ഇതും പൊല്ലാപ്പാകുമോ? ഐഫോണ്‍ 18 പ്രോ മോഡലുകളുടെ സവിശേഷതകള്‍ ലീക്കാക്കി യൂട്യൂബര്‍ ജോണ്‍ പ്രോസ്സര്‍

Published : Jan 19, 2026, 03:19 PM IST
iPhone 17 Pro Max

Synopsis

അണ്ടര്‍-ഡിസ്‌പ്ലെ ഫേസ്ഐഡി, പരിഷ്‌കരിച്ച ഡൈനാമിക് ഐലന്‍ഡ്, വേരിയബിള്‍-അപേര്‍ച്വര്‍ ക്യാമറ, ഉപഗ്രഹ-അധിഷ്‌ഠിത 5ജി പിന്തുണ, പുതിയ ഇന്‍-ഹൗസ് ചിപ്പ് എന്നിവ ഐഫോണ്‍ 18 പ്രോയിലും ഐഫോണ്‍ 18 പ്രോ മാക്‌സിലും വരുമെന്ന് സൂചന 

കാലിഫോര്‍ണിയ: ആപ്പിളിന്‍റെ ഐഫോണ്‍ 18 പ്രോ, ഐഫോണ്‍ 18 പ്രോ മാക്‌സ് എന്നിവ 2026 സെപ്റ്റംബറില്‍ പുറത്തിറങ്ങുക വമ്പന്‍ അപ്‌ഗ്രേഡുകളുമായി എന്ന് സൂചന. ആപ്പിളിന്‍റെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകളാണ് ഐഫോണ്‍ 18 പ്രോ ലൈനപ്പില്‍ വരികയെന്നാണ് വിവരം. ഇവയില്‍ അണ്ടര്‍-ഡിസ്‌പ്ലെ ഫേസ്ഐഡി, പരിഷ്‌കരിച്ച ഡൈനാമിക് ഐലന്‍ഡ്, വേരിയബിള്‍-അപേര്‍ച്വര്‍ ക്യാമറ, ഉപഗ്രഹ-അധിഷ്‌ഠിത 5ജി പിന്തുണ, പുതിയ ഇന്‍-ഹൗസ് ചിപ്പ് എന്നിവ ഉള്‍പ്പെടുന്നു എന്നാണ് യൂട്യൂബര്‍ ജോണ്‍ പ്രോസ്സറിന്‍റെ 'ഫ്രണ്ട് പേജ് ടെക്' എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട സൂചനകള്‍. 

ഐഫോണ്‍ 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവയുടെ ലീക്കുകളില്‍ പറയുന്നത്

1. അണ്ടര്‍-ഡിസ്‌പ്ലെ ഫേസ് ഐഡി

പിന്നില്‍ നിന്ന് നോക്കുമ്പോള്‍ ഐഫോണ്‍ 17 പ്രോയുടെ ഏതാണ്ട് സമാനമായ ലുക്കാണ് ഐഫോണ്‍ 18 പ്രോയ്‌ക്ക് ഉണ്ടാവുകയെങ്കിലും മുന്‍ ഭാഗത്ത് മാറ്റങ്ങളുണ്ടാകും. ഐഫോണ്‍ 18 പ്രോയില്‍ ഫേസ് ഐഡി ഹാര്‍ഡ്‌വെയര്‍ ഡിസ്‌പ്ലെയുടെ താഴെയായിരിക്കും. മധ്യഭാഗത്തിന് പകരം ഒരു വശത്തേക്ക് അല്‍പം മാറിയായിരിക്കും സെല്‍ഫി ക്യാമറയുടെ സ്ഥാനം എന്നും യൂട്യൂബര്‍ ജോണ്‍ പ്രോസ്സര്‍ അവകാശപ്പെടുന്നു. ഡൈനാമിക് ഐലന്‍ഡ് കൂടുതല്‍ ചുരുക്കാന്‍ സാധ്യതയുണ്ട്. ഐഫോണ്‍ 18 പ്രോ മോഡലുകള്‍ക്ക് പുതിയ കളര്‍ വേരിയന്‍റുകള്‍ വരുമെന്നും അദേഹം അവകാശപ്പെടുന്നു.

2. വേരിയബിള്‍- അപേര്‍ച്വര്‍ ക്യാമറ

ഐഫോണ്‍ 18 പ്രോ മോഡലുകളിലെ പ്രധാന ക്യാമറയില്‍ വേരിയബിള്‍- അപേര്‍ച്വര്‍ ക്യാമറ വരുമെന്ന ജോണ്‍ പ്രോസ്സറുടെ വാക്കുകളാണ് പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന അപ്‌ഗ്രേഡ്. ആപ്പിള്‍ ഈ ഫീച്ചര്‍ ചിലപ്പോള്‍ ഐഫോണ്‍ 18 പ്രോ മാക്‌സിലേക്ക് ചുരുക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസ്സര്‍ വാദിക്കുന്നു.

3. ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ മാറ്റം

ഇക്കഴിഞ്ഞ ഐഫോണുകളില്‍ ആപ്പില്‍ അവതരിപ്പിച്ച ക്യാമറ കണ്‍ട്രോള്‍ ബട്ടണില്‍ ആപ്പിള്‍ ചില മാറ്റങ്ങള്‍ വരുമെന്നതാണ് മറ്റൊരു അഭ്യൂഹം. പുറത്തിറങ്ങാനിരിക്കുന്ന ഐഫോൺ 18 പ്രോയിൽ ആപ്പിൾ കപ്പാസിറ്റീവ് ടച്ച് നീക്കം ചെയ്‌ത് പ്രഷർ സെൻസിംഗ് മാത്രം നിലനിർത്തിയേക്കാം. ഇത് ഹാര്‍ഡ്‌വെയര്‍ ലളിതമാക്കുകയും നിര്‍മ്മാണവും അറ്റകുറ്റപ്പണികളും അനായാസമാക്കുകയും ചെയ്യും. ഇതുവഴി ചിലവ് കുറയ്ക്കുകയും ചെയ്യാം.

4. 5ജി അടിസ്ഥാനത്തിലുള്ള ഉപഗ്രഹ പിന്തുണ

അടിയന്തര എസ്ഒഎസ് ഉപഗ്രഹ സംവിധാനത്തിന് പുറമെ ഐഫോണ്‍ 18 പ്രോ മോഡലിലേക്ക് 5ജി സെല്ലുലാര്‍ ഉപഗ്രഹ പിന്തുണ വിപുലമായി അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നു എന്നാണ് ജോണ്‍ പ്രോസ്സര്‍ പുറത്തുവിട്ട മറ്റൊരു വിവരം. ടവര്‍-അധിഷ്‌ഠിത പരമ്പരാഗത നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരമാണ് ആപ്പിള്‍ കൂടുതല്‍ സാറ്റ്‌ലൈറ്റ് പിന്തുണ നല്‍കാനൊരുങ്ങുന്നത്. ഐഫോണ്‍ 14ലായിരുന്നു ആപ്പിള്‍ ആദ്യമായി സാറ്റ്‌ലൈറ്റ് എമര്‍ജന്‍സി ഫീച്ചര്‍ അവതരിപ്പിച്ചത്. കവറേജ് ഇല്ലാത്ത സ്ഥലങ്ങളില്‍ നെറ്റ്‌വര്‍ക്ക് ലഭിക്കാന്‍ ഇത് വഴിയൊരുക്കും.

5. എ20 പ്രോ ചിപ്പും സി2 മോഡവും

ഐഫോണ്‍ 18 പ്രോ ലൈനപ്പ് 2nm പ്രോസസ്സിലുള്ള എ20 പ്രോ ചിപ്പ് ഉപയോഗിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടതുമാണ്. ഫോണിന് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനും ബാറ്ററി എഫിഷ്യന്‍സിയും ഉറപ്പാക്കുന്നതായിരിക്കും എ20 പ്രോ ചിപ്പ് എന്ന് അനുമാനിക്കാം. ക്വാല്‍കോമില്‍ നിന്ന് മാറി അടുത്ത-തലമുറ സി2 മോഡം ഐഫോണ്‍ 18 പ്രോ ലൈനപ്പില്‍ അവതരിപ്പിക്കുമെന്നും ജോണ്‍ പ്രോസ്സര്‍ അവകാശപ്പെട്ടു. ആപ്പിള്‍ മറ്റ് കമ്പനികളെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനിയുടെ തന്നെ ചിപ്പുകള്‍ വികസിപ്പിക്കുന്നത്. ഐഒഎസ് 26 രഹസ്യങ്ങള്‍ ലോഞ്ചിന് മുമ്പേ പുറത്തുവിട്ടതിന് ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ജോണ്‍ പ്രോസ്സറിനെതിരെ പരാതി നല്‍കിയിരുന്നു. അതിനാല്‍, ഐഫോണ്‍ 18 പ്രോ മോഡലുകള്‍ സംബന്ധിച്ച് പ്രോസ്സര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന വിവരങ്ങളിലും ആപ്പിളിന്‍റെ പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷ ടെക് ലോകത്തിനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

കാത്തിരിപ്പ് ഉടന്‍ അവസാനിക്കും; റെഡ്‌മി നോട്ട് 15 പ്രോ സീരീസ് ഇന്ത്യന്‍ ലോഞ്ച് തീയതി ലീക്കായി
വാഷിംഗ് മെഷീനുകള്‍ക്കും ടിവികള്‍ക്കും വമ്പിച്ച ഓഫര്‍; വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് തോംസണ്‍