ഒരു രാഷ്‍ട്രീയ പാര്‍ട്ടിക്കും വേണ്ടാതെ ഭോപ്പാല്‍ ദുരന്ത ഇരകള്‍

By Web TeamFirst Published Nov 26, 2018, 12:15 AM IST
Highlights

തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കിടയിൽ മധ്യപ്രദേശിൽ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒരുപോലെ മറന്ന ഒരു സമൂഹമുണ്ട്. ഭോപ്പാൽ വിഷവാതക ദുരന്തം ബാക്കിവെച്ച ഇരകൾ. 

ഭോപ്പാൽ: തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കിടയിൽ മധ്യപ്രദേശിൽ എല്ലാ രാഷ്ട്രീയ പാര്‍ടികളും ഒരുപോലെ മറന്ന ഒരു സമൂഹമുണ്ട്. ഭോപ്പാൽ വിഷവാതക ദുരന്തം ബാക്കിവെച്ച ഇരകൾ. ദുരന്തബാധിതര്‍ക്കുള്ള പെൻഷനോ, ആനുകൂല്യങ്ങളോ ഇല്ലാതെ കുട്ടികളും സ്ത്രീകളുമടക്കം പതിനായിരങ്ങളാണ് ഇവിടെ നരകജീവിതം നയിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വ്യവസായിക ദുരന്തങ്ങളിലൊന്നായി വിശേഷിപ്പിക്കപ്പെട്ട ഭോപ്പാൽ വിഷവാതക ദുരന്തത്തിന്‍റെ ഇരകളാണ് ഇവരൊക്കെ. ഭോപ്പാൽ നഗരത്തിലെ ഈ കോളനി ദുരന്തബാധിതരെ പുനഃരധിവസിപ്പിക്കാൻ സര്‍ക്കാര്‍ നിര്‍മ്മിച്ചുനൽകിയതാണ്. ജീവിതം എന്നത് മറ്റൊരു വലിയ ദുരന്തമാണ് ഇന്ന് ഇവിടെയുള്ള പലര്‍ക്കും.

കാൻസറും ശാരിരിക വൈകല്യങ്ങളുമായി ജീവിക്കുന്ന നൂറുകണക്കിന് ആളുകളുണ്ട് ഈ കോളനിയിൽ. ആദ്യകാലത്തൊക്കെ ഇവരെ സഹായിക്കാൻ സന്നദ്ധ സംഘടനകൾ രംഗത്തുണ്ടായിരുന്നു. ഇന്ന് സര്‍ക്കാരുമില്ല, സന്നദ്ധ സംഘടനകളുമില്ല. 300 രൂപ പെൻഷൻ മാത്രം നൽകി പഴയ വാഗ്ദാനം സര്‍ക്കാര്‍ പാലിക്കുന്നു. പെൻഷൻ തുക കൂട്ടുമെന്നും കുടുംബത്തിലെ ഒരാൾക്ക് സര്‍ക്കാര്‍ ജോലി നൽകുമെന്നൊക്കെ മുമ്പ് പല തെരഞ്ഞെടുപ്പുകളിലും രാഷ്ട്രീയ പാര്‍ടികൾ വാഗ്ദാന ചെയ്തിരുന്നു. പക്ഷെ, ഒന്നും സംഭവിച്ചില്ല.

1984 ഡിസംബറിൽ യൂണിയൻ കാര്‍ബൈഡ് എന്ന ഈ ഫാക്ടറിയിൽ നിന്ന് ചോര്‍ന്ന മീതേൽ ഐസോസൈനേറ്റ് എന്ന വാതകം ശ്വാസിച്ച് ഔദ്യോഗിക കണക്കനുസരിച്ച് 3787 പേരാണ് മരിച്ചത്. 6 ലക്ഷത്തോളം പേര്‍ക്ക് പരിക്കേറ്റു. ആയിരങ്ങൾക്ക് കാഴ്ച നഷ്ടപ്പെട്ടു. ആര്‍ക്കും നീതി കിട്ടിയില്ല. ആര്‍ക്കും നീതി കിട്ടിയില്ല. മധ്യപ്രദേശ് രാഷ്ട്രീയത്തെ എത്രയോ കാലം ഈ ദുരന്തം പിടിച്ചുകുലുക്കി. സര്‍ക്കാരുകൾ മാറിമറിഞ്ഞു. പക്ഷെ, ദുരന്ത ബാധിതര്‍ക്ക് ഒരു ഗുണവും ഉണ്ടായില്ല. ഇന്ന് ആ ദുരന്തത്തെ കുറിച്ചോ, അതിന്‍റെ ഇരകളെ കുറിച്ച് ആരും ചിന്തിക്കുന്നു പോലുമില്ല.

click me!