കോടികള്‍ പ്രതിഫലം വാങ്ങുന്ന യുവനടിമാര്‍ എവിടെയെന്ന് ഗണേഷ്

By Web TeamFirst Published Aug 27, 2018, 5:55 PM IST
Highlights

പല യുവതാരങ്ങളും കേരളത്തിനൊരു ദുരിതം വന്നപ്പോൾ യാതൊരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമർശനം.

കുരിയോട്ടുമല: മലയാളത്തിലെ യുവ നടന്മാർക്കെതിരെ ആഞ്ഞടിച്ച് ഗണേഷ്‌കുമാർ എംഎൽഎ. കോടിക്കണക്കിന് രൂപ ശമ്പളം മേടിക്കുന്ന മലയാളത്തിലെ പല യുവതാരങ്ങളും കേരളത്തിനൊരു ദുരിതം വന്നപ്പോൾ യാതൊരു സഹായവും ചെയ്തില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. താരങ്ങളുടെ പേര് പറയാതെയായിരുന്നു വിമർശനം. കുരിയോട്ടുമല ആദിവാസി ഊരുകളിൽ ഓണക്കിറ്റ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു ഗണേഷ് കുമാർ. ഇതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്.

നല്ല മനസ്സുള്ളവർ ലോകത്ത് ഇപ്പോഴും ഉണ്ട്. അവരെ തിരിച്ചറിയുന്നില്ലെന്ന് മാത്രം, കുഴപ്പക്കാരെ മാത്രമേ നാം കാണാറുളളൂ. നല്ല മനസ്സുള്ള, നിശബ്ദരായി സഹായിക്കുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. സിനിമാപ്രവർത്തകരുടെ കാര്യം നോക്കാം, കോടിക്കണക്കിന് രൂപ ശമ്പളം മേടിക്കുന്ന പല ആളുകളുടെയും ദുരിതം വന്നപ്പോൾ കാണാനില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് അഞ്ചുപൈസ കൊടുത്തതുമില്ല. ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം പറ്റുന്ന മലയാളത്തിലെ ചില നടന്മാർ, ചില യുവ നടന്മാർ അവരെയൊന്നും കാണാനേയില്ല. 

വെറും അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന ഹാസ്യ നടന്മാരുണ്ട്. ഇവരെയും കാണുന്നില്ല. സുരാജ് വെഞ്ഞാറമൂടിനെ പോലുള്ള പാവങ്ങൾ സഹായിച്ചിട്ടുണ്ട്. അവരൊന്നും കൂടുതൽ ശമ്പളം വാങ്ങുന്നവരല്ല. ഈ അഞ്ച് ദിവസത്തേയ്ക്ക് 35 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന താരങ്ങൾ അഞ്ചുപൈസ കൊടുത്തില്ല. ഒരു കട ഉദ്ഘാടനത്തിന് മുപ്പത് ലക്ഷം രൂപ വാങ്ങുന്ന താരങ്ങളുണ്ട്. ആ പെസൈ എങ്കിലും അവർ കൊടുക്കേണ്ടേ, അവർ പത്ത് ലക്ഷം കൊടുത്തു. കോടിക്കണക്കിന് രൂപ വാങ്ങുന്നവർ പ്രസ്താവന കൊടുക്കാനും ഫെയ്സ്ബുക്കിൽ എഴുതാനും തയാറാകുമ്പോൾ ഞാൻ അതിൽ പ്രതിഷേധിക്കുന്നുവെന്നും ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി.

ഞാനും ഒരു കലാകാരനാണ്. ഫെയ്സ്ബുക്കിൽ ആകാശത്ത് ഇരുന്ന് അഭിപ്രായം പറയുന്ന ചില ആളുകൾ ഒരു സഹായവും നൽകിയില്ല. ഇവിടെ ക്ലബിലുള്ള കുട്ടികൾ പിരിച്ചെടുത്ത തുക ചെറുതാണെങ്കിൽ പോലും അത് ദുരിതാശ്വാസനിധിയിലേയ്ക്ക് അവർ നൽകി. പത്തനാപുരം കാർഷിക വികസന ബാങ്കിന്റെ ഒരു ലക്ഷം രൂപ ഞാൻ തന്നെയാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.

click me!