ജലം മലിനം, കുടിക്കരുതെന്ന് അധികൃതര്‍; അമേരിക്കയില്‍ കുടിവെള്ളത്തിനായി സമരത്തിനിറങ്ങി നാട്ടുകാര്‍

First Published Oct 18, 2021, 4:04 PM IST


മിഷിഗൺ (Michigan ) നഗരത്തിലെ ജലം മലിനമാണെന്നും അത് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ എന്തിന് പല്ല് പോലും തേക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍, മുന്നറിയിപ്പ് മാത്രമേ സര്‍ക്കാര്‍ നല്‍കിയൊള്ളൂ, ശുദ്ധ ജലവിതരണത്തിന് കാര്യക്ഷമമായ നടപടികളുണ്ടായില്ല. ഇതോടെ, മിഷിഗണിലെ ബെന്‍റണ്‍ ഹാര്‍ബറിലെ (Benton Harbor) ജനങ്ങള്‍ നഗരം ഉപരോധിച്ചു. വെള്ളം കുടിക്കരുതെന്ന് പറഞ്ഞ ഭരണകൂടം സൌജന്യ ജലവിതരണവും നടത്തണമെന്നും നഗരവാസികള്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വിതരണം ചെയ്യുന്ന പൊതുജലത്തില്‍ അമിത അളവില്‍ ലെഡ് (Lead) കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജലം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്. 2018 ലാണ് മിഷിഗണിലെ പൊതുജല വിതരണത്തില്‍ ലെഡ്ഡിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. എന്നാല്‍, ഇതുവരെയായും ഇതിനൊരു ശ്വാശ്വത പരിഹാരം കാണാന്‍ നഗരസഭാ അധികൃതര്‍ക്കോ സംസ്ഥാന അധികാരികള്‍ക്കോ കഴിഞ്ഞില്ല. ഇതോടെയാണ് നാട്ടുകാര്‍ തെരുവിലിറങ്ങാന്‍ നിര്‍ബന്ധിതമായത്. ഇത് വെറും വെള്ളത്തിന്‍റെയോ ഈയത്തിന്‍റെയോ പ്രശ്നമല്ലെന്നും വെളുത്തവനും കറുത്തവനും എന്ന വര്‍ണ്ണത്തിന്‍റെ പ്രശ്നമാണെന്നും ചിലര്‍ ആരോപണങ്ങളുന്നയിച്ചു. 

ബെന്‍റൺ ഹാർബറിലെ ഉദ്യോഗസ്ഥരാണ് 2018 ല്‍ മിഷിഗണിലെ പൊതുജല വിതരണത്തില്‍ ഈയത്തിന്‍റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നഗരമെമ്പാടും സര്‍ക്കാര്‍  മുന്നറിയിപ്പുകള്‍ നല്‍കി. ജലവിതരണ സംവിധാനം മെച്ചപ്പെടുത്താൻ നഗരസഭാ അധികൃതര്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ആ ശ്രമങ്ങളൊന്നും കാര്യമായ വിജയം കണ്ടില്ല. 

അതിനിടെയാണ് ഇപ്പോള്‍ പല്ല് തേക്കാന്‍ പോലും മിഷിഗണിലെ ജലം ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിന് പകരമായി സര്‍ക്കാര്‍ ചെയ്തത്, നഗരത്തില്‍ കുപ്പി വെള്ളം വിതരണം ചെയ്യുകയായിരുന്നു. 

ഇതോടെ  9,100 പേര്‍ താമസിക്കുന്ന നഗരത്തില്‍ നീണ്ട വരികൾക്കും അതിനെ തുടര്‍ന്ന് ഗതാഗതക്കുരുക്കിനും കാരണമായി. സര്‍ക്കാര്‍ നിലവില്‍ കുട്ടികള്‍ക്ക് സൌജന്യ ലെഡ് പരിശോധനയും വീടുകളില്‍ ലെഡ്ഡിന്‍റെ ലക്ഷണങ്ങളില്‍ ഉണ്ടെങ്കില്‍ അവിടെയും പരിശോധന വാഗ്ദാനം ചെയ്യുന്നു. 

ഇതിനിടെ നഗരത്തില്‍ 85 ശതമാനവും കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ ആഫ്രിക്കന്‍ വംശജരാണ് താമസിക്കുന്നതെന്നും ഇതാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമായി ഇടപെടാത്തതെന്നുമുള്ള ആരോപണവും ശക്തമായി. 

വീടുകളിലേക്ക് വെള്ളം എത്തിക്കുന്ന ഏതാണ്ട് 6,000 ലീഡ് സർവീസ് ലൈനുകൾ പൂർണ്ണമായി നീക്കം ചെയ്യണമെന്നാണ് ആവശ്യം. ബെന്‍റൺ ഹാർബറിൽ മാത്രം മൊത്തം 5,877 സർവീസ് ലൈനുകൾ ഉണ്ട്, അതിൽ 51 ശതമാനത്തിലും ഈയത്തിന്‍റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സംസ്ഥാനത്തെ ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ചത്. ഇതിന്‍റെ നിര്‍മ്മാണ വേളകളില്‍  ഗാൽവാനൈസ്ഡ് ലൈനുകളാണെന്ന് ഉപയോഗിച്ചിരുന്നത്. ഇതില്‍ എവിടെയെങ്കിലും ഈയം അടങ്ങിയിരിക്കാന്‍ സാധ്യതയുണ്ടെന്നും അത് ജലത്തില്‍ കലരുന്നതാകാം കാരണമെന്നുമാണ് അധികൃതരുടെ പക്ഷം. 

'കുറഞ്ഞത് മൂന്ന് വർഷമായി, ബെന്‍റൺ ഹാർബറിലെ ജനങ്ങൾ അപകടകരമായ ഈയം കൊണ്ട് മലിനീകരിക്കപ്പെടാത്ത, സുരക്ഷിതമായ കുടിവെള്ളത്തിനായി കാത്തിരിക്കുന്നു, പക്ഷേ ഇനി കാത്തിരിക്കാൻ ഞങ്ങൾ തയ്യാറല്ല.' ബെന്‍റൺ ഹാർബർ കമ്മ്യൂണിറ്റി വാട്ടർ കൗൺസിൽ പ്രസിഡന്‍റ് റവ. എഡ്വേർഡ് പിങ്ക്നി പ്രസ്താവനയിൽ പറഞ്ഞു. 

ജലസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാനം , നഗരവുമായി സഹകരിക്കുന്നുണ്ടെന്ന് ലഫ്. ഗവർലിൻ ഗിൽക്രിസ്റ്റ് രണ്ടാമൻ പറഞ്ഞു, ' നാശനിയന്ത്രണങ്ങളും ലഡ് നീക്കം ചെയ്യൽ ഫിൽട്ടറുകളും ഉപയോഗിച്ചുള്ള പരിശ്രമങ്ങള്‍ തുടരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായും വിജയിച്ചിട്ടില്ല.' അദ്ദേഹം പറഞ്ഞു. 

പരിശോധന നടത്തിയ ഒരു വീട്ടില്‍ 889 പിപിബിയിലായിരുന്നു ഈയത്തിന്‍റെ അളവ്. അതായത് ദേശീയ ശരാശരിയേക്കാള്‍ 60 ശതമാനം ഉയര്‍ന്ന നിരക്കാണ് ഇത്. ഇത്രയും മാരകമായ രീതിയില്‍ ലെഡ്ഡിന്‍റെ അംശമുള്ള ജലം കുടിക്കുകയോ പാചകം ചെയ്യുകയോ, പല്ല് തേയ്ക്കാൻ പോലുമോ ഉപയോഗിക്കരുതെന്ന് ഞങ്ങൾ ഉപദേശിക്കുന്നുവെന്ന് വകുപ്പ് ഡയറക്ടർ എലിസബത്ത് ഹെർട്ടൽ ഫോക്സിനോട് പറഞ്ഞു. 

ഈയത്തിന്‍റെ അമിതമായ ഉപയോഗം കുട്ടികളിൽ തലച്ചോറിന്‍റെ വികാസത്തെ ദോഷകരമായി ബാധിക്കുകയും മുതിർന്നവർക്ക് ഹ്രസ്വവും ദീർഘകാലവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. 

'ബെന്‍റൺ ഹാർബറിലെ ആളുകൾ അവരുടെ വംശമോ വരുമാനമോ പരിഗണിക്കാതെ സുരക്ഷിതമായ വെള്ളം അർഹിക്കുന്നത് നിയമത്തിന്‍റെയും നീതിയുടെയും കാര്യമാണ്,' ഗ്രേറ്റ് ലേക്സ് എൻവയോൺമെന്‍റൽ ലോ സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ നിക്ക് ലിയോനാർഡ് കൂട്ടിച്ചേർത്തു. 

ബെന്‍റണ്‍ ഹാര്‍ബര്‍ പ്രദേശത്ത് കൂടുതലും കറുത്ത വര്‍ഗ്ഗക്കാരാണ്. ഈ പ്രദേശത്ത് 45 ശതമാനം നിവാസികളും ദാരിദ്ര്യത്തിലാണ് കഴിയുന്നത്. പടിഞ്ഞാറൻ വെർജീനിയയിലെ ക്ലാർക്സ്ബർഗിലെ അവസ്ഥയേക്കാൾ ബെന്‍റൺ ഹാർബറിലെ സ്ഥിതി അങ്ങേയറ്റം മോശമാണ്.

മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ 18 മാസത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചു.  വീടുകളെ ജല സംവിധാനവുമായി ബന്ധിപ്പിക്കുന്ന ലെഡ് പൈപ്പുകൾ മാറ്റിസ്ഥാപിക്കും. ഇതിന് 30 മില്യൺ ഡോളർ ചിലവ് പ്രതീക്ഷിക്കുന്നു. മിഷിഗണിന്‍റെ 2022 സംസ്ഥാന ബജറ്റിന് കീഴിൽ, ബെന്‍റൺ ഹാർബറിലെ ജലവിതരണ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കാൻ 10 മില്യൺ ഡോളർ നീക്കിവയ്ക്കുമെന്നും  ഗ്രെച്ചൻ വിറ്റ്മർ പറഞ്ഞു. 

നിരന്തരമായി ഈയം കലര്‍ന്ന ജലം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരു ഡസനിലധികം പേർ ലെജിയോണയർ രോഗം ബാധിച്ച് മരിച്ചെന്നും നിരവധി കുട്ടികള്‍ക്ക് അവരുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ജനകീയപ്രശ്നങ്ങൾ പിടിപെട്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

എന്നാല്‍, മിഷിഗണില്‍ മാത്രമല്ല രാജ്യത്തുടനീളം ശുദ്ധജലത്തിന്‍റെ സ്ഥിതി അത്ര മെച്ചമല്ലെന്നാണ് റിപ്പോര്‍ട്ട്.  ചിക്കാഗോ, പിറ്റ്സ്ബർഗ് തുടങ്ങിയ നഗരങ്ങളിലെ ജലത്തിലും അപകടകരമായ അളവില്‍ ഈയം അടങ്ങിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!