മമതാ ബാനര്‍ജി എല്ലാ അതിര്‍ത്തികളും ലംഘിക്കുന്നു: സുഷമ സ്വരാജ്

By Web TeamFirst Published May 8, 2019, 10:00 AM IST
Highlights

ഉറുദു കവി ബഷീര്‍ ബാദറിന്‍റെ വരികള്‍ ഉദ്ധരിച്ചായിരുന്നു സുഷമയുടെ വിമര്‍ശനം.  

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിക്കുന്ന മമതാ ബാനര്‍ജി എല്ലാ പരിധികളും ലംഘിക്കുകയാണെന്ന് വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ സ്വരാജ്. തെര‍ഞ്ഞെടുപ്പ് റാലിയില്‍ ജനാധിപത്യം മോദിയുടെ കരണത്തടിയ്ക്കുമെന്ന് മമതാ ബാനര്‍ജിയുടെ പരാമര്‍ശമാണ് സുഷമയെ ചൊടിപ്പിച്ചത്. ഇത്തരം പ്രയോഗങ്ങള്‍ ഭാവിയില്‍ ഭരണതലത്തിലുള്ള സഹകരണത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു സുഷമയുടെ പ്രതികരണം. മമതാ ബാനര്‍ജി ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. നരേന്ദ്ര മോദി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയും. ഭരണ സംബന്ധമായ കാര്യങ്ങളില്‍ രണ്ട് പേര്‍ക്കും ഇനിയും പരസ്പരം കാണേണ്ടി വരുമെന്നും സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചു. ഉറുദു കവി ബഷീര്‍ ബാദറിന്‍റെ വരികള്‍ ഉദ്ധരിച്ചായിരുന്നു സുഷമയുടെ വിമര്‍ശനം.  

തെരഞ്ഞെടുപ്പ് റാലികളില്‍ മോദി-മമത വാക് പോര് മുറുകുന്നതിനിടെയാണ് സുഷമയുടെ പ്രതികരണം. ഫോനി ചുഴലിക്കാറ്റില്‍ തന്‍റെ ഫോണ്‍ കാള്‍ എടുക്കാന്‍ പോലും മമതാ ബാനര്‍ജി കൂട്ടാക്കിയില്ലെന്ന് മോദി കുറ്റപ്പെടുത്തിയിരുന്നു. എക്പയറി പിഎം എന്നായിരുന്നു മമതയുടെ മറുപടി. തുടര്‍ന്ന് മൂന്ന് 'ടി'കളാണ് ബംഗാളില്‍ ആധിപത്യമെന്നായിരുന്നു മോദിയുടെ പ്രസ്താവന. ഇതിനെ തുടര്‍ന്നാണ് ജനാധിപത്യം മോദിയുടെ കരണത്തടിയ്ക്കുമെന്ന് മമതാ ബാനര്‍ജി പ്രസംഗിച്ചത്. 

click me!