ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തൂ; കൊവിഡ് കാലത്ത് വോട്ടെടുപ്പിന് പോകുമ്പോൾ അറിയേണ്ടത്...

By Web TeamFirst Published Apr 5, 2021, 9:05 PM IST
Highlights

കൊവിഡ് രോഗം ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. എന്നാല്‍ മറ്റ് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തി പോയതിന് ശേഷം മാത്രമേ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് വ്യക്തമായി അറിയാത്ത ധാരാളം വോട്ടര്‍മാരുണ്ടാകും. അവര്‍ക്കായി പോളിംഗ് ദിനത്തിലെ കൊവിഡ് തയ്യാറെടുപ്പുകളെ കുറിച്ച് ചില കാര്യങ്ങള്‍ വിശദമാക്കാം
 

കൊവിഡ് കാലത്തെ രണ്ടാമത് തെരഞ്ഞെടുപ്പിലേക്കാണ് കേരളം കടക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് നാളെ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് നടക്കുക. നക്‌സല്‍ ബാധിത പ്രദേശങ്ങളാണെങ്കില്‍ വൈകീട്ട് ആറോടെ തന്നെ വോട്ടെടുപ്പ് അവസാനിക്കും. 

കൊവിഡ് കാലമായതിനാല്‍തന്നെ സാധാരണഗതിയില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേകമായ നിബന്ധനകളോടെയായിരിക്കും ഓരോ പോളിംഗ് ബൂത്തിലും വോട്ടെടുപ്പ് നടക്കുക. വോട്ടെടുപ്പിന്റെ സമയം ദീര്‍ഘിപ്പിച്ചത് തന്നെ ഇക്കാരണത്താലാണ്. 

ബൂത്തുകളില്‍ ഒരേസമയമുണ്ടാകാന്‍ സാധ്യതയുള്ള തിരക്ക് കുറയ്ക്കുന്നതിനായാണ് സമയം നീട്ടിയിരിക്കുന്നത്. കൊവിഡ് രോഗം ബാധിച്ചവര്‍ക്കും നിരീക്ഷണത്തിലിരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും. എന്നാല്‍ മറ്റ് വോട്ടര്‍മാര്‍ എത്തി വോട്ട് രേഖപ്പെടുത്തി പോയതിന് ശേഷം മാത്രമേ ഇവര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഇത്തരത്തിലുള്ള മുന്നൊരുക്കങ്ങളെ കുറിച്ച് വ്യക്തമായി അറിയാത്ത ധാരാളം വോട്ടര്‍മാരുണ്ടാകും. അവര്‍ക്കായി പോളിംഗ് ദിനത്തിലെ കൊവിഡ് തയ്യാറെടുപ്പുകളെ കുറിച്ച് ചില കാര്യങ്ങള്‍ വിശദമാക്കാം. 

കൊവിഡ് ബാധിക്കപ്പെട്ടവര്‍ക്കും വോട്ടുണ്ട്...

കൊവിഡ് രോഗികള്‍, അതുപോലെ രോഗം സംശയിക്കപ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ എന്നിവര്‍ക്ക് പോളിംഗ് ബൂത്തിലെത്തി തന്നെ വോട്ട് രേഖപ്പെടുത്താം. പിപിഇ കിറ്റ്, കയ്യുറ, എന്‍- 95 മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിച്ച ശേഷം മാത്രമേ ഈ വിഭാഗത്തില്‍ പെടുന്നവര്‍ വോട്ടിംഗിനെത്താവൂ. മാനദണ്ഡങ്ങള്‍ പാലിക്കാതെ എത്തിയാല്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നഷ്ടമാകുമെന്ന് മനസിലാക്കുക. 

അതുപോലെ മറ്റുള്ളവര്‍ വോട്ട് രേഖപ്പെടുത്തി പോയ ശേഷം മാത്രമേ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടിംഗ് ചെയ്യാനാകൂ എന്നും മനസിലാക്കുക. ഇക്കാര്യങ്ങള്‍ പ്രാദേശികമായി പോളിംഗ് ചുമതല ഏറ്റെടുത്തിരിക്കുന്ന വ്യക്തികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തമാക്കാവുന്നതാണ്. 

വോട്ടെടുപ്പിനെത്തുമ്പോള്‍ ഏവരും ശ്രദ്ധിക്കേണ്ടത്...

ഇക്കുറി പോളിംഗ് ബൂത്തുകളില്‍ അധികമായി ഒരാള്‍ കൂടി ഡ്യൂട്ടിയിലുണ്ടായിരിക്കും. 'ഫെസിലിറ്റേറ്റര്‍' എന്ന പദവിയിലുള്ള ഈ ഉദ്യോഗസ്ഥന്‍/ഉദ്യോഗസ്ഥ ആയിരിക്കും വോട്ടെടുപ്പിനെത്തുന്നവരുടെ ശരീരോഷ്മാവ് പിരശോധിക്കുകയും സാനിറ്റൈസര്‍ നല്‍കുകയും ചെയ്യുക. ഇവര്‍ ബൂത്തിന് മുമ്പിലായി ഉണ്ടായിരിക്കും. ബൂത്തിന് പുറത്തായി വോട്ടര്‍മാര്‍ക്ക് കൈകള്‍ ശുചീകരിക്കുന്നതിനായി സോപ്പും വെള്ളവും ക്രമീകരിച്ചിട്ടുണ്ടായിരിക്കും.

തെര്‍മല്‍ സ്‌കാനറില്‍ ഉയര്‍ന്ന ശരീരോഷ്മാവ് രോഖപ്പെടുത്തിയാല്‍ ഇവരുടെ ശരീരതാപനില വീണ്ടും പരിശോധിക്കും. അപ്പോഴും താപനില ഉയര്‍ന്നുതന്നെ കണ്ടാല്‍ കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വേണ്ടി മാറ്റിവച്ചിരിക്കുന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ ഇവര്‍ക്ക് വോട്ട് രേഖപ്പെടുത്താം.

വോട്ടര്‍മാര്‍ തമ്മില്‍ കര്‍ശനമായും രണ്ട് മീറ്റര്‍ സാമൂഹികാകലം പാലിച്ചേ പറ്റൂ. ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥന്‍/ ഉദ്യോഗസ്ഥ സ്ഥലത്തുണ്ടായിരിക്കും. 15 മുതല്‍ 20 വോട്ടര്‍മാര്‍ക്ക് വരെ ഒരേസമയം ബൂത്തില്‍ നില്‍ക്കാം. ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന് പൗരന്മാര്‍ക്കും പ്രത്യേകം വരികളുണ്ടായിരിക്കുന്നതാണ്. 

ഇരുപതിലധികം പേര്‍ ബൂത്തിലെത്തിയാല്‍ അവര്‍ക്ക് കാത്തിരിക്കുന്നതിനായി ബൂത്തിന് പുറത്ത് പ്രത്യേക കാത്തിരിപ്പുകേന്ദ്രങ്ങളും സജ്ജീകരിക്കുന്നുണ്ട്. വോട്ടര്‍മാര്‍ നിര്‍ബന്ധമായും വായും മൂക്കൂം മൂടും വിധത്തില്‍ മാസ്‌ക് ധരിച്ചിരിക്കണം. സാമൂഹികാകലം നിര്‍ബന്ധമായും പാലിക്കുക. ഒരു കാരണവശാലും വോട്ടെടുപ്പിനെത്തിയവര്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടുള്ളതല്ല. 

പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കുക. വീട്ടില്‍ നിന്ന് പുറപ്പെടുമ്പോള്‍ കുട്ടികളെ കൂടെ കൊണ്ടുപോകാതിരിക്കുക. ബൂത്തിലെ രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കൈവശം നേരത്തേ കരുതുക. വോട്ടെടുപ്പിനെത്തിയാല്‍ മറ്റുള്ളവര്‍ക്ക് ഷേക്ക്ഹാന്‍ഡ് നല്‍കുക, ദേഹത്ത് സ്പര്‍ശിക്കുക എന്നിവ പാടില്ല. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ ഉടനെ തന്നെ വീട്ടിലേക്ക് മടങ്ങേണ്ടതുമാണ്. 

കൊവിഡ് ഒഴികെയുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ എത്താം. ഇവര്‍ ബൂത്തില്‍ തിരക്ക് കുറഞ്ഞ സമയം തെരഞ്ഞെടുത്ത് വേണം സമ്മിദാനവകാശം രേഖപ്പെടുത്തേണ്ടത്. ജാഗ്രതയോടെ വോട്ടെടുപ്പ് ദിനത്തില്‍ പൗരാവകാശം വിനിയോഗിക്കുക. ആരോഗ്യകരമായി ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കാളികളാവുക. 

Also Read:- വിധിയെഴുതാന്‍ ഒരുങ്ങി ജനം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്...

click me!