ഒരിക്കല്‍ കയറിയിറങ്ങിയാല്‍, വീണ്ടും കയറാന്‍ കൊതിക്കുന്ന ഹിമാലയം

First Published Sep 19, 2019, 4:15 PM IST

ഹിമാലയന്‍ മലനിരകള്‍ അങ്ങനെയാണ്. ഒരിക്കല്‍ കയറി ഇറങ്ങിയാല്‍ അത് പിന്നെയും നിങ്ങളെ തിരിച്ച് വിളിച്ചുകൊണ്ടേയിരിക്കും. ആദ്യത്തെ മലകയറ്റം തരുന്ന പേടിയും അതിനു ശേഷം താഴ്വാരങ്ങളുടെ ഭംഗി പകര്‍ന്നു തരുന്ന സന്തോഷവും മനസിലൂടെ വന്നു പോയിക്കൊണ്ടിരിക്കും. കാലം വീണ്ടും വീണ്ടും നിങ്ങളെ അങ്ങോട്ട് വിളിച്ചുകൊണ്ടേയിരിക്കും. ജീവിതത്തിന്‍റെ ഗതിവിഗതികള്‍ അറിയാതെ നമ്മള്‍ വീണ്ടും മലകയറിത്തുടങ്ങും. രണ്ടായിരത്തി പതിമൂന്നിലാണ് ഒന്നരവര്‍ഷത്തെ ഹിമാലയന്‍ ജീവിതം അവസാനിപ്പിച്ച് ബംഗളൂര്‍ക്ക് ചേക്കേറിയത്. കഴിഞ്ഞ അഞ്ച് കൊല്ലത്തെ ബംഗളൂരു ജീവിതത്തില്‍ മഹാപര്‍വ്വതങ്ങള്‍ മനസിലുണ്ടായിരുന്നെങ്കിലും അങ്ങോട്ടുള്ള യാത്ര അടുത്തൊന്നും ഉണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോള്‍ ഒരു പഠനത്തിന്‍റെ ഭാഗമായി വീണ്ടും ആ പര്‍വ്വതരാജന്‍റെ ചുവട്ടില്ലേയ്ക്ക്. കഴിഞ്ഞ തവണ സത്‌ലജ് നദിയുടെ ക്യാച്ച്മെന്‍റ് ഏരിയയിലൂടെയായിരുന്നു യാത്രയെങ്കില്‍ ഇത്തവണ ബിയാസിന്‍റെയും ചന്ദ്രഭാഗാ നദിയുടെയും കരകളിലൂടെയായിരുന്നു. ഐ.സി.എൽ.ഇ.ഐ ദക്ഷിണേഷ്യൻ ഓഫീസിന്‍റെ, മഞ്ഞുപുലികളുടെ ആവാസസ്ഥാനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് വിലയിരുത്തുന്ന പഠനത്തിന്‍റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ യാത്ര. ചിത്രവും എഴുത്തും സോണി ആര്‍ കെ. ( സോണി ആര്‍ കെ, അസിസ്റ്റന്റ് മാനേജർ (ജൈവവൈവിധ്യ വിഭാഗം), ഐ സി എൽ ഈ ഐ- ദക്ഷിണേഷ്യ, ന്യൂ ഡൽഹി. )

മണാലിയിൽ നിന്ന് ലാഹൂളിലേക്ക് പോകേണ്ടത് റൊത്താങ്ങ് (Rohtang) ചുരം കയറിയാണ്. ഗുലാബായിലെ പൊലീസ് ചെക്ക്പോസ്റ്റ് കഴിഞ്ഞ് ഏകദേശം ഇരുപത് കിലോമീറ്ററോളം സഞ്ചരിച്ചാൽ മർഹിയിൽ എത്തും.
undefined
ചുരം കയറുന്നവരുടെ ഇടത്താവളം ആണ് മർഹി. കുറെയേറെ ചായക്കടകൾ ഉണ്ട്. റൊത്താങ്ങിന്‍റെ ഉയരം അനുഭവിക്കുന്നതിന് മുമ്പ് ഇവിടെ നിർത്തി വയറ് നിറയ്ക്കാം.
undefined
undefined
ടൂറിസ്റ്റ് സീസണിൽ മഞ്ഞിൽ കളിക്കാനെത്തുന്നവർക്ക് ചുട്ടെടുത്ത ചോളവും, വേവിച്ച കടലയും വിൽക്കാനായി ബീഹാറിൽ നിന്നും അസാമിൽ നിന്നും ഒക്കെ സാധാരണക്കാരും മല കയറും.
undefined
ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും മഞ്ഞിൽ തിമിർക്കാന്‍ വരുന്നവരുടെ എണ്ണത്തിന് കുറവൊന്നുമില്ല. റോത്തങ്ങിലേക്കോ, അവിടെ നിന്ന് പിന്നെ ലേയിലേക്കോ പോകുന്നവർ മണാലിയിലെ ജില്ലാ മജിസ്‌ട്രേറ്റിന്‍റെയടുത്ത് നിന്ന് പെർമിറ്റ് എടുക്കണം. നിയന്ത്രണം അനുസരിച്ച് ദിവസം 1200 വാഹനങ്ങൾക്ക് (800 പെട്രോൾ, 400 ഡീസൽ) മാത്രമേ പെർമിറ്റ് ലഭിക്കുകയുള്ളൂ.
undefined
ടൂറിസ്റ്റ് സീസണിൽ റൊത്താങ്ങ് കയറുകയും ഇറങ്ങുകയും അത്ര എളുപ്പമല്ല. മണിക്കൂറുകളൊളം ട്രാഫിക്കിൽപ്പെട്ട് കിടക്കേണ്ടി വരും. ഡൽഹിയിൽ ജൂണിൽ സ്‌കൂൾ അടച്ച് കഴിഞ്ഞാൽ എല്ലാവരും കുടുബസമേതം മഞ്ഞിൽ കളിക്കാൻ റോത്തങ്ങിലേക്കാണ് പോവുക.
undefined
മഞ്ഞുവീഴ്ച നിന്ന് കഴിഞ്ഞാല്‍ ആട്ടിടയന്മാര്‍ തങ്ങളുടെ ആട്ടിന്‍ പറ്റങ്ങളുമായി മല കയറിത്തുടങ്ങും. ഹിമാചല്‍ പ്രദേശിലെ നാടോടികളാണിവര്‍. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ആയിരത്തോളം വരുന്ന ആടുകളെയും ചെമ്മരിയാടുകളെയും കൊണ്ട് അവര്‍ ചെങ്കുത്തായ മലമടക്കുകളിലൂടെ അവര്‍ സഞ്ചരിക്കും. മലഞ്ചരിവുകളിലെ വിശാലമായ പുല്‍മേടുകളാണ് അവരുടെ ലക്ഷ്യം. ആടുകള്‍ മലഞ്ചരിവുകളിലൂടെ നിരനിരയായി നീങ്ങുന്നത് ഭംഗിയുള്ള കാഴ്ചയാണ്.
undefined
ഹിമാചൽ പ്രദേശിലെ പ്രധാന നദികളിൽ ഒന്നാണ് ബിയാസ് (Beas). റോത്തങ്ങിലെ ബിയാസ് കുണ്ടിൽ നിന്നും ഉത്ഭവിച്ച് 470 കിലോമീറ്റർ സഞ്ചരിച്ച് ബിയാസ്, പഞ്ചാബിൽ സത്‌ലജ് നദിയിൽ ചേരുന്നു. വംശനാശ ഭീഷണി നേരിടുന്ന ദക്ഷിണേഷ്യൻ കുരുടൻ ഡോൾഫിനുകളുടെ ചെറിയ കൂട്ടം ബിയാസ് നദിയിലുണ്ട് (South Asian River Dolphin).
undefined
ബുജുണ്ടിലെ മണ്‍വീട് : കാലാവസ്ഥയ്ക്കും പരിസ്ഥിതിക്കും ഇണങ്ങിയ മണ്‍വീടുകള്‍ ഹിമാചല്‍ പ്രദേശിലെ ഉള്‍ഗ്രാമങ്ങളില്‍ സാധാരണമാണ്. പുറത്ത് നിന്ന് നോക്കുമ്പോള്‍ അത്ര ഭംഗിയൊന്നും തോന്നുന്നില്ലെങ്കില്‍ പോലും അകത്ത് മരങ്ങള്‍ പാകി കട്ടിയുള്ള ബ്ലാങ്കെറ്റുകള്‍ വിരിച്ച് നന്നായി അലങ്കരിച്ചതായിരിക്കും വീടിന്‍റെ ഉള്‍വശം. തണുപ്പിനെ പ്രതിരോധിക്കാന്‍ പറ്റുന്ന തരത്തിലാണ് റൂമുകള്‍ സജ്ജീകരിച്ചിരിക്കുക. ആടിനും പശുക്കള്‍ക്ക് വേണ്ടിയും പ്രത്യേകം ആലകള്‍ ഇത്തരം വീടുകളോട് ചേര്‍ന്നുണ്ടാകും.
undefined
ആയിരക്കണക്കിന് ആൾക്കാരാണ് ജൂൺ, ജൂലൈ മാസങ്ങളിൽ റോത്തങ്ങിൽ എത്തുക. പുലർച്ചെ മൂന്ന് മണിയോട് കൂടി മണാലി സജീവമാകും. മഞ്ഞിൽ തിമിർക്കാന്‍ പോകുന്നവർക്ക് വേണ്ടിയുള്ള വസ്ത്രങ്ങളും മറ്റുവിൽക്കുന്ന കടകൾക്ക് മുന്നിൽ നല്ല തിരക്കായിരിക്കും. തൊലിക്കുള്ളിലൂടെ അരിച്ചിറങ്ങുന്ന മഞ്ഞിന്‍റെ തണുപ്പ് മാറ്റണമെങ്കിൽ ബഹിരാകാശവാസികൾ ധരിക്കുന്നപോലുള്ളതെന്ന് തോന്നിപ്പിക്കുന്ന വസ്ത്രങ്ങളും ബൂട്ടുകളുമൊക്കെ വേണം.
undefined
റോത്താങ് കയറിയിറങ്ങിയാല്‍ കോക്സര്‍ എന്ന് വിളിക്കുന്ന സ്ഥലമാണ്. മാര്‍ഹി പോലെ ഒരു ഇടത്താവളമാണ് കോക്സര്‍. വണ്ടിയുടെ നമ്പരും യാത്രക്കാരുടെ വിവരങ്ങളുമൊക്കെ അവിടെയുള്ള ചെക്ക് പോസ്റ്റില്‍ കൊടുത്താലേ പിന്നെയുള്ള യാത്ര സാധ്യമാകൂ. കോക്സറില്‍ നിന്നും 40 കിലോമീറ്ററോളം പോയാല്‍ ടണ്ടിയിലെത്തും.
undefined
ടണ്ടി ഒരു ജംഗ്ഷനാണ്. നേരെ പോയാല്‍ ലാഹുൽ-സ്പിറ്റി ജില്ലയുടെ കേന്ദ്രമായ കേലോങ്ങ് വഴി ലേയിലേക്ക് പോകാം. ദേശീയ പാതയാണിത്. ടണ്ടിയില്‍ നിന്നും ഇടത്തോട്ടുള്ള മല കയറുന്ന റോഡ് വഴി ചെന്നാല്‍ ഉദയ്പൂര്‍ എന്ന ഉള്‍ഗ്രാമത്തിലെത്തും.
undefined
ചന്ദ്രഭാഗ നദിയുടെ തുടക്കം തിണ്ടിയില്‍ നിന്നാണ്. ചന്ദ്രതാലിൽ നിന്നും ഉദ്ഭവിക്കുന്ന ചന്ദ്രയും സൂരജ് താലിൽ നിന്നും ഉദ്ഭവിക്കുന്ന ഭാഗയും ചേര്‍ന്നാണ് ചന്ദ്രഭാഗ നദി ഉണ്ടാകുന്നത്. രണ്ട് നദികളുടെ ഒന്നാകുന്നതോടെ അത് വടക്ക് പടിഞ്ഞാറ് ഒഴുകി, ചമ്പാ ജില്ലയിലെ പാംഗി താലൂക്ക് വഴി കാശ്മീരിലൂടെ ഒഴുകി പാകിസ്ഥാനിലെത്തി ചേരും. പാകിസ്ഥാനിലേക്കുള്ള നദീ പ്രവാഹത്തിന് തടയിടാനുള്ള മോദി സര്‍ക്കാറിന്‍റെ പദ്ധതികളില്‍ ഏറെ പ്രധാന്യമുള്ള നദിയാണ് ചന്ദ്രഭാഗ. ഹിമാചലില്‍ ചന്ദ്രഭാഗയെന്നറിയപ്പെടുന്ന ഈ നദി പൊതുവായി ചിനാബ് എന്നാണ് അറിയപ്പെടുന്നത്.
undefined
'ബോജ് പത്ര'മെന്ന് വിശേഷിക്കപ്പെടുന്ന മരം ഹിമാചല്‍ പ്രദേശുകാര്‍ക്ക് പവിത്രമാണ്. മണ്‍വീടിന്‍റെ മട്ടുപ്പാവ് കല്ല് പാകിയ ശേഷം ബോജ് മരത്തിന്‍റെ ഉണക്കിയ തോല്‍ ഉപയോഗിച്ച് വിരിക്കും. അതിന്‍റെ മേലെ നദിയില്‍ നിന്നും കോരിക്കൊണ്ടുവരുന്ന വെളുത്ത മണ്ണ് തേച്ച് ഉറപ്പിച്ചാല്‍ പിന്നെ ആ വീട് ചോരില്ല. വേനല്‍ക്കാലത്ത് പുല്ല് ഉണക്കാനിടാവുന്ന തരത്തില്‍ പരന്നതാണ് മേല്‍ക്കൂരകള്‍. ഇപ്പോള്‍, വീട് നിര്‍മ്മാണത്തിലെ ഈ പരമ്പരാഗത രീതി മാറി. ബോജ് പത്രത്തിന്‍റെ തോലിന് പകരം പലരുമിപ്പോള്‍ വീട് നിര്‍മ്മാണത്തിന് പ്ലാസ്റ്റിക്ക് ഷീറ്റാണ് ഉപയോഗിക്കുന്നത്. ( ഹുടാന്‍ പഞ്ചായത്തിലെ തക്വാസ് ഗ്രാമത്തില്‍ നിന്നുള്ള ബോജ് പത്ര കാടിന്‍റെ ചിത്രമാണിത്. )
undefined
ഹിമാലയത്തിലെ പ്ലം.
undefined
പരന്ന പ്രതലമുള്ള ഭൂമിയുടെ അഭാവം മൂലം ഹിമാലയന്‍ മലനിരകളിലെ കൃഷി മലയിടുക്കുകളെ തട്ടു തട്ടുകളായി തിരിച്ചാണ് (ടെറസ് കൃഷി). ഗോതമ്പും ചോളവും ഗ്രീന്‍പീസും ഉരുളക്കിഴങ്ങുമൊക്കെയാണ് ഇങ്ങനെയുള്ള മലഞ്ചെരുവുകളില്‍ കൃഷി ചെയ്യുന്നത്.
undefined
ജൂലൈ മുതല്‍ സെപ്തംബര്‍ അവസാനം വരെ ലാഹുലില്‍ തേന്‍ കാലമാണ്. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും തേന്‍ പെട്ടികളുമായി ആളുകള്‍ റോത്താങ് ചുരം കയറും. പലയിടങ്ങളിലായി ഇവര്‍ തേനീച്ചപ്പെട്ടികള്‍ കൊണ്ട് വയ്ക്കും. ഹിമാലയന്‍ മലനിരകളിലെ കുഞ്ഞിപ്പൂക്കളില്‍ നിന്നും ശേഖരിക്കുന്ന തേന്‍, തേനീച്ചകള്‍ പെട്ടികളില്‍ നിറയ്ക്കുന്നു. കിട്ടുന്ന തേന്‍ അവിടെത്തന്നെ വിറ്റ് തീര്‍ത്ത് തേന്‍ പണിക്കാര്‍ മഞ്ഞ് കാലം തുടങ്ങും മുന്നേ ഹിമാലയം ഇറങ്ങും. ഈ തേനീച്ചകളെ കൊണ്ട് അവര്‍ ഒരു പരിസ്ഥിതി സേവനം കൂടി ചെയ്യുന്നുണ്ട്. തേനീച്ചകള്‍ കുറവുള്ള സ്ഥലങ്ങളിലെ ആപ്പിള്‍ തോട്ടങ്ങളില്‍ ഈ നാടോടി തേനീച്ചകളാണ് പരാഗണം നടത്തുന്നത്. എന്നാല്‍ ഒരു സ്ഥലത്ത് പത്തോ പതിനഞ്ചോ ദിവസം തേന്‍പെട്ടികള്‍ വെക്കാന്‍ നാടോടികള്‍ മൂവായിരം രൂപയോളം വാടക വാങ്ങുന്നുണ്ട്.
undefined
ഹിമാചല്‍ പ്രദേശിലെ ബുദ്ധ മതക്കാര്‍ താമസിക്കുന്ന സ്ഥലങ്ങള്‍ 'ബട്ടോരി' എന്ന് അറിയപ്പെടുന്നു. എല്ലാ പഞ്ചായത്തിലെയും ഏറ്റവും ഉയര്‍ന്ന പ്രദേശത്തായിരിക്കും ബുദ്ധമതക്കാരുടെ ഗ്രാമങ്ങള്‍. ബട്ടോരിയിലെ പ്രധാന ആവാസകേന്ദ്രങ്ങള്‍ കഴിഞ്ഞാല്‍ മുകളിലേക്ക് വിശാലമായ പുല്‍മേടുകളായിരിക്കും. പാങ്ഗി താലൂക്കില്‍ ഈ പുല്‍മേടുകളെ അഥ്വാരികള്‍ എന്നാണ് വിളിക്കുന്നത്. തോട്ടടുത്തുള്ള ഗ്രാമങ്ങളിലെ പശുക്കളെ ചൂട് കാലത്ത് മേയാന്‍ വിടുന്നത് ഇത്തരം സ്ഥലങ്ങളിലായിരിക്കും. ദിവസവും ഗ്രാമത്തില്‍ നിന്നും നിശ്ചയിക്കപ്പെട്ട ഒന്നോ രണ്ടോ ആളുകള്‍ ആടുമാടുകള്‍ക്ക് കാവല്‍ നില്‍ക്കാന്‍ പോകും.
undefined
click me!