'ഭീഷണി വേണ്ട, ഞങ്ങളുണ്ട് കൂടെ'; വിജയ് ചിത്രം സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകം

By Web TeamFirst Published Nov 9, 2018, 12:44 PM IST
Highlights

തന്നെ തേടി വീട്ടില്‍ പൊലീസ് എത്തിയെന്ന് ചിത്രത്തിന്റെ സംവിധായകനായ എ.ആര്‍ മുരുഗദോസ് ട്വീറ്റ് ചെയ്തതോടെയാണ് പിന്തുണയുമായി തമിഴ് സിനിമാലോകത്ത് നിന്ന് പ്രമുഖർ എത്തിയത്. കമല്‍ ഹാസൻ, രജനീകാന്ത്, വിശാൽ എന്നിവരാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്

ചെന്നൈ: രാഷ്ട്രീയാരോപണങ്ങളെ തുടര്‍ന്ന് വിവാദത്തിലായ വിജയ് ചിത്രം സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകം. മുന്‍ മുഖ്യമന്ത്രി ജെ.ജയലളിതയെ വിമര്‍ശിക്കുന്ന സീനുകളുണ്ടെന്ന് ആരോപിച്ചായിരുന്നു നിയമ മന്ത്രി അടക്കമുള്ള നേതാക്കള്‍ രംഗത്തുവന്നിരുന്നത്. 

ഇതിനിടെ തന്നെ തേടി വീട്ടില്‍ പൊലീസ് എത്തിയെന്ന് ചിത്രത്തിന്റെ സംവിധായകനായ എ.ആര്‍ മുരുഗദോസ് ട്വീറ്റ് ചെയ്തു. മുരുഗദോസിനെ തേടി പൊലീസ് എത്തിയതായി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ സണ്‍ പിക്‌ചേഴ്‌സും അറിയിച്ചു. ഇതോടെയാണ് തമിഴ് സിനിമാലോകത്ത് നിന്ന് നിരവധി പ്രമുഖര്‍ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. 

ചിത്രത്തിന് പിന്തുണ പ്രഖ്യാപിച്ച് നേരത്തേ തന്നെ കമല്‍ ഹാസന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്ത്, വിശാല്‍ തുടങ്ങിയവരും പിന്തുണയുമായെത്തിയിരിക്കുന്നത്. 

 

Police had come to my house late tonight and banged the door several times.Since I was not there they left the premises. Right now I was told there is no police outside my house.

— A.R.Murugadoss (@ARMurugadoss)

 

സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ആദ്യസംഭവമല്ലെന്നും ഇത്തരം നടപടികളെടുക്കുന്ന അധികാരികള്‍ വൈകാതെ താഴെ വീഴുമെന്നുമാണ് കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നത്. പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്നും ഇത് ചിത്രത്തെയും അതിന്റെ നിര്‍മ്മാതാക്കളെയും അപമാനിക്കുന്നതാണെന്നുമാണ് രജനീകാന്തിന്റെ പ്രതികരണം. 

 

Police in Dir Murugadoss s home????? For Wat?? Hoping and really hoping that nothin unforeseen happens. Once again. Censor has cleared the film and the content is watched by public.den why all this hue and cry.

— Vishal (@VishalKOfficial)

 

സെന്‍സര്‍ ബോര്‍ഡ് കണ്ട് ബോധ്യപ്പെട്ട് പ്രദര്‍ശനാനുമതി നല്‍കിയ ചിത്രത്തിനെതിരെ വീണ്ടും പ്രതിഷേധിക്കേണ്ട ആവശ്യമെന്താണെന്നായിരുന്നു നടന്‍ വിശാലിന്റെ ട്വീറ്റ്. സര്‍ക്കാരിന് പിന്തുണയുമായി തമിഴ് സിനിമാലോകത്ത് നിന്ന് കൂടുതല്‍ താരങ്ങളും സിനിമാ പ്രവര്‍ത്തകരും ഇനിയും എത്തുമെന്ന് തന്നെയാണ് സൂചന. സമൂഹമാധ്യമങ്ങളിലും ചിത്രത്തിന് വേണ്ടി വ്യാപകമായ ക്യാംപയിന്‍ ആരംഭിച്ചിട്ടുണ്ട്. പീപ്പിള്‍ഫേവ് സര്‍ക്കാര്‍ എന്ന ഹാഷ്ടാഗിലാണ് ക്യാംപയിന്‍.

click me!