുള്ളത്. 'സിംഹം' സിനിമയിലെ നായകന്‍ ബാജിറാവോ സിംഹത്തിന്റെ സംഭാഷണവും പോലീസിന്‍റെ ട്വിറ്റര്‍ പേജില്‍ വോട്ടുമായി ബന്ധപ്പെടുത്തി നല്‍കിയിട്ടുണ്ട്. 'ആനന്ദ്', 'ദീവാര്‍', 'മുന്നാ ഭായി എംബിബിഎസ്' എന്നിങ്ങനെയുള്ള സിനിമകളിലെ ഡയലോഗും നല്‍കിയിട്ടുണ്ട്. 

ഏറ്റവും രസകരം ദേവദാസിലെ ഡയലോഗ് ആണ്. ഐശ്വര്യ റായിയുടെ പടത്തിനൊപ്പം വോട്ട് രേഖപ്പെടുത്തിയ വിരലിന്‍റെയും ചിത്രം നല്‍കി ' ഏക് ചുട്കി സിന്ദൂര്‍ ഓര്‍ വോട്ട് കി കീമത്ത് ജാന്‍ത്തേ ഹൈ ഹം' എന്നാണ് ഡയലോഗ്. സംഭവം എന്തായാലും വന്‍ ഹിറ്റായിട്ടുണ്ട്. ആള്‍ക്കാരിലേക്ക് എളുപ്പം എത്തപ്പെടുന്ന മാധ്യമം എന്ന നിലയില്‍ സിനിമാ ഡയലോഗ് പോലെ നല്ല മാര്‍ഗം വേറെയില്ലെന്നാണ് പൊലീസിന്‍റെ ഭാക്ഷ്യം. 

നേരത്തേ ഐപിസിയെക്കുറിച്ചും അതിലെ വിവിധ വകുപ്പുകളെക്കുറിച്ചും ചോദിച്ചു കൊണ്ട് ആള്‍ക്കാരില്‍ നടത്തിയ കെബിസി ക്വിസ് വന്‍ വിജയമായതോടെയാണ് അതുപോലെ മറ്റൊരു മാര്‍ഗ്ഗം അവലംബിക്കാന്‍ തീരുമാനിച്ചതെന്ന് നോഡല്‍ ഓഫീസര്‍ പറഞ്ഞു.  രാജസ്ഥാന്‍ പോലീസിന് ട്വിറ്ററില്‍ 18,500 ഫോളോവേഴ്‌സ് ഉണ്ട്.

click me!