'സിന്ധ്യ' കുടുംബത്തിലെ ഈ അംഗത്തെ അറിയാമോ? പരിചയപ്പെടാം, യശോധരാ രാജെ സിന്ധ്യയെ

By Prasanth ReghuvamsomFirst Published Nov 25, 2018, 8:52 PM IST
Highlights

'സിന്ധ്യ' കുടുംബത്തിലെ ഈ പേര് ഒരു പക്ഷെ മറ്റുള്ളവരെപ്പോലെ പ്രസിദ്ധമല്ല. പക്ഷേ, രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയുടെ സഹോദരി യശോധരാ രാജെ സിന്ധ്യ ശിവ്‍പുരിയിലെ ബിജെപി എംഎൽഎയാണ്. ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തെക്കുറിച്ച് വിമർശനാത്മകമായി സംസാരിയ്ക്കുന്ന യശോധരാ രാജെ സിന്ധ്യ കോൺഗ്രസിനെക്കുറിച്ചധികം സംസാരിയ്ക്കാനാഗ്രഹിക്കുന്നുമില്ല.

മധ്യപ്രദേശ്: മധ്യപ്രദേശിലെ ശിവ്‍പുരി മണ്ഡലത്തിൽ നിന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ സഹോദരിയായ യശോധരാ രാജെ സിന്ധ്യ വീണ്ടും ജനവിധി തേടുന്നത്. സഹോദരൻ മാധവറാവു സിന്ധ്യയുടെ മകൻ ജ്യോതിരാദിത്യ അച്ഛനെപ്പോലെ കോൺഗ്രസിൽ അടിയുറച്ച് മുന്നോട്ടുപോകുമ്പോൾ, യശോധര സഹോദരിയ്ക്കൊപ്പമാണ്. ബിജെപി സ്ഥാനാർഥിയാണ്. നിലവിൽ ശിവ്‍രാജ് സിംഗ് ചൗഹാന്‍റെ മധ്യപ്രദേശ് മന്ത്രിസഭയിൽ വാണിജ്യമന്ത്രിയാണ്.  

തന്‍റെ സഹോദരപുത്രൻ തന്നെ എതിർപാളയത്തിൽ നിന്ന് മുഖ്യമന്ത്രിപദം ലക്ഷ്യമിട്ട് ഗോദയിലിറങ്ങിയ ടെൻഷനൊന്നും യശോധരയുടെ മുഖത്തില്ല. ശിവ്‍പുരിയിലെ ശക്തയായ സ്ഥാനാർഥി തന്നെയാണ് രാജകുടുംബാംഗമായ യശോധര. 

ഗ്വാളിയോറിലെ ജയ്‍വിലാസ് കൊട്ടാരത്തിൽ നിന്നുള്ള അനന്തരാവകാശികൾ രാജഭരണകാലത്ത് മാത്രമല്ല, ജനായത്ത കാലത്തും രാഷ്ട്രീയത്തിൽ ഭരണാധികാരികളായവരാണ്. തലമുതിർന്ന ബിജെപി നേതാവായിരുന്ന 'രാജമാതാ' വിജയരാജെ സിന്ധ്യയുടെ മൂന്ന് മക്കളാണ് അന്തരിച്ച കോൺഗ്രസ് നേതാവ് മാധവറാവു സിന്ധ്യയും നിലവിലെ രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയും യശോധരാ രാജെ സിന്ധ്യയും.

മധ്യപ്രദേശിലെ ബിജെപിയുടെ പ്രചാരണതന്ത്രത്തോട് കുറഞ്ഞതല്ലാത്ത അതൃപ്തിയുണ്ട് യശോധര സിന്ധ്യയ്ക്ക്. പ്രധാനഎതിർപ്പ് രാജാക്കൻമാരെ എതിർക്കുന്ന മുദ്രാവാക്യം തന്നെ. ജാതിവോട്ടുകൾ ലക്ഷ്യമിട്ട് രാജാക്കൻമാരെ തള്ളിപ്പറയുന്ന 'ശിവ്‍രാജ് വേഴ്സസ് മഹാരാജ്' എന്നീ മുദ്രാവാക്യങ്ങൾ മധ്യപ്രദേശിൽ തിരിച്ചടിയുണ്ടാക്കുമെന്നാണ് യശോധരയുടെ പക്ഷം. ശിവ്‍രാജ് സിംഗ് ചൗഹാൻ സർക്കാരിനെതിരെ ഭരണവിരുദ്ധവികാരമുണ്ടെന്ന് സമ്മതിയ്ക്കുക വഴി വോട്ടർമാർക്കിടയിൽ സർക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടായേക്കാമെന്ന് യശോധര കരുതുന്നു. ആ എതിർപ്പ് യശോധര മറച്ചു വയ്ക്കുന്നുമില്ല.

ഞങ്ങളുടെ സീനിയർ കോർഡിനേറ്റിംഗ് എഡിറ്റർ പ്രശാന്ത് രഘുവംശം യശോധരാ രാജെ സിന്ധ്യയുമായി നടത്തിയ അഭിമുഖം കാണാം. 

click me!