മധ്യപ്രദേശ് നേടാൻ ഗ്രാമങ്ങൾ നേടണം; സംസ്ഥാനത്തെ ഗ്രാമീണ വോട്ട് ബാങ്ക് ശിവ്‍രാജ് സിംഗ് ചൗഹാനെ തുണയ്ക്കുമോ?

By P R SunilFirst Published Nov 25, 2018, 10:07 PM IST
Highlights

മധ്യപ്രദേശിന്‍റെ വോട്ട് ബാങ്കിന്‍റെ താക്കോലിരിയ്ക്കുന്നത് ഗ്രാമീണരുടെ പക്കലാണ്. മധ്യപ്രദേശിൽ അധികാരം നേടിയവരെല്ലാം, നിലവിലെ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാനടക്കം വിജയം നേടിയത് ഗ്രാമീണവോട്ട് ബാങ്കിന്‍റെ ബലത്തിലാണ്. ഇത്തവണ ഗ്രാമങ്ങൾ ശിവ്‍രാജിനെ തുണയ്ക്കുമോ? വിദിഷയിലെ സാഞ്ചിയിൽ നിന്ന് ഞങ്ങളുടെ പ്രതിനിധി പി.ആർ.സുനിൽ തയ്യാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ട്. 

വിദിഷ: മധ്യപ്രദേശിന്‍റെ 72 ശതമാനം വോട്ടർമാരും കഴിയുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമീണരുടെ വോട്ട് വിഹിതമില്ലാതെ രാജ്യത്തെ ഏറ്റവും വിശാലമായ സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിൽ ഒരു സർക്കാരും അധികാരത്തിൽ വന്നിട്ടില്ല. ഭരണവിരുദ്ധ വികാരമില്ലെന്ന് ആവർത്തിയ്ക്കുമ്പോഴും ഗ്രാമങ്ങളിൽ ശിവ്‍രാജ് സിംഗ് ചൗഹാന് എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ട്. 

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്‍ദാനങ്ങൾ ശിവ്‍രാജ് സിംഗ് ചൗഹാൻ നടപ്പാക്കിയില്ലെന്നാണ് മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ സാഞ്ചി ഗ്രാമത്തിലുള്ളവർ ഞങ്ങളോട് പറഞ്ഞത്. 

'എനിയ്ക്ക് ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല': ശിവാനി പറയുന്നു

ശിവാനി കുശ്‍വാഹ എന്ന ഈ പെണ്‍കുട്ടി പതിനൊന്നാം ക്ളാസിലാണ് പഠിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പത്താം ക്ളാസ് പാസാകുന്ന എല്ലാ പെണ്‍കുട്ടികൾക്കും സൗജന്യ വിദ്യാഭ്യാസം എന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വാഗ്ദാനം ചെയ്തിരുന്നു. ശിവാനിക്കും ചേച്ചിയ്ക്കും ആനുകൂല്യം കിട്ടിയില്ല. സൗജന്യ വിദ്യാഭ്യാസം നൽകാൻ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഇവര്‍ക്ക് വിദ്യാഭ്യാസ വകുപ്പിൽ നിന്ന് കിട്ടിയ മറുപടി. കൂലിപ്പണിയെടുത്ത് ഇവരുടെ മാതാപിതാക്കൾ ശേഖരിച്ച പണം ഉപയോഗിച്ചാണ് ശിവാനി പതിനൊന്നാം ക്ലാസ്സിൽ പ്രവേശനം നേടിയത്. ഒരു ആനുകൂല്യവും കിട്ടിയില്ല.

ഇങ്ങനെ പല പരാതികൾ നിരവധി ഗ്രാമങ്ങളിൽ നിന്ന് കേട്ടു. ഉന്നത വിജയം നേടുന്ന പെണ്‍കുട്ടികൾക്ക് സ്കൂട്ടിയും ഫീസ് ഇളവും സ്കോളര്‍ഷിപ്പുമൊക്കെ ഇത്തവണയും ബി.ജെ.പിയുടെ വാഗ്ദാനങ്ങളിലുണ്ട്. കോണ്‍ഗ്രസും വാഗ്ദാനങ്ങളിൽ പുറകിലല്ല. എന്നാഷ നേതാക്കൻമാരെ കണ്ണടച്ചുവിശ്വസിക്കുന്ന കാലം കഴിഞ്ഞെന്നാണ് ഗ്രാമവാസികൾ പറയുന്നത്.

click me!