മൂന്നു കുടം വെള്ളത്തിനായി നറുക്കെടുക്കുന്ന ഒരു ഗ്രാമം; വരള്‍ച്ചയുടെ കഥയുമായി തമിഴ്‍നാട്

First Published Jun 21, 2019, 5:22 PM IST

തമിഴ്നാട് ഉരുകുകയാണ്. ഒരു കുടം വെള്ളത്തിനായി. മഴ കണി കാണാനില്ലെന്നത് കൊണ്ട് അയല്‍ സംസ്ഥാനത്ത് നിന്നും കേള്‍ക്കുന്ന കഥകള്‍ അത്ര രസമുള്ളതല്ല. വെള്ളത്തിനായി ദിവസം മുഴുവനും കാത്ത് നില്‍ക്കുന്നവര്‍... കിലോമീറ്ററുകള്‍ നടന്ന് തലച്ചുമടായി വെള്ളം കൊണ്ടുവരുന്നവര്‍... ഒരു കുടം വെള്ളത്തിനായി നറുക്കെടുക്കുന്നവര്‍... തമിഴ്‍നാട്ടിലെ വരള്‍ച്ചയുടെ കഥ പറയുന്നു, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ അനൂപ് കൃഷ്ണയുടെ ചിത്രങ്ങള്‍.

കേരളത്തില്‍ മണ്‍സൂണ്‍ 'നിന്ന്' പെയ്യേണ്ട കാലമാണിത്. എന്നാല്‍ മഴമേഘങ്ങള്‍ക്ക് കേരളത്തിലേക്കുള്ള വഴി നഷ്ടമായപോലെയാണ് കാര്യങ്ങള്‍. ദിവസങ്ങള്‍ കൊഴിഞ്ഞുപോകുന്നതല്ലാതെ കാലാവസ്ഥയില്‍ കാര്യമായ മാറ്റമൊന്നും കാണാനില്ല.
undefined
മഴ പെയ്യുമെന്നും പെയ്യാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് പറഞ്ഞ് കാലാവസ്ഥാ കേന്ദ്രത്തിന് പോലും മടുപ്പായപോലെയാണ് കാര്യങ്ങളുടെ പോക്ക്. ജൂണ്‍ കഴിയാന്‍ ഇനി ദിവസങ്ങള്‍ മാത്രം. തെളിഞ്ഞ ആകാശങ്ങളില്‍ മഴ പോയിട്ട് മേഘം പോലുമില്ല.
undefined
കേരളത്തിന്‍റെ കാര്യമിങ്ങനെയാണെങ്കില്‍ സഹ്യന് കിഴക്ക് കിടക്കുന്ന മഴ നിഴല്‍ പ്രദേശമായ തമിഴ്നാടിന്‍റെ കാര്യം ഇതിലും കഷ്ടമാണ്. അതിരൂക്ഷമായ വരള്‍ച്ചയാണ് തമിഴ്നാട്ടിലെങ്ങും. വറ്റിവരണ്ട ജലാശയങ്ങള്‍. ചത്ത് മലച്ച ജലജീവികള്‍.... മനുഷ്യന്‍ തന്നെ വെള്ളത്തിനായി റേഷനിങ്ങ് വ്യവസ്ഥ കൊണ്ടുവരേണ്ട അവസ്ഥയിലാണ്.
undefined
ചെന്നൈയ്ക്കടുത്ത് ഈശ്വരീനഗര്‍ ഗ്രാമം തമിഴ്നാട്ടിലെ വരള്‍ച്ചയുടെ ഒരു നേര്‍സാക്ഷ്യമാണ്. ഇശ്വരീനഗര്‍ ഗ്രാമത്തിലെ ഏക ആശ്രയമായിരുന്ന പൊതുകിണറും വരള്‍ച്ചയുടെ വക്കിലാണ്.
undefined
ഗ്രാമവാസികള്‍ക്ക് ഇന്ന് വെള്ളം വേണമെങ്കില്‍ ഭാഗ്യം കൂടി കനിയേണ്ട അവസ്ഥയാണ്. മൂന്ന് കുടം വീതം വെള്ളത്തിലാണ് ഗ്രാമത്തിലെ ഓരോ കുടുംബവും ഒരു ദിവസം തള്ളിനീക്കുന്നത്.
undefined
ഇന്ത്യന്‍ റെയില്‍വേയുടെ ഭാഗമായിരുന്നു ഗ്രാമത്തിലെ കിണര്‍. ജലം അമൂല്യമായപ്പോള്‍ ഗ്രാമീണര്‍ കിണര്‍ ഏറ്റെടുത്തു. ഗ്രാമത്തിലെ നൂറോളം കുടുംബങ്ങള്‍ കണക്കില്ലാതെ വെള്ളത്തിനായി ഓടിയിയെത്തിയിരുന്ന ഇവിടം ഇന്ന് നിയന്ത്രിത മേഖലയാണ്.
undefined
വെള്ളത്തിന്‍റെ അളവ് കുറഞ്ഞ് തുടങ്ങിയതോടെ കിണറിന് ചുറ്റും വേലിയും പൂട്ടും ഉയര്‍ന്നു. ഗ്രാമമുഖ്യന്‍റെ നറുക്കില്‍ ഭാഗ്യം കനിയുന്നവര്‍ക്ക് കിണറിനരികിലേക്ക് പ്രവേശനം ലഭിക്കും.
undefined
അമ്പത് കുടുംബങ്ങള്‍ക്ക് വീതം രാവിലെയും വൈകീട്ടുമായി സമയം വീതിച്ച് നല്‍കിയിട്ടുണ്ട്. നറുക്കില്‍ അവസാനം പേര് ലഭിക്കുന്നയാള്‍ക്ക് തെളിനീര് വിദൂര സ്വപ്നമാകും. ജലക്ഷാമം രൂക്ഷമായതോടെ ഓരോ കുടുംബവും പരമാവധി മൂന്ന് കുടം വെള്ളമേ ശേഖരിക്കാവൂവെന്നാണ് ഗ്രാമത്തലവന്‍റെ കര്‍ക്കശ നിര്‍ദേശം.
undefined
ബുദ്ധിമുട്ടുകള്‍ ഏറെയെങ്കിലും കുടിനീരിനായി പരസ്പരം തര്‍ക്കമില്ലാതെ ഒത്തൊരുമയിലാണ് ഈശ്വരീ നഗര്‍ ഗ്രാമം. മഴ കനിയുമെന്ന പ്രതീക്ഷയിലാണ് ഗ്രാമവാസികള്‍. ഈ കാഴ്ചയാണ് തമിഴ്നാട്ടിലെങ്ങും.
undefined
ഒരാഴ്ച്ചയ്ക്കുള്ളില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ട് ആഴ്ച പലത് കഴിഞ്ഞു. മാനം തെളിഞ്ഞ് തന്നെയിരുന്നു. വടക്കന്‍ തമിഴ്നാട്ടില്‍ ഉഷ്ണക്കാറ്റിന് സാദ്ധ്യതയുണ്ടാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്.
undefined
click me!