"എല്ലാം അദ്ദേഹം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്.." അരുണ്‍ കുമാര്‍ പറയുന്നു

By Web TeamFirst Published Mar 21, 2021, 3:09 PM IST
Highlights

പതിറ്റാണ്ടുകളോളം പാർട്ടിയെ നയിച്ച നേതാവ് ഈ തെരഞ്ഞെടുപ്പ് കാലത്തെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകുമോ? ആ ചോദ്യത്തിന് ഉത്തരവും തേടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ സോളോ സ്റ്റോറീസ് വി എസ് അച്യുതാനന്ദന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തിയപ്പോള്‍

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് വി എസ് അച്യുതാനന്ദന്‍ ആയിരുന്നു താരം. അഞ്ചാണ്ടുകൾക്ക് ഇപ്പുറം വീണ്ടുമൊരു നിയമസഭാ തെരഞ്ഞെടുപ്പിന് അരങ്ങുണരുമ്പോള്‍ പൊതുവേദികളിലോ ചർച്ചകളിലോ ഒന്നും വി എസ് ഇല്ല. ഭരണപരിഷ്‍കാര കമ്മീഷന്‍ അധ്യക്ഷ സ്ഥാനവും അദ്ദേഹം  ഒഴിഞ്ഞിരിക്കുന്നു. തിരുവനന്തപുരത്തെ 'വേലിക്കകത്ത്' എന്ന വീട്ടില്‍ വിശ്രമത്തിലാണ് ഇപ്പോള്‍ വി എസ് അച്യുതാനന്ദന്‍.

പതിറ്റാണ്ടുകളോളം പാർട്ടിയെ നയിച്ച നേതാവ് ഈ തെരഞ്ഞെടുപ്പ് കാലത്തെ നീക്കങ്ങൾ ശ്രദ്ധിക്കുന്നുണ്ടാകുമോ? ആ ചോദ്യത്തിന് ഉത്തരവും തേടി ഏഷ്യാനെറ്റ് ന്യൂസിന്‍റെ സോളോ സ്റ്റോറീസ് വി എസ് അച്യുതാനന്ദന്‍റെ തിരുവനന്തപുരത്തെ വീട്ടിലെത്തി. 

കൊവിഡ് കാലമായതിനാല്‍ വി എസ് സന്ദര്‍ശകരെ കാണാറില്ല. അതുകൊണ്ടു തന്നെ വേലിക്കകത്തു വീട്ടിൽ നിന്നും വി എസിന്‍റെ  മകൻ അരുണ്‍ കുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വിശേഷങ്ങള്‍ പങ്കുവച്ചു. തെരെഞ്ഞെടുപ്പു കാര്യങ്ങളില്‍ എല്ലാം വി എസ് അപ്‍ഡേറ്റഡാണെന്ന് അരുണ്‍ കുമാര്‍ പറയുന്നു. പത്രം വായന, ടിവി കാണല്‍ എന്നിവ കൃത്യമായി നടക്കുന്നുണ്ട്. എല്ലാവരും വിളിക്കാറുണ്ട്. അവര്‍ക്കൊക്കെ കാണണം എന്ന ആഗ്രഹം പറയാറുണ്ട്. 

അദ്ദേഹമൊരു ക്രൌഡ് പുള്ളറായിരുന്നു. ഒരുപാട് ഇലക്ഷനുകളില്‍ നയിച്ചുകൊണ്ടിരുന്ന ആളല്ലേ? അതുകൊണ്ട് ഇത്തവണ ഇറങ്ങാന്‍ പറ്റാത്തതിന്‍റെ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. എന്നാല്‍ അതിന്‍റെ വിഷമമൊന്നും ഇതുവരെ അദ്ദേഹം പുറത്തുപറഞ്ഞിട്ടില്ല. അങ്ങനെ പറയില്ലല്ലോ?! സ്വാതന്ത്ര്യസമര സേനാനിയല്ലേ? എന്തുമാത്രം ത്യാഗങ്ങളിലൂടെയൊക്കെ കടന്നുവന്നിട്ടുള്ള ജീവിതമല്ലേ? എല്ലാം അദ്ദേഹം കാണുന്നുണ്ട്, കേള്‍ക്കുന്നുണ്ട്. കാര്യങ്ങളൊക്കെ അറിയാം. നടക്കുന്ന കാര്യങ്ങളെപ്പറ്റി ബോധവാനാണ്. ടി വി വാര്‍ത്തകള്‍ കണ്ടും പത്രം വായിച്ചും കാര്യങ്ങളൊക്കെ മനസിലാക്കി എടുക്കുന്നുണ്ട്. 

സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ അവസാനം വരെ എല്ലാം കാര്യങ്ങളും ഓര്‍ഗനൈസ് ചെയ്‍തു നല്‍കിക്കഴിഞ്ഞു. എംഎല്‍എ എന്ന നിലയില്‍ ഇടപെടേണ്ട കാര്യങ്ങളെല്ലാം അവിടെ ചെയ്‍ത് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വാഗ്‍ദാനങ്ങളെല്ലാം പാലിച്ചു. പറഞ്ഞതില്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളും പദ്ധതികളുമെല്ലാം മണ്ഡലത്തില്‍ നടപ്പിലാക്കിയാണ് അവിടുത്തെ ജോലി അവസാനിപ്പിച്ചത്. 

തീര്‍ച്ചയായും ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വരും എന്ന ഉറച്ച വിശ്വാസം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ അദ്ദേഹത്തിനുണ്ട്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ട്. അദ്ദേഹത്തിന്‍റെ ആരോഗ്യനില നന്നായിരിക്കുന്നു. നടക്കുന്നതിന് ചെറിയ സഹായം വേണം. കൊവിഡ് പ്രശ്‍നം വന്നതുകൊണ്ട് ഇന്‍ററാക്ഷന്‍സ് കുറച്ചുവെന്ന് മാത്രം. യാത്ര ചെയ്യുന്നത് ഡോക്ടര്‍മാര്‍ വിലക്കിയിട്ടുണ്ട്. ഇന്‍ഫെക്ഷന്‍ ആകാതെ പരമാവധി നോക്കണമെന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്. ഇതെല്ലാംകൊണ്ട് ഒതുങ്ങി വീട്ടില്‍ ഇരിക്കുന്നുവെന്ന് മാത്രം.  പല തെരെഞ്ഞെടുപ്പുകാലത്തും അദ്ദേഹത്തിനൊപ്പം കുടുംബവും സജീവമായി പങ്കെടുത്തിരുന്നു. അച്ഛനൊപ്പം പല തെരെഞ്ഞെടുപ്പ് പരിപാടികളിലും പോയിരുന്നു. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമമുണ്ട്. അരുണ്‍ കുമാര്‍ പറയുന്നു.

click me!