40 അല്ലെങ്കിൽ 50 വയസുള്ള ആളുകൾക്ക് സാധാരണയായി സെർവിക്കൽ സ്പോണ്ടിലോസിസ്, ഉറക്കക്കുറവ്, വർദ്ധിച്ച സമ്മർദ്ദം, നേരിയ ഉറക്കം എന്നിവ അനുഭവപ്പെടാറുണ്ട്.
രാത്രി ഉറങ്ങിയാലും വിശ്രമിച്ചാലും തലവേദന മാറുന്നില്ലെന്ന് പറയുന്ന നിരവധി പേരുണ്ട്. പതിമൂന്ന് പേരിൽ ഒരാൾക്ക് എന്ന നിലയിൽ രാവിലെകളിൽ തലവേദന അനുഭവപ്പെടാറുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. അതിൽ തന്നെയും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിലാണ് രാവിലെകളിലെ തലവേദന കൂടുതൽ. രാവിലെത്തെ തലവേദന ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളാണുള്ളത്.
അതിനു പിന്നിലെ ചില കാരണങ്ങളെ കുറിച്ച് മുംബൈ സെൻട്രലിലെ വോക്കാർഡ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റായ ഡോ. ഹണി സാവ്‌ല പറയുന്നു.
40 അല്ലെങ്കിൽ 50 വയസുള്ള ആളുകൾക്ക് സാധാരണയായി സെർവിക്കൽ സ്പോണ്ടിലോസിസ്, ഉറക്കക്കുറവ്, വർദ്ധിച്ച സമ്മർദ്ദം, നേരിയ ഉറക്കം എന്നിവ അനുഭവപ്പെടാറുണ്ട്. ഹോർമോൺ മാറ്റങ്ങൾ, രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലുകൾ, കൂർക്കംവലി അല്ലെങ്കിൽ നേരിയ സ്ലീപ് അപ്നിയ പോലുള്ള ഉറക്ക തകരാറുകൾ എന്നിവയും ഈ സമയത്ത് സംഭവിക്കാൻ തുടങ്ങും. ഈ ഘടകങ്ങളെല്ലാം രാവിലെ തലവേദനയ്ക്ക് സാധ്യത വർദ്ധിപ്പിക്കുന്നുവെന്ന് ഡോ. ഹണി സാവ്‌ല പറയുന്നു.
ദീർഘനേരം ജോലി ചെയ്യുന്നതും രാത്രിയിൽ പല്ലു കടിക്കുന്ന ശീലം പോലും ഇതിന് പങ്കു വഹിക്കുമെന്ന് മുംബൈയിലെ പരേലിലുള്ള ഗ്ലെനീഗിൾസ് ആശുപത്രിയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ. മഞ്ജുഷ അഗർവാൾ പറഞ്ഞു. ചിലപ്പോൾ, വളരെ വൈകി ഉറങ്ങുക, ഉറങ്ങുന്നതിന് തൊട്ട് മുമ്പ് മൊബെെൽ ഫോൺ ഉപയോഗിക്കുക, അല്ലെങ്കിൽ അമിതമായി കഫീൻ കുടിക്കുക തുടങ്ങിയ ചെറിയ ശീലങ്ങൾ പോലും ഉണരുമ്പോൾ തലവേദനയ്ക്ക് കാരണമാകുമെന്നും അവർ പറയുന്നു.
രാത്രികളിൽ പല്ലു കടിക്കുന്ന സ്വഭാവം ചിലരിലുണ്ട്. പലരും തങ്ങൾ ഇപ്രകാരം ചെയ്യുന്നുണ്ടെന്ന് അറിയുന്നതുപോലുമില്ല. നിരന്തരമായി ഇത് തുടരുന്നത് പല്ലിനും ആ ഭാഗത്തെ മസിലുകൾക്കുമൊക്കെ കേടുവരാൻ ഇടയാക്കും. ഉറക്കത്തെയും ഇതു ബാധിക്കാം. ഇതും തൊട്ടടുത്ത ദിവസം തലവേദനയോടെ എഴുന്നേൽക്കുന്നതിന് കാരണമാകാറുണ്ടെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിങ്ങൾ കമിഴ്ന്നു കിടക്കുമ്പോൾ, മുഖം താഴ്ത്തി ശ്വസിക്കാൻ കഴിയില്ല. അതിനാൽ നിങ്ങളുടെ കഴുത്ത് സ്വാഭാവികമായി മണിക്കൂറുകളോളം ഒരു വശത്തേക്ക് വളയുന്നു. ഇത് സെർവിക്കൽ നട്ടെല്ലിനെ അതിന്റെ സാധാരണ സ്ഥാനത്ത് നിന്ന് മാറ്റുന്നു. നിങ്ങളുടെ കഴുത്തിനും മുകൾ ഭാഗത്തിനും ചുറ്റുമുള്ള പേശികൾ രാത്രി മുഴുവൻ പിരിമുറുക്കപ്പെടുന്നു. ആ പിരിമുറുക്കം രാവിലെ മങ്ങിയ തലവേദനയ്ക്ക് കാരണമാകും.
കിടക്കുന്ന പൊസിഷനും രീതിയുമൊക്കെ ഉറക്കത്തിൽ വളരെ പ്രധാനമാണ്. കിടക്കയും തലയിണയുമൊക്കെ ശരീരത്തിന് സമ്മർദ്ദം നൽകാത്തവ ആവാൻ ശ്രദ്ധിക്കുക. മൈഗ്രേയ്ൻ മൂലം കഠിനമായ തലവേദന അനുഭവിക്കുന്നവർ ഏറെയാണ്. പലരിലും രാവിലെകളിലുള്ള തലവേദനയ്ക്കു പിന്നിൽ മൈഗ്രേയ്നും കാരണമാകാറുണ്ട്.


