Latest Videos

പ്രിയ വാര്യര്‍ക്കെതിരായ കേസ്: 'വേറെ പണിയില്ലേ' എന്ന് സര്‍ക്കാരിനോട് സുപ്രീംകോടതി

By Web TeamFirst Published Aug 31, 2018, 11:34 AM IST
Highlights

സിനിമയിൽ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങൾ അതിനെതിരെ ഉടൻ കേസ് എടുക്കും. നിങ്ങൾക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സർക്കാരിനോട് സുപ്രീം കോടതി.

ദില്ലി: ഒരു അഡാര്‍ ലൗ സിനിമയിലെ നായിക പ്രിയ വാര്യര്‍ക്കെതിരായി തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ സുപ്രീംകോടതി റദ്ദാക്കി. മതവികാരത്തെ അപമാനിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട എഫ്.ഐ.ആറാണ് സുപ്രീംകോടതി റദ്ദാക്കിയത്. തെലങ്കാന സര്‍ക്കാരിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഹര്‍ജി പരിഗണിക്കവേ സുപ്രീംകോടതി നടത്തിയത്. സിനിമയിൽ ആരെങ്കിലും ഒരു പാട്ട് പാടും. നിങ്ങൾ അതിനെതിരെ ഉടൻ കേസ് എടുക്കും. നിങ്ങൾക്ക് മറ്റു ജോലി ഒന്നും ഇല്ലേയെന്ന് തെലങ്കാന സർക്കാരിനോട് കോടതി വാക്കാല്‍ ചോദിച്ചു. 

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിനെതിരെയായിരുന്നു പരാതി. പ്രവാചക ജീവിതം ആസ്പദമാക്കി രചിച്ച ഗാനത്തിന്‍റെ ചിത്രീകരണം അപഹാസ്യകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈദരാബാദിലെ ഒരു സഘം ആളുകള്‍ തെലങ്കാന പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്ത തെലങ്കാന പൊലീസിന്‍റെ നടപടിയാണ് കോടതി ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്. 

സിനിമയിലെ പാട്ടിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ പരിശോധിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡാണെന്നും പൊലീസില്ലെന്നും എഫ്.ഐ.ആര്‍ റദ്ദാക്കി കൊണ്ട് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രശസ്തമായ ഒരു ഗാനത്തിന്റെ ചിത്രീകരണത്തിൽ കണ്ണു ചിമ്മുന്നത് ദൈവ നിന്ദയായി കാണാൻ ആകില്ല. ചിത്രത്തിലെ നായിക പ്രിയ പ്രകാശ് വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി നടപടി. നേരത്തെ ഇതേ ഹര്‍ജിയില്‍ പ്രിയക്കെതിരെ ക്രിമിനല്‍ചട്ടപ്രകാരം നടപടി സ്വീകരിക്കരുതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.

click me!