ഉമ്മന്‍ചാണ്ടി-ചെന്നിത്തല ഗ്രൂപ്പ് തര്‍ക്കം തുണച്ചു; രാഹുല്‍ ഗാന്ധിക്ക് പിടിവള്ളിയായി വയനാട്

By Web TeamFirst Published May 23, 2019, 6:21 PM IST
Highlights

ഏറെക്കാലത്തിന് ശേഷം അമേത്തി കൈവിടുന്ന കോണ്‍ഗ്രസ് നേതാവെന്ന വിശേഷണവും രാഹുലിനെ തേടിയെത്തി. 

വയനാട്:  ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നന്ദി പറയുന്നുണ്ടാകണം. ഇല്ലെങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഹുല്‍ ഗാന്ധി എന്താകുമെന്ന് എല്ലാ പ്രവചനങ്ങള്‍ക്കും അപ്പുറമാകുമായിരുന്നു. രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയുടെ ഗതി നിര്‍ണയിച്ചത് വയനാട്ടിലെ കൂറ്റന്‍ വിജയമാണെന്ന് നിസംശയം പറയുന്നിടത്തേക്ക് കാര്യങ്ങളെത്തി നില്‍ക്കുകയാണ്.

ദക്ഷിണേന്ത്യയില്‍ തരംഗമുണ്ടാക്കാനും ഇന്ത്യയുടെ ഏകത്വം വിളംബരം ചെയ്യാനുമാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തെ കോണ്‍ഗ്രസ് ന്യായീകരിച്ചത്. എന്നാല്‍, ഫലം വന്നപ്പോള്‍ ദക്ഷിണേന്ത്യന്‍ തരംഗം കണക്കില്‍ കണ്ടില്ല. അതോടൊപ്പം ഗാന്ധി കുടുംബത്തിന്‍റെ ഉറച്ച കോട്ടയായ അമേത്തിയില്‍ രാഹുല്‍ തോല്‍വി ഏറ്റുവാങ്ങുകയും ചെയ്തു. ഏറെക്കാലത്തിന് ശേഷം അമേത്തി കൈവിടുന്ന കോണ്‍ഗ്രസ് നേതാവെന്ന വിശേഷണവും രാഹുലിനെ തേടിയെത്തി. പ്രധാന പ്രതിപക്ഷ പദവും കോണ്‍ഗ്രസിന് കൈയ്യാലപ്പുറത്താണ്. അത്  ലഭിച്ചില്ലെങ്കില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ചോദ്യചിഹ്നമാകും. 

വയനാട്ടിലെ വമ്പന്‍ ഭൂരിപക്ഷം ഇല്ലായിരുന്നുവെങ്കില്‍ അഞ്ച് വര്‍ഷം രാഹുല്‍ഗാന്ധി തികച്ചും അപ്രസക്തനായേനെ. ഉറച്ച കോട്ടയായ വയനാട് സീറ്റിന്മേലുള്ള ഗ്രൂപ്പ് കടുംപിടുത്തവും മുസ്ലിം ലീഗിന്‍റെ സമ്മര്‍ദവുമാണ് രാഹുല്‍ ഗാന്ധി അവസാന നിമിഷം വയനാട് സീറ്റില്‍ സമ്മതം മൂളിയത്. ഇടതുപക്ഷത്തിന്‍റെയും മതേതര വിശ്വാസികളുടെയും നിശിത വിമര്‍ശനമേല്‍ക്കേണ്ടി വന്നെങ്കിലും ഉര്‍വശീ ശാപം ഉപകാരമായിരിക്കുകയാണ് രാഹുലിന്.

അമേത്തിയിലെ തോല്‍വി ഉറപ്പിച്ചതോടെ ഇനി രാഹുല്‍ഗാന്ധി മുഴുവന്‍ സമയ വയനാട് എംപിയായിരിക്കുമെന്നതും പ്രത്യേകതയാണ്. ആദ്യമായാണ് ഒരു ദേശീയ നേതാവ് കേരളത്തെ പ്രതിനിധീകരിക്കുന്നതെന്നും ഇനി ചരിത്രം. 

click me!