മുന്‍ കാമുകനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ അമല പോളിന് അനുമതി

By Web TeamFirst Published Nov 3, 2020, 3:39 PM IST
Highlights

തന്‍റെ അനുമതിയില്ലാതെ, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഭവ്നിന്ദറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അമല പോള്‍ ആരോപിക്കുന്നു.

ചെന്നൈ: മുന്‍ കാമുകനും ഗായകനുമായ ഭവ്നിന്ദര്‍ സിംഗിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ നടി അമല പോളിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2018ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങള്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ഭവ്നിന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തങ്ങളുടെ വിവാഹം കഴിഞ്ഞു എന്ന പ്രതീതി ഉളവാക്കുംവിധമായിരുന്നു ഇത്. 

മണിക്കൂറുകള്‍ക്കകം ഭവ്നിന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചിരുന്നെങ്കിലും ഇരുവരുടെയും വിവാഹം കഴിഞ്ഞതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിരവധി പേര്‍ ഈ ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെക്കുറിച്ച് അമല പോള്‍ അന്ന് പ്രതികരണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍ ഭവ്നിന്ദറിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാനുള്ള അനുമതിക്കായി അമല പോള്‍ പിന്നീട് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തന്‍റെ അനുമതിയില്ലാതെ, തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമാണ് ഭവ്നിന്ദറിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് അമല പോള്‍ ആരോപിക്കുന്നു. സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യാന്‍ ജസ്റ്റിസ് സതീഷ് കുമാറാണ് അമലയ്ക്ക് അനുമതി നല്‍കിയത്. അതേസമയം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങള്‍ അമലയുടേതായി പുറത്തുവരാനുണ്ട്. ബ്ലെസ്സിയുടെ ആടുജീവിതം, തമിഴ് ചിത്രങ്ങളായ ആതോ അന്ത പറവൈ പോല, കഡാവര്‍, 'ലസ്റ്റ് സ്റ്റോറീസി'ന്‍റെ തെലുങ്ക് റീമേക്ക് എന്നിവയാണ് അമല പോളിന്‍റേതായി പുറത്തുവരാനുള്ള സിനിമകള്‍. 

click me!