കുട്ടികളെ മോശമായി ചിത്രീകരിക്കുന്നു; ബോംബെ ബീഗംസ് നിര്‍ത്തിവെക്കണമെന്ന് നിര്‍ദേശം

By Web TeamFirst Published Mar 12, 2021, 11:04 AM IST
Highlights

നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
 

ദില്ലി:  കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്യുന്ന വെബ് സീരീസ് ബോംബെ ബീഗംസ് നിര്‍ത്തിവെക്കാന്‍ ദേശീയ ശിശുഅവകാശ സംരക്ഷണ കമ്മീഷന്‍(എന്‍സിപിസിഐആര്‍) നോട്ടീസ് നല്‍കി. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നും ഇല്ലെങ്കില്‍ നിയമപരമായി നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. സീരീസില്‍ കുട്ടികളെ അനുയോജ്യമല്ലാത്ത തരത്തിലാണ് ചിത്രീകരിക്കുന്നത്. ഇത്തരം ഉള്ളടക്കങ്ങള്‍ കുട്ടികളെ മനസ്സ് മലിനപ്പെടുത്തുക മാത്രമല്ല, കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാനും കാരണമാകുമെന്ന് നോട്ടീസില്‍ പറയുന്നു.

കുട്ടികള്‍ ലൈംഗികതയിലേര്‍പ്പെടുന്നതും മയക്കുമരുന്ന് ഉപയോഗിക്കുന്നതും സാധാരണ കാര്യമായി ചിത്രീകരിക്കുകയാണ് സീരീസിലെന്ന് കാണിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. നെറ്റ്ഫ്‌ലിക്‌സ് ഇത്തരം ഉള്ളടക്കങ്ങള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വനിതാ ദിനത്തിലാണ് ബോംബെ ബീഗംസ് നെറ്റ്ഫ്‌ലിക്‌സ് റിലീസ് ചെയ്തത്. പൂജാ ഭട്ട്, അമൃത സുഭാഷ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്.
 

click me!