വയനാട് സീറ്റില്‍ മലബാറിലുള്ള സ്ഥാനാര്‍ഥി മതിയെന്ന് യൂത്ത് കോണ്‍ഗ്രസ്

By Web TeamFirst Published Feb 5, 2019, 3:48 PM IST
Highlights

യുഡിഎഫ് അനുകൂല മണ്ഡലമായി വിലയിരുത്തപ്പെടുന്ന വയനാട് ലക്ഷ്യമിട്ട് മുതിര്‍ന്ന നേതാക്കള്‍ അണിയറനീക്കങ്ങള്‍ സജീവമാക്കിയതോടെയാണ് യൂത്ത് കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രമേയം പാസാക്കിയത്. 

കോഴിക്കോട്: വയനാട് ലോക്സഭാ സീറ്റില്‍ മലബാറിന് പുറത്തു നിന്നുള്ള സ്ഥാനാര്‍ഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്. എഐസിസി നിർദേശ പ്രകാരം  തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി വിളിച്ചു ചേർത്ത യോഗത്തിൽ ഇത് സംബന്ധിച്ച പ്രമേയം യൂത്ത് കോണ്‍ഗ്രസ് പാസാക്കി. 

കേരളത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് പങ്കെടുത്ത യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
വയനാട് ലോക്സഭാ മണ്ഡലത്തിലെ 7 നിയോജകമണ്ഡലം കമ്മിറ്റികളും പ്രമേയത്തെ പിന്തുണച്ചു. വയനാട് ലോക്സഭാ മണ്ഡലത്തിന്‍റെ ഭാഗമായി തിരുവമ്പാടിയിലെ മുക്കത്ത് വച്ചാണ് യോ​ഗം ചേർന്നത്. 

വയനാട്ടിലെ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷം നടന്ന 2009 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വോട്ടുകള്‍ക്കാണ് എം.ഐ ഷാനവാസ് വയനാട്ടില്‍ നിന്നും ജയിച്ചത്. എന്നാല്‍ 2014 ആയതോടെ ചിത്രം മാറി. സിപിഐയുടെ സത്യന്‍ മൊകേരി യുഡിഎഫ് കോട്ടയില്‍ ശക്തമായ മത്സരം നടത്തിയപ്പോള്‍  20,000ത്തിലേക്ക് ഷാനവാസിന്‍റെ ഭൂരിപക്ഷം ഇടിഞ്ഞു. 

ഷാനവാസിന്റെ അപ്രതീക്ഷിതവിയോ​ഗത്തെ തുടർന്ന് നിലവിൽ വയനാട് സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. അദ്ദേഹത്തിന്റെ മകളെ അവിടെ മത്സരിപ്പിക്കണം എന്ന നിർദേശം പല കോണുകളിൽ നിന്നും ഉയർന്നെങ്കിലും പാർട്ടി നേതൃത്വം അതിനോട് അനുകൂലമായല്ല പ്രതികരിക്കുന്നത്. വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപറ്റ. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ നിലമ്പൂർ, ഏറനാട്, വണ്ടൂർ എന്നീ നിയോജകമണ്ഡലങ്ങൾ ചേരുന്നതാണ് വയനാട് ലോക്സഭാ മണ്ഡലം. 

click me!