മൂക്കിപ്പൊടി വാങ്ങാൻ തികയുമോ ഈ എഴുപതു ലക്ഷം...?

By Babu RamachandranFirst Published Mar 12, 2019, 4:09 PM IST
Highlights

പാവപ്പെട്ട സ്ഥാനാർത്ഥികൾ പണമിറക്കി വോട്ടുപിടിക്കുന്നവർക്കു മുന്നിൽ ചൂളിപ്പോവാതിരിക്കാൻ ഇലക്ഷന്‍ കമ്മീഷന്‍ ഒരു നിബന്ധന വെച്ചിട്ടുണ്ട്. ഒരു പാർലമെന്റ് മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് പരമാവധി ചെലവാക്കാൻ അനുവാദമുള്ള തുക - അത് 70  ലക്ഷമാണ്. 

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 23. അതായത്  തങ്ങളുടെ പ്രസക്തി മണ്ഡലത്തിലെ വോട്ടർമാരിലേക്ക് എത്തിക്കാൻ സ്ഥാനാർത്ഥികൾക്ക്  ഇനിയും നാൽപ്പതു ദിവസത്തെ സമയമുണ്ട്. ഒരുപക്ഷേ, അവരെ അലട്ടുന്ന ഒരു കാര്യവും അതുതന്നെയായിരിക്കും. തെരഞ്ഞെടുപ്പിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടാൻ ഒരു പൊതുപ്രവർത്തകൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അയാൾ തന്റെ അന്നോളമുള്ള പേരും പ്രശസ്തിയും ആളും അർത്ഥവുമെല്ലാം ജയിച്ചുകേറാൻ വേണ്ടി എടുത്തുവീശും. 

എത്രത്തോളം കാശിറക്കാമോ അത്രത്തോളം പ്രചാരണം കൊഴുപ്പിക്കാം. എത്ര പ്രചാരണം കൊഴുത്തോ അത്രയും വോട്ടും മറിയും, ജയസാധ്യതയും ഏറും. അവിടെ പ്രമാണികളായ സ്ഥാനാർത്ഥികൾക്ക് വിലങ്ങുതടിയായി നിൽക്കുന്ന ഒരേയൊരു സ്ഥാപനം മാത്രമാണുള്ളത്. അതാണ് നമ്മുടെ  ഇലക്ഷൻ കമ്മീഷൻ. പാവപ്പെട്ട സ്ഥാനാർത്ഥികൾ പണമിറക്കി വോട്ടുപിടിക്കുന്നവർക്കു മുന്നിൽ ചൂളിപ്പോവാതിരിക്കാൻ അവർ ഒരു നിബന്ധന വെച്ചിട്ടുണ്ട്. ഒരു പാർലമെന്റ് മണ്ഡലത്തിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് പരമാവധി ചെലവാക്കാൻ അനുവാദമുള്ള തുക  - ഇത്തവണ അത് 70  ലക്ഷമാണ്. 

എന്നാൽ അവിടെ പ്രസക്തമാവുന്ന ഒരു ചോദ്യമുണ്ട്. ഇന്നത്തെക്കാലത്ത് മൂക്കിപ്പൊടി വാങ്ങാൻ  തികയുമോ ഈ 70  ലക്ഷം..?  ഒരു തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി വഹിക്കേണ്ടിവരുന്ന ചെലവുകളുടെ സാമാന്യമായ ഒരു അവലോകനം നടത്തിയാൽ ഈ  പരിധി ഇന്നത്തെ പതിവ് ചെലവുകളുടെ കണക്കിൽ എത്ര കുറവാണ് എന്ന് ബോധ്യമാവും. 

കണക്കുകളിലേക്ക് കടക്കുന്നതിനുള്ള ഒരു സൗകര്യത്തിന് നമുക്ക് തിരുവനന്തപുരം മണ്ഡലം തന്നെ പരിഗണിക്കാം  ഏഴ് നിയമസഭാമണ്ഡലങ്ങൾ അടങ്ങുന്നതാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലം. 1305  ബൂത്തുകളാണ് തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലുള്ളത്. ഗ്രാമപ്രദേശങ്ങളിൽ ഒരു ബൂത്തിന്റെ കീഴിൽ ഏകദേശം 400-450  വീടുകളുണ്ടാവും. കോർപ്പറേഷൻ പരിധിയിൽ ജനസാന്ദ്രത കൂടുതലാണ് ഏകദേശം 800-1000  വീടുകൾ വരും അവിടെ. 

ഇനി ഒരു തെരഞ്ഞെടുപ്പിൽ വരുന്ന ചെലവുകളിലേക്ക് കടക്കാം. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്ന പാടെ ആദ്യം വരുന്ന ചെലവ്, മണ്ഡലത്തിലേക്ക് പ്രസ്തുത സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള ബോർഡുകൾ, ഹോർഡിങ്ങുകൾ, ബാനറുകൾ,പോസ്റ്ററുകൾ തുടങ്ങിയവയാണ്. ആദ്യഘട്ടത്തിൽ ബൂത്ത് ഒന്നിന്  3 വലിയ ബോർഡ് വെച്ചെങ്കിലും കൊടുക്കേണ്ടി വരും. 

അടുത്ത ഘട്ടം സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യാൻ അഭ്യർത്ഥിച്ചുകൊണ്ടുള്ള വലിയ ബോർഡുകളാണ്. അപ്പോഴും വേണ്ടി വരും ബൂത്ത് ഒന്നിന് രണ്ടു ബോർഡെങ്കിലും വെച്ച്. മൂന്നാം ഘട്ടം തെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കൊഴുപ്പിക്കാൻ വേണ്ടി ഒരു സെറ്റ് ബോർഡുകൂടി കേറിയാൽ മാത്രമേ മണ്ഡലം സ്ഥാനാർത്ഥിയുടെ മുഖത്താൽ നിറയുകയുള്ളൂ. ഇവിടെയാണ് സ്ഥാനാർത്ഥിക്ക് ഫ്ളക്സ് ബോർഡ് പാടില്ല എന്ന ഹൈക്കോടതി വിധി ഒരു അശനിപാതമായി അനുഭവപ്പെടാൻ പോവുന്നത്. ഫ്ളക്സ് ബോർഡ് അടിക്കാൻ ഇപ്പോഴുള്ള ചുരുങ്ങിയ നിരക്ക് സ്‌ക്വയർ ഫീറ്റിന് 25  രൂപയാണ്. തെരഞ്ഞെടുപ്പ് അടുപ്പിച്ച് അത് 22  രൂപ വരെയൊക്കെ താഴും.

എന്നാൽ ഫ്‌ളെക്‌സിനേക്കാൾ വില കൂടുതലാണ് അതിനു പകരം ലഭ്യമായ തുണി പോലുള്ള പ്രിന്റിങ്ങ് മീഡിയത്തിന്. അതിന്റെ നിരക്ക് സ്‌ക്വയർ ഫീറ്റിന് ചുരുങ്ങിയത് 35 രൂപയെങ്കിലും വരും.  ഒരുപാട് പ്രിന്റുചെയ്യുന്നവർക്ക് ചില കിഴിവുകളൊക്കെ പ്രതീക്ഷിക്കാം. എങ്കിലും, ഹൈക്കോടതി വിധിപ്രകാരം ഫ്ളക്സ് ഉപയോഗിക്കാൻ പാടില്ലെന്നു വരുമ്പോൾ, ഫ്‌ളക്‌സിനേക്കാൾ ചെലവ് കാര്യമായി കൂടും.  കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഈ പാർലമെന്റ് നിയോജകമണ്ഡലത്തിൽ പാർട്ടികൾ വെച്ചുനിരത്തിയ ബോർഡുകളുടെ എണ്ണമനുസരിച്ചും, ഇന്നത്തെ ക്ളോത്തിന്റെ നിരക്കു വെച്ചും, തെരഞ്ഞെടുപ്പുകാലത്ത് സംഗതി ജോറാക്കണം എന്നുണ്ടെങ്കിൽ സ്ഥാനാർത്ഥിയ്ക്ക് ചുരുങ്ങിയത് 90  ലക്ഷം മുതൽ ഒരു കോടി വരെ ബോർഡുകൾ സ്ഥാപിക്കാൻ തന്നെ ചെലവാകും. 

സ്ഥാനാർത്ഥിയെ മണ്ഡലത്തിലേക്ക് സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ, ഹോർഡിങ്ങുകൾ തുടങ്ങിയവ ആദ്യഘട്ടത്തിൽ വലിയ സൈസിലുള്ളത് തന്നെ വേണം. ചുരുങ്ങിയത് ഡബിൾ ഡമ്മി സൈസെങ്കിലും വേണം. ഒരു ബൂത്തിന് 100  പോസ്റ്ററെങ്കിലും വെച്ച് അതും കൊടുക്കണം ആദ്യഘട്ടത്തിൽ. 1305  ബൂത്തിൽ നൂറു പോസ്റ്റർ വെച്ച്, വേണ്ടി വരുന്നത് ചുരുങ്ങിയത് 1,30,500 പോസ്റ്ററുകൾ. ഒരു ഡബിൾ ഡമ്മി പോസ്റ്ററിന്റെ ചുരുങ്ങിയ നിരക്കായ  4  രൂപ വെച്ച് കണക്കുകൂട്ടിയാൽ തന്നെ ആദ്യഘട്ടത്തിനു മാത്രം വേണ്ടി വരുന്നത്  5,22,000  രൂപ. 

അവിടെ തീരുന്നില്ല, പിന്നെയും കൊടുക്കണം പോസ്റ്ററുകൾ ബൂത്തുകളിൽ രണ്ടോ മൂന്നോ ഘട്ടമായി. രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തിലെ പോസ്റ്ററുകൾക്ക് വലിപ്പം അത്ര വേണ്ടിവരില്ല, എണ്ണവും കുറച്ചു മതിയാവും എന്നുമാത്രം.  

പിന്നെ ഇതിനു പുറമെ പോസ്റ്ററുകൾ വേറൊരിനത്തിലും ചെലവാകും. ബൂത്ത് അലങ്കാരം എന്നാണ് അത് അറിയപ്പെടുന്നത്. ശരാശരി വലിപ്പത്തിലുള്ള പോസ്റ്ററുകൾ കയറിൽ കെട്ടി ബൂത്തുകളിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയും പാർട്ടി ചിഹ്നവും നിറയ്ക്കുന്ന കലാപരിപാടിക്കാണ് ബൂത്ത് അലങ്കാരം എന്ന് പറയുന്നത്.

എങ്ങനെ നോക്കിയാലും ഇത്തരത്തിൽ സ്ഥാനാർത്ഥിയുടെ പല സൈസുകളിലുള്ള ബഹുവർണ്ണ പോസ്റ്ററുകൾ അടിച്ച്, അതൊക്കെ ഒട്ടിച്ചു വരുമ്പോഴേക്കും ചുരുങ്ങിയത് ഒരു 12  ലക്ഷം രൂപയെങ്കിലും മറിയും.

അടുത്ത ചെലവാണ് അഭ്യർത്ഥന. രണ്ടുതരം അഭ്യർത്ഥനകളുണ്ട്. ഒന്ന് സ്ഥാനാർത്ഥിയുടെ വക.  വീടൊന്നിന് രണ്ട്‌ അഭ്യർത്ഥന എന്നതാണ് പ്രായോഗികമായ കണക്ക്. അതായത് വീട്ടിൽ സ്‌ക്വാഡ് ആയി പ്രചാരണത്തിന് ചെല്ലുന്ന സമയത്ത് വീട്ടുകാരൻ/കാരി ജോലിസ്ഥലത്താണെങ്കിൽ എന്ന പരിഗണനയാണ് എണ്ണം കൂട്ടുന്നത്. ചുരുങ്ങിയത് ഒരു ലക്ഷം അഭ്യർത്ഥനകളെങ്കിലും അച്ചടിക്കേണ്ടി വരും. ഒരു കോപ്പിക്ക് അമ്പത് പൈസയെങ്കിലും കണക്കുകൂട്ടിയാൽ അതിനും വകയിരുത്തണം അര ലക്ഷമെങ്കിലും രൂപ. 

പിന്നെ വരുന്ന ചെലവ് ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്യാനാണ്.  ഭരിക്കുന്ന പാർട്ടിക്ക് സ്വന്തം ഭരണനേട്ടങ്ങളുടെ  അപദാനങ്ങൾ വിസ്തരിച്ച് എഴുതിപ്പിടിപ്പിക്കാനും, മറ്റുള്ളവർക്ക് ഭരണത്തോടുള്ള ജനരോഷം പറഞ്ഞു പൊലിപ്പിക്കാനും ഉള്ള സ്പേസ് ആണിത്. ഇത് ഒരു ബൂത്തിന് 400-500 കോപ്പി വെച്ച് ഏകദേശം അഞ്ചുലക്ഷമെങ്കിലും ലഘുലേഖയും അടിച്ചുകൂട്ടണം. ഒന്നിന് 2-3  രൂപവെച്ച് ഇതിനു വരുന്ന ചെലവ് ചുരുങ്ങിയത് പത്തുലക്ഷമെങ്കിലും വരും. 

അടുത്ത ചെലവ് ബൂത്തുകളിലേക്കുള്ള 'ഇൻ ഏജന്റ്  കിറ്റ്' തയ്യാറാകുന്നതിന്റേതാണ്. സംഘടിതമായ രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ രാഷ്ട്രീയപാർട്ടികളും തങ്ങളുടെ ബൂത്തുകളില്‍ ഇൻ ഏജന്റ്മാർക്ക് നൽകുന്ന ഒരു കവറാണിത്. . ബൂത്ത് ഒന്നിന് നാലുവീതം വോട്ടർ പട്ടിക, ഇൻ ഏജന്റ് അപേക്ഷാ ഫോറം, പേന, പെൻസിൽ, കുത്തിക്കെട്ടാനുളള നൂല് തുടങ്ങി പത്തുപതിനെട്ടിനം സാധനങ്ങളുണ്ടാവും ഇതിൽ.  ഒരു കവറിന്  ചുരുങ്ങിയത് 200 രൂപയെങ്കിലും വരും. അങ്ങനെ നോക്കുമ്പോൾ ഈ ഇനത്തിലും വരും ചെലവ് രണ്ടര ലക്ഷം രൂപ. 

ഇനി ചുവരെഴുത്തിന്റെ ചെലവുകൾ വേറെ. ഓരോ ബൂത്തിലും  ചുരുങ്ങിയത്  5000  രൂപയെങ്കിലും ചെലവാകും ഒരു  ചുവരെഴുതാൻ. ആയിനത്തിൽ ചെലവ്  65 ലക്ഷം രൂപയെങ്കിലും വരും.  പാർട്ടിയുടെ മണ്ഡലം/ബ്രാഞ്ച് കമ്മിറ്റി നേതാക്കൾക്ക് തെരഞ്ഞെടുപ്പ് ചെലവിനായി ഒരു 2000  രൂപവെച്ചെങ്കിലും സ്ഥാനാർഥി നൽകണം. എങ്കിൽ മാത്രമേ അവർ ആവേശത്തോടെ പ്രവർത്തിക്കൂ. നൂറോളം ബ്രാഞ്ച്/മണ്ഡലങ്ങൾ ഉണ്ട്, ആ വഴിക്കും പൊട്ടിക്കിട്ടും രണ്ടു ലക്ഷം രൂപ.  അവർക്കു മേലെയുള്ള ബ്ലോക്ക്/പതിനഞ്ചോളം വരുന്ന ഏരിയാ ലെവൽ പ്രതിനിധികൾക്ക് ഒരു 5000  രൂപ വീതം നൽകുമ്പോൾ അവിടെയും പൊടിഞ്ഞു മുക്കാൽ ലക്ഷം. 

പ്രചാരണ കാലയളവ് കൂടുന്നത് സ്ഥാനാർത്ഥിക്ക് ക്ഷീണമാണ്. കിട്ടുന്നതിൽ ഒരു ദിവസം പോലും വെറുതെയിരിക്കാൻ കഴിയില്ല. മണ്ഡലത്തിലെല്ലായിടത്തും സ്‌ക്വാഡുകളായി തിരിച്ച് പ്രവർത്തകരെ നിത്യം പ്രചാരണത്തിന് അയക്കണം.വാഹനങ്ങളിൽ അല്ലാതെ ആരും പോവില്ല. ആ വാഹനങ്ങളുടെ വാടക നൽകണം. പോവുന്ന പ്രവർത്തകർക്ക് കാപ്പി, ഊണ്, അത്താഴം എന്നിവ കൊടുക്കണം. പിന്നെ പ്രതിനിധികളുടെ നിലവാരമനുസരിച്ച് ഇന്നോവ മുതൽ ട്രാക്സ് വരെയുള്ള വാഹനങ്ങൾ വാടകയ്ക്കെടുക്കണം. ഇലക്ഷന്റെ തലേന്ന് ഈ ചെലവുകൾ ഇരട്ടിക്കും. ഭക്ഷണത്തിനും യാത്രാച്ചെലവുകൾക്കും പുറമെ കലാശക്കൊട്ടിനുള്ള ദ്രാവകം സപ്ലൈ ചെയ്യുന്നതിനുള്ള ചെലവുകൾ വേറെയും വരും. 

പിന്നെ, പ്രചാരണ വാഹനങ്ങളുടെ ചെലവ്. ഒരു മണ്ഡലത്തിൽ ചുരുങ്ങിയത് ഒരു ഇരുപതു പ്രചാരണ വാഹനങ്ങളെങ്കിലും തയ്യാർ ചെയ്തെടുക്കണം. വാഹനമൊന്നിന് പതിനായിരം രൂപയെങ്കിലും അത് തയ്യാർ ചെയ്തെടുക്കാം ചെലവുവരും. ആയിനത്തിൽ ചെലവ് 2  ലക്ഷം രൂപ. മൈക്കിൽ വിളിച്ചുപറഞ്ഞു കൊണ്ട് എത്ര ദിവസം നടക്കുന്നോ അത്രയും ചെലവുവരും, ദിവസമൊന്നിന് ചുരുങ്ങിയത് എണ്ണായിരം രൂപയെങ്കിലും നിരക്കിൽ. ഇരുപതു ദിവസം അനൗൺസ്‌മെന്റ്  നടത്തിയാൽ ചുരുങ്ങിയത് ഒന്നര ലക്ഷം രൂപ അതും വരും. ഇതിനു പുറമെ ഓരോ ബൂത്ത് പ്രദേശത്തും പ്രാദേശികമായ സമ്മേളനങ്ങൾ നടത്തണം. അതിൽ അവിടത്തെ പ്രാദേശിക നേതാക്കളെകൊണ്ട് പ്രസംഗിപ്പിക്കണം. കഴിയുമെങ്കിൽ സെലിബ്രിറ്റികളെക്കൊണ്ടുവന്നു സ്വാധീനം ചെലുത്താൻ നോക്കണം. അതിന്റെ ചെലവുകൾ വേറെ. 

ഇപ്പോൾ മാധ്യമങ്ങളുടെ സാദ്ധ്യതകൾ ഉപയോഗിച്ചുള്ള പ്രചാരണവും ഏറെ നടക്കുന്നുണ്ട് FM റേഡിയോ, ടെലിവിഷൻ ചാനലുകൾ, ഫെയ്‌സ് ബുക്ക്, വാട്ട്സ്ആപ്പ് തുടങ്ങിയ എല്ലാ മാധ്യമങ്ങളിലും പ്രചാരണം നടത്തുന്നതിന് പ്രൊഫഷണൽ ആയ കമ്പനികളുടെ സേവനം ലഭ്യമാണ് അവർക്കൊക്കെ ഭാരിച്ച പ്രതിഫലവും നൽകേണ്ടി വരും. ഓരോ തെരഞ്ഞെടുപ്പിനു മാപ്പിളപ്പാട്ട്, പാരഡി വിദഗ്ധരെക്കൊണ്ട് പാട്ടെഴുതിച്ച്  പ്രൊഫഷണലായ സ്റ്റുഡിയോകളിൽ നല്ല നിലവാരത്തിൽ റെക്കോർഡ് ചെയ്തെടുത്താണ് ഇപ്പോഴൊക്കെ തെരഞ്ഞെടുപ്പുകളിൽ ഉപയോഗിക്കുന്നത്. അതിനും അതിന്റേതായ ചെലവുകൾ വരും. 

എന്നാൽ മേല്പറഞ്ഞതൊക്കെയും തെരഞ്ഞെടുപ്പുകളുടെ പ്രത്യക്ഷമായ ചെലവുകളാണ്. ഈ ചെലവുകൾ എല്ലാം കൂടി കൂട്ടിയാലും സ്ഥാനാർഥി വകയിരുത്തേണ്ട ബജറ്റിന്റെ പാതിയിൽ താഴെ മാത്രമേ വരുന്നുള്ളൂ. പരോക്ഷമായ ചെലവുകളാണ് ബാക്കി പാതിയിൽ നിറഞ്ഞു നിൽക്കുക. ഇടഞ്ഞു നിൽക്കുന്ന പ്രാദേശിക നേതാക്കളെ അനുനയിപ്പിക്കാനുള്ള ചെലവാണ് അത് . 'ഓഫർ', 'പൊതി' എന്നൊക്കെയുള്ള ഓമനപ്പേരുകളിലാണ് ഈ ചെലവറിയപ്പെടുന്നത്.  പല ഗ്രേഡുകളിലുള്ള  ചുരുങ്ങിയത് പത്തമ്പതു താരങ്ങളെങ്കിലും കാണും ഇങ്ങനെ ഒരു പാർലമെന്റ് മണ്ഡലത്തിൽ അവരെ കാണേണ്ട പോലെ കണ്ടു കഴിയുമ്പോഴേക്കും കോടികൾ പൊടിയും സ്ഥാനാർത്ഥികളുടെ കീശയിൽ നിന്നും. എന്നാൽ എല്ലാ സ്ഥാനാർത്ഥികളും ഇങ്ങനെയാണ് എന്നൊരു വിവക്ഷ മേല്പറഞ്ഞതിനില്ല. പക്ഷേ,  ഉപഭോക്തൃ സംസ്കാരം തെരഞ്ഞെടുപ്പുകളെയും പിടിമുറുക്കിയിരിക്കുന്നതു കൊണ്ടാവും ഏറെക്കുറെ ആ ഒരു ശീലം ഇന്നും പരോക്ഷമായി നിലവിലുണ്ടെന്നുതന്നെ പറയണം നമ്മുടെ തെരഞ്ഞെടുപ്പുകളിൽ. 

ആദ്യം പറഞ്ഞ കൂട്ടത്തിലുള്ള ചെലവുകൾ തന്നെ കൂട്ടി നോക്കിയാൽ ഏകദേശം അഞ്ചുകോടി കവിയുമ്പോൾ, നമ്മുടെ സ്ഥാനാർത്ഥികൾക്ക്  രണ്ടാമത്തെ വകുപ്പിലും ഏകദേശം അത്ര തന്നെ വകയിരുത്തേണ്ടി വരുന്നു. അങ്ങനെ വന്നതും പോയതും നോക്കിയാൽ ചെലവ്‌ പത്തുകോടി കവിഞ്ഞങ്ങനെ നിൽക്കുന്ന 'ഡാർക്ക് റിയാലിറ്റി' നമ്മൾ കണ്ടുകൊണ്ടിരിക്കെയാണ്. ഇലക്ഷൻ കമ്മീഷൻ  ഓരോ സ്ഥാനാർത്ഥിക്കും ചെലവ് പരമാവധി 70 ലക്ഷം എന്ന് നിജപ്പെടുത്തുന്നതും സ്ഥാനാർത്ഥികളുടെ ചെലവിനെ കൃത്യമായി ഓഡിറ്റ് ചെയ്ത്, പരിധി ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും എന്നൊക്കെ മുന്നറിയിപ്പ് കൊടുക്കുന്നത്.  ആകെയൊരു സമാധാനമുള്ളത്, ഈ ഇന്ത്യാ മഹാരാജ്യത്ത് ഇന്നോളം പതിനാറ് ലോക് സഭാ തെരഞ്ഞെടുപ്പുകൾ നടന്നിട്ടുളളതിൽ ഒരെണ്ണത്തിൽ പോലും ഇന്നുവരെ ആരെയും അധികച്ചെലവിന്റെ പേരിൽ ശിക്ഷിച്ച ചരിത്രമേയില്ല എന്നതു മാത്രമാണ്..!!

 

click me!