പാർട്ടിയിൽ ശുദ്ധികലശം വേണം, രണ്ടാം നിര നേതൃത്വമേറ്റെടുക്കണം: ഷാനിമോൾ ഉസ്മാൻ

By Web TeamFirst Published May 3, 2021, 8:20 PM IST
Highlights

ഭരണമാറ്റത്തിനായിറങ്ങി ചരിത്രതോൽവി ഏറ്റുവാങ്ങിയശേഷം കോൺഗ്രസ്സിൽ ഉയരുന്നത് മാറ്റത്തിനായുള്ള മുറവിളിയാണ്. പാർലമെൻററി-പാർട്ടി നേതൃങ്ങൾ മാറി പുതുനിര വരട്ടെയെന്ന ആവശ്യം ശക്തമായി ഉയരുന്നു.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺ​ഗ്രസിൽ പോര് മുറുകുന്നു. പാർട്ടിയിൽ ശുദ്ധികലശം ആവശ്യമെന്നും രണ്ടാം നിര നേതൃത്വം ഏറ്റെടുക്കണമെന്നും ഷാനിമോൾ ഉസ്മാൻ ആവശ്യപ്പെട്ടു.  അതിനിടെ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു രാജിവെച്ചു.

രമേശ് ചെന്നിത്തലക്ക് പാർട്ടിയിൽ നിന്നും ആവശ്യത്തിന് പിന്തുണ ലഭിച്ചില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്നും പാ‍ർട്ടി പാഠം പഠിച്ചില്ലെന്നും ഷാനി മോൾ ഉസ്മാൻ തുറന്നടിച്ചു. നേതൃത്വത്തിന് വീഴ്ച സംഭവിച്ചു എന്ന കാര്യത്തിൽ സംശയമില്ല. പരാജയത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നേതൃത്വം തയ്യാറാവണം. രണ്ടാം നിര നേതാക്കളെ പാ‍ർട്ടി തലപ്പത്തേക്ക് കൊണ്ടു വരണമെന്നും ഷാനിമോൾ പറഞ്ഞു. 

ഭരണമാറ്റത്തിനായിറങ്ങി ചരിത്രതോൽവി ഏറ്റുവാങ്ങിയശേഷം കോൺഗ്രസ്സിൽ ഉയരുന്നത് മാറ്റത്തിനായുള്ള മുറവിളിയാണ്. പാർലമെൻററി-പാർട്ടി നേതൃങ്ങൾ മാറി പുതുനിര വരട്ടെയെന്ന ആവശ്യം ശക്തമായി ഉയരുന്നു. പടനയാകൻ രമേശ് ചെന്നിത്തല സ്വയം മാറി നിൽക്കുമെന്ന സൂചന നേതാക്കൾക്ക് നൽകി കഴിഞ്ഞു. 2016ലെ തോൽവിയിൽ പ്രതിപക്ഷസ്ഥാനം ഏറ്റെടുക്കാതിരുന്ന ഉമ്മൻചാണ്ടിയുടെ വഴിയെയാണ് ചെന്നിത്തലയുടെ ചിന്ത. മാറ്റം അടിയന്തിരമായി വേണ്ടത് പാർട്ടി നേതൃത്വത്തിലാണെന്ന് തുറന്ന് പറ‌ഞ്ഞു പല നേതാക്കളും മുല്ലപ്പള്ളിയെ ലക്ഷ്യമിട്ടുതുടങ്ങി.

നേതൃത്വത്തിനെതിരെ ആഞ്ഞടിക്കാറുള്ള കെ.സുധാകരനും കെ.മുരളീധരനും പക്ഷെ കൂടുതൽ മുറിവേല്പിക്കാതെ മൗനത്തിലാണ്. പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷൾ പങ്കിട്ട ഫേസ് ബുക്ക് പോസ്റ്റിട്ട സുധാകരൻ കാത്തിരിക്കുന്നത് കൂടുതൽ കരുത്തുറ്റ പദവി. രമേശ് മാറിയാൽ വിഡി സതീശനോ തിരുവഞ്ചൂർ രാധാകൃഷണനോ പ്രതിപക്ഷനേതാവാകാനാണ് സാധ്യത. അവസാന നിമിഷം നായകനായെത്തിയിട്ടും പാർട്ടിയെ ജയത്തിലേക്കെത്തിക്കാനാകാാതിരന്ന ഉമ്മൻചാണ്ടി എന്തായാലും പ്രതിപക്ഷനേതാവാകില്ല. തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള ജില്ലാ അധ്യക്ഷന്മാരുടെ രാജിനീക്കം സംസ്ഥാന നേതൃത്വത്തിന് മേൽ സമ്മർദ്ദമേറ്റുന്നുണ്ട്. ലിജു ഒഴിഞ്ഞപ്പോൾ കണ്ണൂർ-ഇടുക്കി ഡിസിസി അധ്യക്ഷന്മാരും പടിയിറങ്ങാൻ സന്നദ്ധത അറിയിച്ചു.

click me!