ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് ജമുരിയയിലെ സിപിഎം സ്ഥാനാർത്ഥി; പിന്തുണ നൽകി കർഷക സംഘടനകൾ

By Web TeamFirst Published Mar 12, 2021, 2:49 PM IST
Highlights

ജെ.എൻ.യു വിദ്യാർഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി. കർഷക സംഘടനകളുടെ പിന്തുണയോടെ ജമുരിയ മണ്ഡലത്തിൽനിന്നാകും ഐഷി മത്സരിക്കുന്നത്. 

ദില്ലി: ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്‍റും എസ്​.എഫ്​.ഐ നേതാവുമായ ഐഷി ഘോഷ്​ ബംഗാളിൽ തെരഞ്ഞെടുപ്പ്​ പോരാട്ടത്തിനൊരുങ്ങുന്നു. സി.പി.എം സ്​ഥാനാർഥിയായിട്ടാണ് ഐഷി ഘോഷ്​ ബം​ഗാൾ തെരഞ്ഞെടുപ്പിൽ മത്സരത്തിനിറങ്ങുന്നത്. ഇതോടെ ജെ.എൻ.യു വിദ്യാർഥി സംഘടന നേതാവായിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആദ്യ വ്യക്തിയാകും ഐഷി. കർഷക സംഘടനകളുടെ പിന്തുണയോടെ ജമുരിയ മണ്ഡലത്തിൽനിന്നാകും ഐഷി മത്സരിക്കുന്നത്. 

'ജമുരിയ നിയമസഭ മണ്ഡലത്തിൽനിന്ന്​ സി.പി.എം സ്​ഥാനാർഥിയായി മത്സരിക്കും. സംയുക്ത കിസാൻ മോർച്ച പിന്തുണ നൽകും. എല്ലാവരുടെയും പിന്തുണ അഭ്യർഥിക്കുന്നു' -ഐഷി ഘോഷ്​ ട്വീറ്റിൽ കുറിച്ചു​ ചെയ്​തു. ഇടതുപക്ഷവും കോൺഗ്രസും സംയുക്തമായാണ്​ ബംഗാളിൽ മത്സരത്തിനിറങ്ങുക. ഇന്ത്യൻ സെക്യുലർ ഫ്രണ്ടും സഖ്യത്തിനൊപ്പമുണ്ട്​. മാർച്ച്​ അഞ്ചിന്​ ഇടതുമുന്നണി ആദ്യ രണ്ടുഘട്ടത്തിലെ സ്​ഥാനാർഥികളെ  പ്രഖ്യാപിച്ചിരുന്നു. ബാക്കി ആറുഘട്ടങ്ങളിലെ സ്​ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിച്ചു. 

2020 ജനുവരിയിൽ ​​ജെ.എൻ.യുവിൽ നടന്ന ആക്രമണത്തിൽ ഐഷി ഘോഷിന്​ മാരകമായി പരിക്കേറ്റിരുന്നു. സംഭവത്തെ തുടർന്ന് രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. 2019ലെ ലോക്​സഭ തെ​രഞ്ഞെടുപ്പിൽ മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ്​ കനയ്യ കുമാർ ബിഹാറിൽ നിന്ന് ഇടതുമുന്നണി സ്​ഥാനാർഥിയായി മത്സരിച്ചിരുന്നു. 

click me!