അച്ഛനും മകനും; ' അഛാ.. നമ്മടെ മമ്മൂക്കാക്ക്... ശരിക്കും എത്ര വയസ്സായി ? ' ഓര്‍മ്മചിത്രങ്ങളുമായി ഡൂഡില്‍ മുനി

First Published Jan 18, 2021, 1:36 PM IST

ലോക്ഡൌണ്‍ കാലത്തെ മലയാളികളുടെ വിരസതയിലേക്ക് വരകളിലൂടെ മകള്‍ ജാന്‍കിയുടെ ഗര്‍ഭസ്ഥ ദിനങ്ങളുമായി കടന്നുവന്ന 'ഡൂഡില്‍ മുനി' എന്ന ആരോഷ് തേവടത്തിലിനെ പെട്ടെന്നാരും മറക്കില്ല.  ആദ്യത്തെ കുട്ടിയുടെ വരവിനായി കാത്തിരിക്കുന്ന മലയാളി കുടുംബങ്ങളില്‍ നിന്ന് ചീന്തിയെടുത്ത നിമിഷങ്ങളായിരുന്നു ആ വരകളില്‍ നിറയെ. ആ തന്മയത്വം തന്നെയാണ് ഡൂഡില്‍ മുനിയെ സാമൂഹ്യമാധ്യമം ഉപയോഗിക്കുന്ന മലയാളിയുമായി അടുപ്പിച്ചതും. വീണ്ടും ഡൂഡില്‍ മുനി സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ്. പക്ഷേ ഇത്തവണ, മകള്‍ ജാനകിയല്ല. അച്ഛനും മകനുമാണ് വിഷയം. തൊണ്ണൂറുകളില്‍ വളര്‍ന്ന തലമുറയുടെ ഓര്‍മ്മകളാണ്  'അച്ഛനും മകനും' സീരീസിലെ വിഷയം. ചിത്രം വരയ്ക്കാന്‍ അഭിരുചിയുള്ള മകനെ തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഒരച്ഛന്‍ എങ്ങനെയാണ് കൊണ്ടുനടന്നതെന്നും അങ്ങനെ അച്ഛനും മകനും തമ്മിലുടലെടുത്ത ആത്മബന്ധത്തെയും കുറിച്ചാണ് 'അച്ഛനും മകനു'മെന്ന പരമ്പര കോറിയിടുന്നത്. കാണാം ആ ആത്മബന്ധത്തിന്‍റെ കഥ. തയ്യാറാക്കിയത് : കെ ജി ബാലു.

അഛാ... അമ്പിളി മാമന്‍.... : അച്ഛന് ആശാരിപ്പണിയായിരുന്നു. എവിടെ പോയാലും അദ്ദേഹത്തിന്‍റെ കൈയില്‍ ഒരു കവറുണ്ടാകും. നാട്ടിലെ ഒരു ടെക്സ്റ്റൈല്‍സിന്‍റെ കവറാണത്. അതിലാണ് അച്ഛന്‍റെ പണിയായുധങ്ങള്‍ വച്ചിട്ടുണ്ടാകുക. അച്ഛന്‍റെ ചിത്രം വരയ്ക്കുകയാണെങ്കില്‍ കൂടെ ആ കവറും വരയ്ക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അന്നത്തെ അദ്ദേഹത്തിന്‍റെ വാഹനമായിരുന്നു സൈക്കിള്‍. അച്ഛനും ഞാനും മിക്കവാറും ആ സൈക്കിളിലാകും യാത്ര. ഹെര്‍കുലീസ് സൈക്കിളിന്‍റെ ഹാന്‍റിലില്‍ മുറുക്കെ പിടിച്ച് മുന്നിലെ കമ്പിപ്പടിയില്‍ ഞാനിരിക്കും. അങ്ങനെ ഞങ്ങള് രണ്ട് പേരും നാടുനീളെ ചവിട്ടിനടക്കും. നിലാവുള്ള, തെളിഞ്ഞ ആകാശമുള്ള രാത്രികളില്‍ അച്ഛന്‍ എന്നെയും ഇരുത്തി സൈക്കിള്‍ ചവിട്ടും. ഒന്നെങ്കില്‍ വിശാലമായ ഏതെങ്കിലും തുറസായ സ്ഥലത്ത്, അല്ലെങ്കില്‍ തൊട്ടടുത്തുള്ള ഏതെങ്കിലും കുന്നിന്‍ മുകളിലേക്കാകും ഞങ്ങളുടെ യാത്ര. അവിടെ നിന്ന് ഞങ്ങളിരുവരും ആകാശത്തേക്ക് നോക്കിയിരിക്കും. ഞങ്ങള്‍ക്ക്, അച്ഛനും മകനും ആകാശവും നക്ഷത്രങ്ങളും എന്നും വീക്‍നസായിരുന്നു. അന്ന് അച്ഛനെനിക്ക് തിരുവാതിര നക്ഷത്രത്തെയും ചെവ്വയേയും കാണിച്ച് തരും. പിന്നെ പേരറിയാത്ത, അനേകായിരം നക്ഷത്രത്തെയും അതിന് നടുവിലെ ചന്ദ്രനെയും കാണിച്ച് അദ്ദേഹം ഓരോ കഥകള്‍ പറയും. ഉല്‍ക്കകള്‍, വാല്‍ നക്ഷത്രങ്ങള്‍, നക്ഷത്ര സമൂഹങ്ങള്‍.... അങ്ങനെ ആകാശത്തോളം വലിയ കഥകള്‍ അച്ഛന്‍ എനിക്ക് പറഞ്ഞു തരും. അതൊക്കെ കേട്ട് അന്തം വിട്ട് ഞാന്‍ ആ പാതിരാവില്‍ കണ്ണും മിഴിച്ച് ഇരിക്കും. അങ്ങനെ എത്രയെത്ര രാത്രികള്‍...
undefined
അഛാ.. നമ്മുടെ മമ്മൂക്കാക്ക് ശരിക്കും എത്ര വയസ്സായി ? :നാട്ടിലെ ഏക ടാക്കീസായിരുന്നു അജയ് ടാക്കീസ്. ഓലമേഞ്ഞ നീണ്ട കെട്ടിടം. ആഴ്ചയില്‍ പുതിയ പടങ്ങള്‍ മാറിവരുമ്പോള്‍ അച്ഛന്‍ എന്നെയും കൊണ്ട് തീയറ്ററിലേക്ക് പോകും. വല്ലപ്പോഴുമേ സിനിമയ്ക്ക് കേറൂ. മറ്റ് സമയങ്ങളില്‍ സിനിമ തുടങ്ങും മുന്നേ അച്ഛനും ഞാനും ടാക്കീസിലെത്തും. അച്ഛന്‍ സൈക്കിള് സ്റ്റാന്‍റില്‍ വച്ച് കടലയും കൊറിച്ച് ആരോടെങ്കിലുമൊക്കെ വര്‍ത്തമാനം പറഞ്ഞ് നില്‍ക്കും. ഞാന്‍ ടാക്കീസും അവിടെ വരുന്ന നാട്ടുകാരെയും പിന്നെ പോസ്റ്ററും മറ്റും നോക്കി അച്ഛന്‍ വാങ്ങിതന്ന കടല മൊത്തം തിന്ന് തീര്‍ക്കും. ഇന്ന്, ആ പഴയ അജയ് ടാക്കീസില്ല. കേരളത്തിലങ്ങോളമിങ്ങോളമുണ്ടായിരുന്ന അത്തരം ഓലമേഞ്ഞ സിനിമാ കൊട്ടകകള്‍ അപ്രത്യക്ഷമായി തുടങ്ങിയ കാലത്ത് തന്നെ ഞങ്ങളുടെ നാട്ടില്‍ നിന്നും അജയ് ടാക്കീസും പൊളീച്ച് നീക്കി. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് മമ്മൂട്ടിയുടെ പിറന്നാള്‍ ദിവസം അദ്ദേഹത്തെ വച്ച് ഒരു ചിത്രം വരയ്ക്കണമെന്ന് തോന്നിയപ്പോള്‍ കുട്ടിക്കാലത്തെ ആ ടാക്കീസിലേക്ക് ഓര്‍മ്മകളിലൂടെ അച്ഛനൊപ്പം ഞാനും സഞ്ചരിച്ചു. അങ്ങനെ അച്ഛനും ഞാനും മമ്മൂട്ടിയും പിന്നെ ഞങ്ങളുടെ അജയ് ടാക്കീസും എല്ലാരെയും ഒന്നിച്ച് ഞാനിങ്ങ് കൂട്ടി. അങ്ങനെ വരച്ച ചിത്രമാണ് ഇത്. ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തപ്പോള്‍ നാട്ടുകാരായ ഒരുപാട് പേര് എണ്‍പതുകളിലെയും തൊണ്ണൂറുകളിലെയും അജയ് ടാക്കീസ് ഓര്‍മ്മകള്‍ പുതുക്കി.(കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More -ല്‍ ക്ലിക്ക് ചെയ്യുക)
undefined
രാഘവാ നിനക്കിന്ന് പണിയുണ്ടായിട്ടും ഈ ചെക്കനേം കൊണ്ട് എങ്ങോട്ടാ.... : അന്ന് ദിവസക്കൂലിയായിരുന്നു. ഒരു ദിവസത്തെ പണിക്ക് പോയില്ലെങ്കില്‍ അന്നത്തെ കൂലിയായ നൂറ് രൂപ നഷ്ടമാകും. വീട്ടിലെ കാര്യങ്ങള്‍ പരുങ്ങലിലാകും. എന്നാലും, പല ദിവസങ്ങളിലും പണി കളഞ്ഞ്, അച്ഛന്‍ നാട്ടിലെ എല്ലാ ചിത്രരചനാ മത്സരത്തിലേക്കും എന്നെ സൈക്കിളിന്‍റെ മുന്നിലിരുത്തി ആഞ്ഞ് ചവിട്ടിപ്പോകും. അടുത്ത പരിചയക്കാര് എതിരേ വരുമ്പോള്‍ അച്ഛനോട് ചോദിക്കും. " ഇവനെയും കൊണ്ട് ഇങ്ങനെ നടന്നാല്‍ വീട്ടിലേക്ക് എന്തെങ്കിലും വകുപ്പുണ്ടാക്കാന്‍ പറ്റോന്ന് ". അച്ഛന് പലപ്പോഴും അതിന് മറുപടി പറയില്ല. പകരം തലവെട്ടിച്ച് ഒന്ന് ചിരിക്കും. അത്രമാത്രം.
undefined
മ്... മ്... മും... അവക്കൊന്നും വേണ്ടാ... : എന്നും പണികഴിഞ്ഞ് വീട്ടിലെത്തിയാല്‍ അച്ഛന്‍ എന്നെ സൈക്കിളിന് മുന്നിലിരുത്തി ടൌണിലെ ചായക്കടയിലേക്ക് പോകും. അവിടെ നിന്ന് അച്ഛന്‍ അന്നത്തെ 'ഏറ്റവും വലിയ ആര്‍ഭാട ഭക്ഷണ'മായിരുന്ന പൊറോട്ടയും ബീഫും വാങ്ങിത്തരും. ഞാന്‍ രണ്ട് കൈയും കൂട്ടി പോറോട്ട വലിച്ച് കീറി വായിലേക്ക് കുത്തി നിറയ്ക്കും. പിന്നെ ബീഫും. അച്ഛന്‍ താടിക്ക് കൈയും കൊടുത്ത് എന്നെ നോക്കിയിരിക്കും. കഴിച്ച് കഴിയാറാകുമ്പോള്‍ അച്ഛന്‍ ചോദിക്കും " അവക്കെന്താ വാങ്ങണ്ടേന്ന്". അനിയത്തിക്കാണ്. ഞാന്‍ വിടില്ല. പൊറോട്ട കടിച്ച് പറിക്കുന്നതിനിടെയിലും " അവക്കൊന്നും വാങ്ങേണ്ടെന്ന്" പറഞ്ഞൊപ്പിക്കും. എന്നാലും, അച്ഛന്‍ അവള്‍ക്കായി എന്തെങ്കിലും വാങ്ങാതിരിക്കില്ല. പക്ഷേ, എന്നും അച്ഛന്‍ ആ ചോദ്യം ചോദിക്കും എന്നും ഞാന്‍ ഒരെ ഉത്തരം പറയും. അന്നത്തെ ഓരോരോ കുറുമ്പുകള്‍.
undefined
ഇത് നീ ബാംഗ്ളൂര്‍ക്ക് കൊണ്ടൊക്കോ.... : ഈ ചിത്രം എന്‍റെ കുട്ടിക്കാലത്തെതല്ല. എന്‍റെ വിവാഹം കഴിഞ്ഞ ശേഷമുള്ള ഒരു ഓര്‍മ്മയാണ്. പക്ഷേ, കുട്ടിക്കാലത്തെ അച്ഛനും ഞാനും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മാറ്റമില്ലാതെ തുടരുന്നുവെന്ന് പിന്നീട് എന്ന പലതവണ ഓര്‍മ്മിപ്പിച്ചൊരു നിമിഷമായിരുന്നു അത്. എന്‍റെ വിവാഹ ശേഷം ഒരു ദിവസം അച്ഛന്‍ എന്നെയും ഭാര്യയെയും വിളിച്ചിട്ട് പറഞ്ഞു, 'നിങ്ങള്‍ക്ക് ഇത് വരെയാരും കാണാത്തൊരു സ്ഥലം കാണിച്ച് തരാം'. അങ്ങനെ അച്ഛനും ഞാനും ഭാര്യയും പിന്നെ എന്‍റെ കസിന്‍ സഹോദരങ്ങളുമെല്ലാം കൂടി നാട്ടില്‍ തന്നെയുള്ള കരിയാത്തും പാറ എന്ന സ്ഥലത്തിനടുത്തുള്ളൊരു ചെറിയ വെള്ളച്ചാട്ടം കാണാന്‍ പോയി. നാട്ടിലിത്രയടുത്തായിരുന്നിട്ടും ഞാനാദ്യമായാണ് ആ സ്ഥലം കാണുന്നത്. ഞങ്ങള്‍ അവിടെ കറങ്ങി നടക്കുന്നതിനിടെ അച്ഛന്‍ എന്നെ അടുത്ത് വിളിച്ചു. എന്നിട്ട് ആ അരുവിയില്‍ നിന്നും അച്ഛന്‍ പെറുക്കിയെടുക്ക പല നിറമുള്ള ഭംഗിയുള്ള ഉരുളന്‍ കല്ലുകള്‍ എന്‍റെ കൈയില്‍ തന്നിട്ട് പറഞ്ഞു. " അടുത്ത തവണ നീ ബാംഗളൂര് പോകുമ്പോ ഇതും കൂടി കൊണ്ട് പോയിക്കോ... നല്ല ഭംഗിയുണ്ട് ". ഒരു നിമിഷം അച്ഛനും ഞാനും പഴയ ആ സൈക്കിളിന്‍റെ പുറത്ത് ഞങ്ങളുടെ ഗ്രാമം ചുറ്റുകയാണെന്ന് തോന്നി. പിന്നീട് പലപ്പോഴും ഈ രംഗം എന്‍റെ മനസില്‍ വല്ലാത്തൊരു കുളിര് കോരിയിട്ടിട്ടുണ്ട്. ചെറിയ ഉരുളന്‍ കല്ലില്‍ പോലും അദ്ദേഹത്തിന് 'ആര്‍ട്ട്' കാണാന്‍ പറ്റുന്നുണ്ടെന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്.
undefined
മാഷേ... ഇവന്‍ കുറച്ചൊക്കെ വരയ്ക്കും....: അവിടന്നല്ലൂര്‍ സ്കൂളിലായിരുന്നു ഞാന്‍ പഠിച്ചിരുന്നത്. എന്നാല്‍ മറ്റൊരു സ്കൂളിലെ അധ്യാപകനായ വിഷ്ണു നമ്പൂതിരി മാഷായിരുന്നു നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരന്‍. അദ്ദേഹത്തിന് നാട്ടില്‍ ചിത്രകല പഠിപ്പിക്കാനായൊരു ചെറിയ ഒറ്റമുറിയുണ്ട്. ശനിയും ഞായറുമായിരുന്നു മാഷ്ടെ ക്ലാസ്. ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴേ വിഷ്ണു നമ്പൂതിരി മാഷ്ടെ കീഴില്‍ ചിത്രരചന പഠിക്കണമെന്നായിരുന്നു ആഗ്രഹം. അങ്ങനെ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അച്ഛന്‍ എന്നെ വിഷ്ണു മാഷ്ടെ അടുത്ത് കൊണ്ട് പോകുന്നത്. ഇന്നും മനസില്‍ നിന്ന് മായാതെ കിടക്കുന്ന ഒരു കാഴ്ചയാണ് അത്. വിഷ്ണു മാഷ് എന്നെ സ്നേഹത്തോടെയും ഞാന്‍ മാഷെ കൌതുകത്തോടെയും നോക്കുമ്പോള്‍ അച്ഛന്‍ പറയുന്നത് എനിക്ക് കേക്കാം... , " മാഷെ ഇവന്‍ കുറച്ചൊക്കെ വരയ്ക്കും" ന്ന്. ഒടുവില്‍ ചിത്രകല കൂടുതല്‍ സീരിയസായി പഠിക്കാന്‍ എന്നെ ആര്‍എല്‍വി കോളേജിലേക്ക് പറഞ്ഞ് വിടുന്നതും വിഷ്ണു മാഷായിരുന്നു.
undefined
ഈ വാലന്‍റൈന്‍ ദിനത്തില്‍ അമ്മയേയും അച്ഛനെയും ഓര്‍ക്കുന്നു... : ഇത് മൂന്നാല് വര്‍ഷം മുമ്പുള്ളൊരു വാലന്‍റൈന്‍സ് ഡേയാണ്. അന്ന് ഒരു വാലന്‍റൈന്‍ ചിത്രം വരയ്ക്കാമെന്ന് കരുതി ഇരിക്കുമ്പോഴാണ് എന്ത് വരയ്ക്കുമെന്ന പ്രശ്നം മുന്നിലേക്ക് വന്നത്. ആലോചിച്ച് നോക്കിയപ്പോള്‍ ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല പ്രണയിതാക്കള്‍ അച്ഛനും അമ്മയും തന്നെയല്ലേയെന്ന് തോന്നി. അമ്മയ്ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അച്ഛന്‍ എന്നും മുന്നില്‍ തന്നെയുണ്ടാകും. അവര് തമ്മില്‍ അത്രയ്ക്ക് പൊരുത്തമായിരുന്നു. ഒരിക്കല്‍പോലും അവരിരുവരും വഴക്കിടുന്നത് കണ്ടിട്ടില്ല. പിന്നെന്തിനിനി മറ്റൊന്ന് ആലോചിക്കണമെന്ന് കരുതി വരച്ചതാണ് ഈ ചിത്രം. പക്ഷേ, ആ വാലന്‍റൈന്‍ ദിനത്തില്‍ അമ്മ കാലൊടിഞ്ഞ് കിടക്കുകയായിരുന്നു. അച്ഛനായിരുന്നു വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത്. അദ്ദേഹം അമ്മയെ വീല്‍ച്ചെയറിലിരുത്തി എല്ലായിടത്തും കൊണ്ട് പോയി. ഞാനന്ന് ജോലിയുമായി ബാംഗ്ളൂരിലും. അങ്ങനെ അച്ഛനെയും അമ്മയെയും ആ വാലന്‍റൈന്‍ ദിന ഓര്‍മ്മകളില്‍ വരച്ചു.
undefined
മോനെന്നാ ബുള്ളറ്റ് കാണാന്‍ തൊടങ്ങീത്.... : ചെറുപ്പത്തില്‍ എല്ലാവരെയും പോലെ എന്നെയും കൊതിപ്പിച്ച ഒരു വാഹനമായിരുന്നു ബുള്ളറ്റ്. അങ്ങനെ, പഠനം കഴിഞ്ഞ് ജോലി കിട്ടി ബാംഗളൂര്‍ക്ക് വണ്ടികയറി. കുറച്ച് കാലം അവിടെ ജോലി ചെയ്ത് കിട്ടിയ പൈസയൊക്കെ സ്വരുക്കൂട്ടി ഒടുവില്‍ ബുള്ളറ്റ് വാങ്ങി. ആദ്യമായി വാങ്ങിയ വാഹനം. വീട്ടില്‍ കാണിച്ചില്ലെങ്കില്‍ പിന്നെ ആരെ കാണിച്ചിട്ടെന്ത് കാര്യം ? അങ്ങനെ അതുമായി നാട്ടിലെത്തി. വീട്ടിലെത്തിയപ്പോള്‍ അച്ഛനെയും കൊണ്ട് നാട് ചുറ്റണമെന്നായി കരാര്‍. പണ്ട് അച്ഛന്‍റെ സൈക്കിളില്‍ ഞാന്‍ മുന്നിലും അച്ഛന്‍ പിന്നിലുമായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാനൊരു ബുള്ളറ്റ് വാങ്ങിയപ്പോഴും അക്കാര്യത്തില്‍ ഒരു മാറ്റവും ഇല്ല. ഞാന്‍ മുന്നിലും അച്ഛന്‍ പിന്നിലും. കൈയിലിരിക്കുന്നത് ബുള്ളറ്റാണ് അച്ഛന്‍റെ പഴയ ഹെര്‍ക്കുലീസ് അല്ല. അതും 500 സിസി. എനിക്കാണേല്‍ ഇതോടിച്ച് വലിയ പരിചയവും ഇല്ല. പ്രത്യേകിച്ചും, പുറകില്‍ ഒരാളെ ഇരുത്തി ഓടിച്ചിട്ട്. പക്ഷേ, അച്ഛനെ കൊണ്ട് പോയേ പറ്റൂ. അങ്ങനെ ഞങ്ങളിരുവരും ബുള്ളറ്റില്‍ കേറി. സാധാരണ ചെയ്യാറുള്ളത് പോലെ ആക്സിലേറ്റര്‍ കേറ്റിപ്പിടിച്ച് ഞാന്‍ ക്ലച്ച് റിലീസ് ചെയ്തു. സ്വാഭാവികമായും അദ്ദേഹം പുറകിലോട്ട് വീഴാനായി ആഞ്ഞു... തൊട്ട് പുറകേ വന്നു കമന്‍റ്, " നിനക്ക് ബുള്ളറ്റ് ഓടിക്കാനറിയില്ലല്ലേ.." ഞാനും വിട്ടില്ല. " അച്ഛന് ബുള്ളറ്റിന്‍റെ പുറകില്‍ ഇരിക്കാനറിയില്ല അതാ... " പക്ഷേ അച്ഛനും വിടാനുള്ള മട്ടിലല്ല. " മോനെന്നാ ബുള്ളറ്റ് കാണാന്‍ തുടങ്ങിയത്.... ? " അടുത്ത ചോദ്യം പുറകേയെത്തി. ശരിയായിരുന്നു. ഞാന്‍ ജനിക്കും മുന്നേ അച്ഛന്‍ ബുള്ളറ്റ് കണ്ടിട്ടും അതില്‍ കയറിയിട്ടുമുണ്ട്. നമ്മള് ഈ പുതിയ തലമുറയുടെ ഒരിതേയ്...
undefined
ഇപ്പ ശരിയാക്കി തരാം...: എന്ത് പണിയേല്‍പ്പിച്ചാലും അച്ഛന്‍ ഒറ്റയ്ക്ക് ഇരുന്ന് അത് ശരിയാക്കും. അതിനി പ്ലംബിങ്ങാകട്ടെ, ഇലക്ട്രിക്ക്, ഇലക്ട്രോണിക്സ് ആകട്ടെ... എന്തും അച്ഛന്‍റെ അടുത്ത് ചെന്ന് ഇതിന് പ്രശ്നമാണ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞാല്‍, അച്ഛന്‍ അത് ഒറ്റയ്ക്ക് ഇരുന്ന്, സമയമെടുത്ത് നോക്കി ശരിയാക്കി തിരിച്ച് തരും. പ്രശ്നം എന്തായാലും അദ്ദേഹത്തിന്‍റെ കൈയില്‍ അതിനൊരു മറുമരുന്ന് കാണും. അതിന്‍റെ ലോജിക്ക് എന്താണെന്നൊന്നും എനിക്ക് ഇതുവരെയും മനസിലായിട്ടില്ല. പക്ഷേ, നമ്മള് പറഞ്ഞ കാര്യം അദ്ദേഹം നടത്തിയിരിക്കും. അങ്ങനെ, ബുള്ളറ്റ് വാങ്ങി ബാംഗ്ലൂര്ന്ന് നാട്ടിലെത്തിയപ്പോള്‍ വണ്ടിയുടെ ഹോണിന് ചെറിയൊരു പ്രശ്നം. ബുള്ളറ്റ് മെക്കാനിക്കിനെ തപ്പണം. അതിന് മുമ്പ് ഉള്ളിലുള്ളാരു ചോദനയാല്‍ ആദ്യം നമ്മള് അച്ഛന്‍റെ അടുത്താണ് എത്തിയത്. " അച്ഛാ... അതേ, ബുള്ളറ്റിന്‍റെ ഹോണിന് ഒരു പ്രശ്നം...." , " നോക്കട്ടെ... " അദ്ദേഹം പതിവുപോലെ ബുള്ളറ്റിന് സമീപമിരുന്നു. കുറച്ചേറെ നേരം കഴിഞ്ഞ് എഴുന്നേറ്റപ്പോള്‍ ബുള്ളറ്റിന്‍റെ ഹോണ്‍ പഴയത് പോലെ ശരിയായിരിക്കുന്നു. അതിന് മുമ്പ് ഒന്നോ രണ്ടോ തവണ ബുള്ളറ്റിന്‍റെ പുറകിലിരുന്നൊരു പരിചയം മാത്രമുള്ള മനുഷ്യനാണ്.... ബുള്ളറ്റിന്‍റെ ഹോണ്‍ ശരിയാക്കിതന്നത്. അതായിരുന്നു അച്ഛന്‍. ആ ഓര്‍മ്മ ചിത്രമാണ് ഈ ചിത്രം.
undefined
click me!