Latest Videos

ചിരിക്കാതെ വായിക്കണം; ജിമിക്കി കമ്മല്‍ ഒരു താത്വിക അവലോകനം

By Web DeskFirst Published Sep 15, 2017, 5:36 PM IST
Highlights

മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറവിയെടുത്ത വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്ന ജിമിക്കി കമ്മല്‍ എന്നു തുടങ്ങുന്ന ഗാനം. ഈ പാട്ടിന് ചുവടുവച്ച കോളജ് വിദ്യാര്‍ഥികളുടെ വീഡിയോകളും വൈറലായി. 

അടുത്തിടെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് കൊമേഴ്‌സിലെ വിദ്യാര്‍ഥികള്‍ ഈ ഗാനത്തിന് ചുവടുവച്ച് യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഒരു കോടിയിലേറെ പേരാണ് കണ്ടത്. ഇതിന്റെ പകര്‍പ്പവകാശം അമേരിക്കന്‍ മാസ് മീഡിയ ഗ്രൂപ്പായ ന്യൂസ് കോര്‍പ്പറേഷന്‍ സ്വന്തമാക്കുകയും ചെയ്തു. 

ഇത്തരത്തില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമാകുന്ന ജിമിക്കി കമ്മലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. അതിനിടയില്‍ ഒരു വിരുതന്‍ ജിമ്മിക്കി കമ്മലിന്റെ വരികളെ കുറിച്ച് താത്വികമായൊരു അവലോകനം നടത്തി. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്  ഈ കുറിപ്പ്. വാട്‌സ് ആപ്പുവഴിയും വന്‍ പ്രചരമാണ് ഇതിന് ലഭിക്കുന്നത്. 

കാര്യങ്ങള്‍ ഇങ്ങനെയാക്കെ ആകുമ്പോഴും ആരാണ് ഈ കുറിപ്പ് എഴുതിയതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ആളെ തേടി ഫേസ്ബുക്കില്‍ സെര്‍ച്ച് ചെയ്താല്‍ മറ്റൊരു രസകരമായ കാര്യം കാണാം. നിരവധി പേരാണ് ഈ കുറിപ്പ് സ്വന്തം പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും വളരെ സരസമായി എഴുതിയ ഈ കുറിപ്പ് ചിരിയടക്കി വായിക്കാന്‍ പ്രയാസപ്പെടും എന്നുറപ്പ്.

'താത്വികമായ' അവലോകനം വായിക്കാം

വീട്ടില്‍ സ്വര്‍ണ്ണം വച്ചിട്ടെന്തിന് നാട്ടില്‍ തേടി നടപ്പൂ എന്നുള്ള പരസ്യ വാചകം അന്വര്‍ത്ഥമാക്കുന്നുണ്ട് വിവേകവാനായ അപ്പന്‍.
പക്ഷേ  അപ്പനെ ഉദാത്തവാനാക്കുന്ന കവി അമ്മയെ താഴ്ത്തിക്കെട്ടുന്നില്ല.

മറിച്ച് തൊട്ടടുത്ത വരികളില്‍ ന്റപ്പന്റെ ബ്രാണ്ടിക്കുപ്പി എന്റമ്മ കുടിച്ചു തീര്‍ത്തേ... എന്നുള്ള വരികളില്‍ പ്രതികാര ദുര്‍ഗ്ഗയായി ആടുന്ന ആനന്ദതുന്ദിലയായ ഒരമ്മയെയാണ് കവി വരച്ചിടുന്നത്.

അതായത് അമ്മ ഇവിടെ ബ്രാണ്ടിക്കുപ്പി എറിഞ്ഞു പൊട്ടിക്കയോ മറിച്ചുകളയുകയോ ചെയ്യുന്നില്ല .
പകരം അമ്മ അതു കുടിച്ചു വറ്റിച്ചു ആനന്ദതുന്ദിലയാവുകയാണ്.

ഇവിടെ കവി അമ്മ ബ്രാണ്ടിയില്‍ വെള്ളമാണോ സോഡയാണോ ഒഴിച്ചതെന്നോ..... ടച്ചിംഗ്‌സ് ഉപയോഗിച്ചിട്ടുണ്ടോ എന്നുള്ള കാര്യങ്ങള്‍ വായനക്കാരില്‍ നിന്നും ബോധപൂര്‍വ്വം മറച്ചു പിടിക്കുന്നു.

പകരം വായനക്കാരന്റെ മനസ്സിനെ അമ്മച്ചി ബ്രാണ്ടി അടിക്കുന്നതിന്റെ പിന്നിലെ നിഗൂഡതകളിലൂടെ വല്ലാതെ ഭ്രമണം ചെയ്യിപ്പിക്കുന്നുണ്ട് 

'ഹോ ..... ഈ കവി എന്തൊരു കാല്‍പ്പനികനാണ്.!

അടുത്ത വരികളിലാണ് കവിതയുടെ മുഴുവന്‍ ക്രാഫ്റ്റ് ഇരിക്കുന്നത്. 

'ഇവിടൊരു ചാകരയും വേലകളീം ഒത്തുവരുമ്പോ ചിലരുടെ തോര്‍ത്തു കീറിപ്പോയ'' കാര്യം ആ സാഹചര്യം കവി സ്മരിക്കയാണ്്
സുഹൃത്തുക്കളേ  കവി സ്മരിച്ചു മരിക്കയാണ്.

ആധുനിക കേരളത്തില്‍ ഇന്ന് കീറാത്ത ഒരു തോര്‍ത്തു പോലും കിട്ടാനില്ല എന്ന് കവി, കവിതയിലൂടെ ഭംഗിയായി പറഞ്ഞു വയ്ക്കുന്നു.

നോക്കൂ കീറാത്ത തോര്‍ത്തില്ലാത്ത കേരളത്തില്‍ 
ചാകരയും വേലകളും ഒത്തുവന്നപ്പോള്‍ ചിലരുടെ തോര്‍ത്തു കീറിയിട്ടുണ്ട്
നാളെ പലരുടെയും തോര്‍ത്തു കീറാം....

 ഇനിയെത്ര തോര്‍ത്തുകള്‍ കീറാനിരിക്കുന്നു എന്ന മുന്നറിയിപ്പും കവി നല്‍കുന്നു.

 കീറുന്ന തോര്‍ത്തുകളില്ലാത്ത, തോര്‍ത്തുകള്‍ കീറാത്ത കേരളത്തിനായി കവിതയിലൂടെ കവി മുറവിളി കൂട്ടുന്നുണ്ട്.

' ചെമ്മീന്‍ ചാട്യാ മുട്ടോളം
പിന്നേം ചാട്യാ ചട്ടിയോളം '

കണ്ടില്ലേ... കവി എത്ര സുന്ദരമായി മുതലാളിത്ത ഉല്പന്നമായ ഫ്രൈയിംഗ് പാനുകളെ തൊഴിച്ചെറിഞ്ഞ് ചട്ടിയെ തിരികെ പ്രതിഷ്ഠിക്കുന്നു

മണ്ണും ചെമ്മീനും തമ്മിലുള്ള പാരിസ്ഥിതിക ബന്ധങ്ങളെ കവി അവഗണിക്കുന്നില്ല മറിച്ച് ഫ്രൈയിംഗ് പാനുകള്‍ക്കൊപ്പം ചാടനുള്ളതല്ല ഒരു ചെമ്മീന്റെയും ജീവിതവുമെന്ന ദൃഷ്ടാന്തവും കവി നമുക്ക് പകര്‍ന്നു തരുന്നു.

എന്തൊരു ഉദാത്ത സങ്കല്പമാണത്.

ആധുനിക മലയാള ഗാന-കവിതാ രംഗത്തെ
നിസ്തുല പുണ്യ ഭൂമികകളാണ് ഇത്തരം മലയാള കവിതാ സൗകുമാര്യങ്ങള്‍.
എങ്ങിനെ വര്‍ണ്ണിക്കണമെന്ന ആശങ്കയുള്ളതിനാലാണ് വര്‍ണ്ണ്യത്തില്‍ ആശങ്ക എന്നു പറയേണ്ടി വരുന്നത്.
 

click me!