പിന്മാറില്ല; മൃതദേഹങ്ങള്‍ തേടി പുത്തുമലയും കവളപ്പാറയും

First Published Aug 16, 2019, 2:01 PM IST

ദുരന്തത്തിന് ശേഷം ആഴ്ചയൊന്ന് കഴിയുന്നു. ഇപ്പോഴും പുത്തുമലയും കവളപ്പാറയും ഒഴുക്കിയിറക്കിയ മണ്ണിനടിയിലാണ് മുപ്പത് ശരീരങ്ങള്‍. ചതുപ്പായി തീര്‍ന്ന പ്രദേശത്ത് മണ്ണുമാന്തി യന്ത്രമുപയോഗിച്ചുള്ള തെരച്ചിലും ദുഷ്ക്കരമാവുന്നു. എന്നാല്‍ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള തെരച്ചില്‍ അവസാനിപ്പിക്കുകയില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. പത്തുപേരുടെ മൃതദേഹമാണ് ഇതുവരെയായി പുത്തുമലയില്‍ നിന്നും കണ്ടെത്തിയത്. ബാക്കിയുള്ള ഏഴ് പേർക്കായി കഴിഞ്ഞ നാല് ദിവസവും നടത്തിയ തെരച്ചിൽ ഫലം കണ്ടില്ല. ഇതിനിടെയാണ് തെരച്ചിൽ നിർത്താൻ പോവുന്നതായി പ്രചാരണമുണ്ടായത്. എന്നാൽ ഇത് തെറ്റെന്ന് ജില്ലയിലെ ദുരിതാശ്വസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. 

സ്വത്തും പണവും എന്തിന്, കാലുറപ്പിച്ച ഭൂമി പോലും ഒഴുകിപോയ കുടുംബങ്ങളാണ് പുത്തുമലയില്‍ ഇപ്പോഴുള്ളത്. കണ്ണടച്ചാല്‍, എല്ലാം ഒഴുക്കിക്കൊണ്ട് പോകാനായെത്തുന്ന മലവെള്ളമാണ് പലരുടെയും ഉറക്കം കെടുത്തുന്നത്. മരിച്ചവര്‍ക്കായി, ഇനി ബാക്കിയുള്ളത് അന്ത്യകര്‍മ്മങ്ങള്‍ മാത്രമാണ്. അതിന് മൃതദേഹം കണ്ടെത്തണം. എന്നാല്‍ പുത്തുമലയിലും കവളപ്പാറയിലുമായി മുപ്പതോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. കുത്തൊഴുക്കില്‍ ഏങ്ങോട്ട് പോയെന്നുപോലും അറിയാതെ...
undefined
ദുരന്ത സ്ഥലങ്ങളില്‍ മൃതദേഹങ്ങളുടെ മണം കണ്ടെത്താന്‍ പ്രത്യേകം പരിശീലനം ലഭിച്ച സ്നിഫര്‍ ഡോഗുകളെ കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. എന്നാല്‍ മണ്ണും ചളിയും കലര്‍ന്ന് ചതുപ്പായി മാറിയ സ്ഥലത്ത് പട്ടികളുടെ കാല്‍ പോലും താഴ്ന്നു പോകുന്നു. ഒടുവില്‍ ആ പരീക്ഷണവും ഉപേക്ഷിക്കേണ്ടി വന്നു.
undefined
ഒരോ തവണ മണ്ണ് മാറ്റാന്‍ ശ്രമിക്കുമ്പോഴും ദുഷ്ക്കരമാവുകയാണ് കാര്യങ്ങള്‍. ചതുപ്പായി മാറിയ ദുരന്തഭൂമിയിൽ മണ്ണുമാന്തികളും താഴ്ന്നു പോവുന്നു. കല്ലും മരവും എല്ലാം ഒന്നായി കലങ്ങി മറിഞ്ഞ് കിടക്കുന്ന മണ്ണിൽ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള സ്കാനറുകൾ പ്രാവർത്തികമല്ലെന്ന് ദുരന്തനിവാരണ സേന അറിയിച്ചു.
undefined
സ്കാനറുകൾ അടക്കമുള്ള സാങ്കേതിക വിദ്യ പുത്തുമലയിൽ പ്രാവർത്തികമല്ലെന്നാണ് ദുരന്തനിവാരണ സേന അറിയിച്ചത്. പാറക്കല്ലുകളും മരത്തടികളും നിറഞ്ഞ ദുരന്തഭൂമിയിൽ സ്കാനറുകൾ പ്രാവര്‍ത്തികമല്ല. എന്നിട്ടും, ഇന്ന് ബോംബ് സ്കോഡ് ടീം സ്കാനറുകളുമായി പുത്തുമലയിലെത്തി. പക്ഷേ, കാര്യമുണ്ടായില്ലെന്ന് മാത്രം.
undefined
രക്ഷാദൗത്യത്തിനായി തയ്യാറാക്കുന്ന ഒരു പദ്ധതിയും പുത്തുമലയിൽ ഫലം കാണുന്നില്ല. കവളപ്പാറയിൽ പരീക്ഷിച്ച ശേഷം ഗ്രൗണ്ട് പെനി ട്രേറ്റിംഗ് സ്റ്റാറുകൾ കൂടെ എത്തിച്ച് ശ്രമിച്ച് നോക്കാമെന്നാണ് ഏറ്റവുമൊടുവില്‍ ജില്ലാ ഭരണകൂടം പറയുന്നത്.
undefined
കവളപ്പാറയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കവളപ്പാറയിൽ മണ്ണിടിഞ്ഞ സ്ഥലത്ത് ഉണ്ടായിരുന്ന വീടുകളുടെ ഭൂപടം എന്‍ഡിആര്‍എഫ് തയ്യാറാക്കി. പ്രദേശവാസികളുടെ സഹായത്തോടെയാണ് ഭൂപടം നിർമ്മിച്ചത്.
undefined
ഈ മാപ്പിനെ അടിസ്ഥാനാക്കി തെരച്ചിൽ തുടരുകയാണ്. 59 പേരാണ് കവളപ്പാറയിൽ മണ്ണിനടിയിൽ കുടുങ്ങിയത്. 36 മൃതദേഹങ്ങള്‍ ഇതുവരെയായി കണ്ടെത്തി.
undefined
മഴ മാറി നിന്നതോടെ പതിവിലും നേരത്തെ കവളപ്പാറയിൽ തെരച്ചിൽ തുടങ്ങിയിരുന്നു. നാല് ഭാഗമായി തിരിച്ച് 14 മണ്ണ് മാന്തി യന്ത്രങ്ങൾ ഉപയോഗിച്ചായിരുന്നു തെരച്ചിൽ. ഇപ്പോഴും തിരച്ചില്‍ പുരോഗമിക്കുന്നു.
undefined
ഇതിനിടെ മുൻ വർഷം കേരളത്തിലുണ്ടായ മഹാപ്രളയത്തിൽ ചെറുതും വലുതുമായി അയ്യായിരത്തോളം ഉരുൾപൊട്ടലുണ്ടായിട്ടുണ്ടെന്ന് ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ തെളിയിക്കുന്നു. ഈ വർഷം രണ്ട് ദിവസം കൊണ്ട് മാത്രം 80 ലേറെ ഉരുൾപൊട്ടലാണ് ഉണ്ടായത്. ഇതിൽ കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായത് വൻ ദുരന്തമാണ്.
undefined
മേഘസ്ഫോടനം , ഭീമൻ മണ്ണിടിച്ചിൽ, ഭൂമിക്കടിയിലൂടെ കുഴൽ രൂപത്തിൽ മണ്ണും ചളിയും ഒലിച്ചുപോകുന്ന സോയിൽ പൈപ്പിങ്ങ്. അസാധാരണ പ്രതിഭാസങ്ങളുടെ പലസാധ്യതകൾ ഉയരുന്ന സാഹചര്യത്തിലാണ് മുൻകരുതലിൽ വിട്ടുവീഴ്ച പാടില്ലെന്ന് വിദഗ്ധർ ഓർമ്മപ്പെടുത്തുന്നത്. മലയോരമേഖലകളിലെയും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെയും നിർമ്മാണ പ്രവർത്തനങ്ങളുടെ അപകടം ജിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുകയാണ്.
undefined
മുൻ വർഷം മഹാപ്രളയശേഷം 12 ജില്ലകളിലെ 1943 സ്ഥലങ്ങളിലാണ് ജിഎസ്ഐ പഠനം നടത്തിയത്. ഈ പ്രദേശങ്ങളിൽ മാത്രം തകർന്നത് 985 വീടുകൾ , അതിൽ 625 വീടുകൾ മാറ്റി സ്ഥാപിക്കണമെന്നായിരുന്നു സർക്കാറിന് നൽകിയ ശുപാർശ. പക്ഷേ അത് പൂർണ്ണമായും നടപ്പായില്ല. മാറിപ്പോകാനുള്ള ആളുകളുടെ മടിയും പകരം സ്ഥലം കണ്ടെത്താനുള്ള പ്രശ്നങ്ങളുമൊക്കെയാണ് സർക്കാർ നിരത്തുന്ന വിശദീകരണം. മുൻവർഷം ഉരുൾപൊട്ടൽ സാധ്യതയുണ്ടെന്ന് കണ്ടെത്തിയ 625 പ്രദേശങ്ങൾക്ക് പുറത്താണ് കവളപ്പാറയും പുത്തുമലയും. അതായത് കൂടുതൽ മേഖലകളും പ്രകൃതിദുരന്ത സാധ്യതാ പട്ടികയിലേക്ക് വരുന്നു എന്ന ആശങ്ക ഉയരുകയാണ്.
undefined
click me!