'ഈ മഞ്ഞ് പെയ്തിറങ്ങുന്നത് മനസ്സിലേക്കാണ്'; ഹിമാചല്‍ യാത്രാനുഭവങ്ങളുമായി പെപ്പെ, ശ്രദ്ധേയമായി 'വാബി സബി'

By Web TeamFirst Published May 16, 2021, 10:26 AM IST
Highlights

ഹിമാചല്‍ പ്രദേശിലെ കല്‍ഗയെ കേന്ദ്രീകരിച്ചാണ് ആദ്യ എപ്പിസോഡില്‍ യാത്രാനുഭവം വിവരിക്കുന്നത്. ഹിമാലയത്തിന്റെ വശ്യഭംഗിയും പെപ്പയും സുഹൃത്തുക്കളും താമസിച്ച ജിപ്‌സി ഹൗസും ചുറ്റുമുള്ള ആളുകളും കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് മഞ്ഞുപോലെ പെയ്തിറങ്ങുന്നു. 

ജീവിതത്തില്‍ ഒരിക്കലെങ്കിലും നേരില്‍ കണ്ട് അനുഭവിച്ചാല്‍ പിന്നെയും തന്റെ ഹൃദയത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള വശ്യതയാണ് ഹിമാചലിനെ എക്കാലവും പ്രിയപ്പെട്ടതാക്കുന്നത്. ദുര്‍ഘടകമായ പാതകള്‍ പിന്നിട്ടെത്തുന്ന മഞ്ഞുപെയ്തിറങ്ങുന്ന ആ  സ്വര്‍ഗത്തിലേക്ക് യുവതാരം ആന്റണി വര്‍ഗീസ്, മലയാളികളുടെ പ്രിയപ്പെട്ട പെപ്പെയും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ യാത്രയാണ് സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഏറെ സാഹസികതയും കൗതുകവും ഒളിപ്പിക്കുന്ന ഹിമവാന്റെ മടിത്തട്ടിലേക്കുള്ള 10 ദിവസത്തോളം നീണ്ട യാത്രയുടെ നുറുങ്ങ് ദൃശ്യങ്ങള്‍ മനോഹരമായി കോര്‍ത്തിണക്കിയ വീഡിയോയ്ക്ക് 'വാബി സബി' എന്നാണ് പേരിട്ടിരിക്കുന്നത്. പെപ്പെ ഉള്‍പ്പെടെ ഏഴ് സുഹൃത്തുക്കള്‍ കണ്ടതും അനുഭവിച്ചതുമായ മനോഹര കാഴ്കളിലൂടെ പ്രേക്ഷകരെ  കൊണ്ടെത്തിക്കുന്ന 'വാബി സബി' രണ്ട് എപ്പിഡോസുകളായാണ് പുറത്തിറക്കുന്നത്. ഇതില്‍ ഇപ്പോള്‍ പുറത്തിറങ്ങിയ ആദ്യത്തെ എപ്പിസോഡാണ് സോഷ്യല്‍ മീഡിയയില്‍ കയ്യടി നേടുന്നത്. 

ഹിമാചല്‍ പ്രദേശിലെ കല്‍ഗയെ കേന്ദ്രീകരിച്ചാണ് ആദ്യ എപ്പിസോഡില്‍ യാത്രാനുഭവം വിവരിക്കുന്നത്. ഹിമാലയത്തിന്റെ വശ്യഭംഗിയും പെപ്പയും സുഹൃത്തുക്കളും താമസിച്ച ജിപ്‌സി ഹൗസും ചുറ്റുമുള്ള ആളുകളും കാഴ്ചക്കാരുടെ ഹൃദയത്തിലേക്ക് മഞ്ഞുപോലെ പെയ്തിറങ്ങുന്നു. സൗത്ത് അമേരിക്കയില്‍ നിന്നും വീടും നാടും സ്വന്തം പേരും ഉപേക്ഷിച്ച് പ്രകൃതിയുടെ കാഴ്ചകളില്‍ ലയിക്കാന്‍ ഹിമാലയത്തിലെത്തിയ ശക്തിയും കല്‍ഗയുടെ സ്വന്തം ചാര്‍ളിയും ബാബയും തുടങ്ങി യാത്രയില്‍ പരിചയപ്പെട്ട ചില മനുഷ്യരെയും അവരുടെ ജീവതത്തെയും ഒരു കഥയിലെ കഥാപാത്രങ്ങളെപ്പോലെ 'വാബി സബി'യിലൂടെ പെപ്പെയും കൂട്ടരും കാഴ്ചക്കാരിലേക്ക് എത്തിക്കുന്നു. കല്‍ഗയില്‍ നിന്ന് മണാലിയിലേക്ക് യാത്ര തുടങ്ങുന്നിടത്താണ് 'വാബി സബി'യുടെ ആദ്യ എപ്പിസോഡ് അവസാനിക്കുന്നത്. മലയാളി യാത്രാപ്രേമികള്‍ സ്വന്തം നാടു പോലെ പറഞ്ഞു കേള്‍ക്കുന്ന മണാലിയെക്കുറിച്ചാണ് രണ്ടാം എപ്പിസോഡ്. 

ആന്റണി വര്‍ഗീസിലൂടെ കഥ പറയുന്ന വീഡിയോയുടെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സനി യാസാണ്. വൈശാഖ് സി വടക്കേവീട് ആണ്  നിര്‍മ്മാണം നിര്‍വഹിച്ചത്. മലയാള സിനിമയിലെ 25ഓളം സെലിബ്രിറ്റികള്‍ ചേര്‍ന്നാണ് 'വാബി സബി' റിലീസ് ചെയ്തത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!