ഇന്ദ്രസേനനെ പ്രണയിച്ച പെണ്‍കുട്ടി ; തരംഗമായി ജിബിയുടെ ചിത്രങ്ങള്‍

First Published Aug 20, 2021, 9:32 PM IST


കുട്ടിക്കാലം മുതലുള്ള പ്രണയമായിരുന്നു അവളുടെത്. കഥകളിലൂടെ കേട്ടറിഞ്ഞ, നാടുവാണ മഹാനായ ഇന്ദ്രസേനന്‍. അദ്ദേഹത്തിന്‍റെ കാലത്ത് നാട്ടിലെന്നും ഓണമായിരുന്നെങ്കില്‍ ഇന്ന് വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം നാടുകാണാനെത്തുന്ന ദിവസം മാത്രമാണ് ഓണം. ചക്രവര്‍ത്തിയോടുള്ള ആരാധന പതുക്കെ പ്രണയമായി മാറി. ആ പ്രണയസങ്കല്‍പത്തെ ക്യാമറയിലാക്കിയിരിക്കുന്നത് ഫോട്ടോഗ്രാഫര്‍ ജിബി ഫുള്‍ഫ്രൈം. ജിബിയുടെത് തന്നെയാണ് കഥാതന്തുവും. ഹരികൃഷ്ണയും ഗൌരിയും മഹാബലിയായും അദ്ദേഹത്തിന്‍റെ കാമുകിയായും വേഷമിട്ടു. സുരേഷ് കൃഷ്ണയാണ് മേക്കപ്പ്, വീഡിയോ അഭിജിത്ത് സ്നാപ്സ്റ്റോര്‍, കട്ട്സ് റോബിന്‍ കരിയില്‍, ആര്‍ട്ട് ബിബിന്‍ വി എബ്രഹാം, റോബിന്‍ കലയില്‍. സമൂഹമാധ്യമങ്ങില്‍ തരംഗമായിരിക്കുകയാണ് ഇന്ദ്രസേന്‍റെ പ്രണയരഥം. 

പൂത്തുലഞ്ഞ വഴിത്താരകളും പൂക്കളമെഴുതിയ അങ്കണങ്ങളും ആരെയോ പ്രതീക്ഷിച്ചിരിക്കുകയാണ്. മഞ്ഞ പുഷ്പങ്ങൾ പരവതാനി വിരിച്ച ആ മേട്ടിൽ അവളും തന്‍റെ നിത്യകാമുകനായി കാത്തിരുന്നു. 

കാറ്റായും കനവായും മാത്രം തമ്മിലറിഞ്ഞ ആ ഒരാൾക്കായി. വര്‍ഷത്തിലെ ആ ഒരു ദിനത്തിനായി, അവള്‍ കാത്തിരുന്നു.  

വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ അദ്ദേഹം വന്നെത്തിയിരിക്കുന്നു. രാജസമാനനായി പ്രൗഢ ഗംഭീരനായി ഇന്ദ്രസേനൻ. 

പ്രണയവും ആകാംഷയും നിറഞ്ഞ ആ കണ്ണുകളോടെ അവൾ ഓടി. പ്രിയതന്‍റെ പ്രഥമ ദർശനത്തില്‍ അവളിൽ ആശ്ചര്യവും അനുരാഗവും നിറഞ്ഞു തുളുമ്പി. 

പുഷ്പാലംകൃതമായ തന്‍റെ സ്വപ്നരഥത്തിലേയ്ക്ക് അദ്ദേഹത്തെ അവള്‍ കൈപിടിച്ചാനയിച്ചു. പ്രിയതമന്‍റെ സാമീപ്യം അവളെ ഉന്മാദിയാക്കി.

ഓണ കാറ്റിന്‍റെ നേർത്ത സ്പർശത്തിൽ ഊഞ്ഞാലാടിയും സ്വയം മറന്നും അവരിരുവരും പ്രണയിച്ചു. ഏതോ സ്വപ്നലോകത്തെന്ന പോലെ... 

അവളുടെ അനുരാഗ നൃത്തച്ചുവടുകൾ അദ്ദേഹത്തിന്‍റെ ഹൃദയത്തെ കീഴ്പ്പെടുത്തിക്കളഞ്ഞു. തന്നെകാത്തിരുന്ന പെണ്‍കുട്ടിയില്‍ അദ്ദേഹം പ്രണയപരവശനായി.   

അവരിരുവരും സ്വപ്നലോകത്തിലെ നിത്യകാമുകീകാമുകരായി... കാലാന്തരത്തോളം സ്വപ്നത്തിലെന്ന പോലെ കാലം മറന്ന് ദേശം മറന്ന് അവരിരുന്നു... 

ആ നനുത്ത പാദങ്ങളില്‍ പൊട്ടിച്ചിരിക്കുന്ന തങ്ക കൊലുസായ് തന്‍റെ പ്രണയം അവൾക്കായി അദ്ദേഹം സമ്മാനിച്ചു. ഓര്‍മ്മകളിലൊരു അടയാളമായി ആ തങ്കക്കൊലുസുകള്‍ ആ കാലില്‍ കിടന്നു. 

നിത്യകാമുകനായ അദ്ദേഹം മറ്റൊരോണ നാളില്‍ കാണാമെന്ന് വാക്കുകൊടുത്ത് വിട ചെല്ലി. കാലകാലാന്തരോളം പ്രണയം പൂത്ത പൂവായി അവള്‍ കാത്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!