എ.വി.ഗോപിനാഥുമായി ഇന്ന് സുധാകരൻ ചര്‍ച്ച നടത്തും, തൃത്താലയിൽ വിമതനീക്കവുമായി സി.വി.ബാലചന്ദ്രൻ

By Web TeamFirst Published Mar 6, 2021, 8:08 AM IST
Highlights

തനിക്കൊപ്പം നിന്നതിന് നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണം, നേരത്തെ വാഗ്ദാനം ചെയ്ത ഡിസിസി പ്രസിഡണ്ട് സ്ഥാനം വഴിമാറി പോയ കാരണം വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഗോപിനാഥ് ഉന്നയിക്കുന്നത്.

പാലക്കാട്: നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥുമായി ആയി കെപിസിസി വർക്കിംഗ് പ്രസിഡണ്ട് കെ.സുധാകരൻ ഇന്ന് ചർച്ച നടത്തും. രാവിലെ പെരിങ്ങോട്ടുകുറിശ്ശിയിലെ വീട്ടിലെത്തിയാണ് സുധാകരൻ ഗോപിനാഥിനെ കാണുക. താൻ ഉന്നയിച്ച പ്രശ്നങ്ങൾക്ക് രണ്ട് ദിവസത്തിനകം പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കടുത്ത തീരുമാനത്തിലേക്ക് പോകേണ്ടി വരുമെന്ന് കെപിസിസിക്ക് ഗോപിനാഥ് അന്ത്യശാസനം നൽകിയിരുന്നു. 

തനിക്കൊപ്പം നിന്നതിന് നടപടിക്ക് വിധേയരായവരെ തിരിച്ചെടുക്കണം, നേരത്തെ വാഗ്ദാനം ചെയ്ത ഡിസിസി പ്രസിഡണ്ട് സ്ഥാനം വഴിമാറി പോയ കാരണം വ്യക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഗോപിനാഥ് ഉന്നയിക്കുന്നത്. ഗോപിനാഥ് പാർട്ടി വിട്ടാൽ രാജിവെക്കുമെന്ന് ഇന്ന് പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്ത് ഭരണസമിതി നേരത്തെ നിലപാടെടുത്തിരുന്നു. 

അതേസമയം എ.വി. ഗോപിനാഥിന് പിന്നാലെ പാലക്കാട്ടെ മറ്റൊരു മുൻ ഡി.സി.സി അധ്യക്ഷൻ കൂടി വിമത നീക്കവുമായി രംഗത്ത് വന്നിട്ടുണ്ട്. തൃത്താലയിൽ വി ടി ബൽറാമിനെതിരെയാണ് മുൻ ഡിസിസി പ്രസിഡന്റ് സി.വി.ബാലചന്ദ്രന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ്‌ നേതാക്കൾ യോഗം ചേർന്നത്. സി.വി.ബാലചന്ദ്രനെ തൃത്താലയിൽ സ്ഥാനാർഥിയാക്കണമെന്നാണ് ആവശ്യം. സി.വി.ബാലചന്ദ്രൻ്റെ പേര് പരിഗണിക്കണമെന്ന് കെപിസിസിയോട് നേതാക്കൾ ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളിൽ അതൃപ്തി കൂടുതൽ ശക്തിപ്പെട്ടാൽ കോണ്‍ഗ്രസിൻ്റെ വിജയസാധ്യതയെ തന്നെയും അതു ബാധിച്ചേക്കും. 
 

click me!