
ഉയർന്ന കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മരുന്നുകൾ, വ്യായാമം, ഭക്ഷണക്രമം എന്നിവ അത്യാവശ്യമാണെങ്കിലും ചില ദൈനംദിന പാനീയങ്ങൾക്ക് ആരോഗ്യകരമായ ലിപിഡ് അളവ് കൂട്ടാൻ സാധിക്കും. ചില ആരോഗ്യകരമായ പാനീയങ്ങൾക്ക് വീക്കം കുറയ്ക്കാനും ധമനികൾ ആരോഗ്യത്തോടെ നിലനിർത്താനും സഹായിക്കും. കൊളസ്‌ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ഹൃദയത്തിന് ഏറ്റവും അനുയോജ്യമായ പാനീയങ്ങളിൽ ഒന്നാണ് ഗ്രീൻ ടീ. ഇതിൽ കാറ്റെച്ചിനുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എൽഡിഎൽ (മോശം കൊളസ്ട്രോൾ) കുറയ്ക്കാനും ധമനികളിലെ വീക്കം കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളാണ്. ഒരു ദിവസം 1-2 കപ്പ് ഗ്രീൻ ടീ കഴിക്കുന്നത് മൊത്തം കൊളസ്ട്രോളും എൽഡിഎൽ കൊളസ്ട്രോളും ഗണ്യമായി കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ചെമ്പരത്തി ചായയിലെ ആന്റിഓക്‌സിഡന്റുകൾ ധമനികളെ വഴക്കമുള്ളതാക്കാനും, ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ചെമ്പരത്തി ചായ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിച്ചേക്കാം.
ഓട്സ് മിൽക്കിൽ ബീറ്റാ-ഗ്ലൂക്കൻ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കുടലിൽ ജെൽ പോലുള്ള ഘടന ഉണ്ടാക്കുന്ന ലയിക്കുന്ന നാരുകളാണ്. ബീറ്റാ-ഗ്ലൂക്കനുകൾ ദഹനം മെച്ചപ്പെടുത്തുന്നതിലൂടെയും എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ഒമേഗ-3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പുഷ്ടമായ ഫ്ളാക്സ് സീഡ് മൊത്തത്തിലുള്ള ലിപിഡ് അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അവ ധമനികൾക്കുള്ളിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഫ്ളാക്സ് സീഡ് വെള്ളം കുടിക്കാനോ സ്മൂത്തികളിൽ ചേർത്തോ കഴിക്കാവുന്നതാണ്.
വെളുത്തുള്ളിയിൽ അലിസിൻ അടങ്ങിയിട്ടുണ്ട്. ഇത് പ്ലാക്ക് അടിഞ്ഞുകൂടുന്നത് കുറയ്ക്കുന്നതിനും എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ഉലുവയിൽ ലയിക്കുന്ന നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ കൊഴുപ്പിന്റെയും പഞ്ചസാരയുടെയും ആഗിരണം കുറയ്ക്കുന്നു. കുതിര്‍ത്ത ഉലുവ വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിക്കും.
ബീറ്റ്റൂട്ടിൽ നൈട്രിക് ഓക്സൈഡായി മാറുന്ന നൈട്രേറ്റുകൾ കൂടുതലാണ്. ഇത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ധമനികളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് ജ്യൂസ് ട്രൈഗ്ലിസറൈഡുകൾ, മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ അളവ് എന്നിവ ഗണ്യമായി കുറയ്ക്കുന്നതായി അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തി.
നാരങ്ങാവെള്ളത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.
നെല്ലിക്ക ജ്യൂസ് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും എച്ച്ഡിഎൽ (നല്ല കൊളസ്ട്രോൾ) വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതിലെ പോളിഫെനോളുകൾ ആരോഗ്യകരമായ ധമനികളെയും മികച്ച ഹൃദയ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നു.