യുഡിഎഫിലെ സീറ്റ് വിഭജനം; ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കം

By Web TeamFirst Published Feb 9, 2019, 5:57 AM IST
Highlights

നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്ന് ലീഗിന്‍റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. പി ജെ ജോസഫാണ് കടുംപിടുത്തത്തില്‍ തുടരുന്നത്. 

തിരുവനന്തപുരം:  യുഡിഎഫിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനം അത്ര പെട്ടെന്ന് നടപ്പാകില്ലെന്നുറപ്പായി. മൂന്നാമത്തെ സീറ്റിനായി നിലയുറപ്പിച്ച് മുസ്ലിംലീഗ്. രണ്ടാമതൊരു സീറ്റിനായി കേരള കോണ്‍ഗ്രസ് എം. 

ഈ ഘട്ടത്തിലാണ് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കുന്നത്. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്ന് ലീഗിന്‍റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. പി ജെ ജോസഫാണ് കടുംപിടുത്തത്തില്‍ തുടരുന്നത്. 

എന്നാല്‍ കേരളാ കോൺഗ്രസ് എം, യു ഡി എഫിലേക്ക് മടങ്ങി വന്നപ്പോൾ സീറ്റുകൾ സംബന്ധിച്ച് ഒരു ഉപാധിയും വച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഉപാധികൾ വച്ചല്ല കീഴ് വഴക്കങ്ങൾ അനുസരിച്ചാകും സീറ്റ് വിഭജനമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങാനിടയില്ല. 

ഇതിനിടെ കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനും ഉടൻ തുടക്കമാകും. മുല്ലപ്പളളി രാമചന്ദ്രനൊഴികെയുള്ള സിറ്റിങ് എംപിമാ‍ർ മത്സരരംഗത്തുണ്ടാകും. എന്നാല്‍ സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍റാകും അന്തിമ തീരുമാനമെടുക്കുക. 21 പേരടങ്ങുന്ന ഇലക്ഷൻ കമ്മറ്റിക്ക് ഹൈക്കമാന്‍റ് അനുമതി നല്‍കുന്നതോടെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കും. 

25 ന് മുമ്പ്  പട്ടിക നല്കാകനാണ് നീക്കം. യുവ പ്രാതിനിധ്യം ഉറപ്പാക്കാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡിന്‍ കുര്യാക്കോസിനാണ് മുന്‍തൂക്കം. യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ സെക്രട്ടറി മാത്യു കുഴല്‍നാടൻ സംസ്ഥാന ഭാരവാഹികളായ ആദം മുൽസി, സുനില്‍ ലാലൂര്‍, കെ എസ് യു സംസ്ഥാന പ്രസിഡൻറ് കെ എം അഭിജിത് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഷാനിമോള്‍ ഉസ്മാനാകും സ്ഥാനാര്‍ഥിയായെത്തുക. ഒരാളുടെ പേര് മാത്രം നിര്‍ദ്ദേശിക്കാനായില്ലെങ്കില്‍ പാനൽ തയാറാക്കി ഹൈക്കമാന്‍റിന്‍റെ തീരുമാനത്തിനുവിടും. 

click me!