
14 മാസം പ്രായമുള്ള കുഞ്ഞിന്റെ അന്നനാളത്തിൽ നിന്ന് 2 ഇഞ്ച് നീളമുള്ള മെറ്റൽ സ്പ്രിംഗ് നീക്കം ചെയ്ത് എയിംസിലെ ഡോക്ടർമാർ. അന്നനാളത്തിൽ കുടുങ്ങിയ ലോഹ സ്പ്രിംഗ് എൻഡോസ്കോപ്പിക് ശസ്ത്രക്രിയയ്ക്ക് ശേഷം വിജയകരമായി നീക്കം ചെയ്തതായി ദില്ലിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോക്ടർമാർ വ്യക്തമാക്കി.
യമുനനഗറിൽ താമസിക്കുന്ന കുഞ്ഞ് ഒരാഴ്ചയോളം തുടർച്ചയായി ഛർദ്ദിക്കുകയും രണ്ട് ദിവസമായി ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനയിൽ കുഞ്ഞിന്റെ അന്നനാളത്തിന്റെ മുകൾ ഭാഗത്ത് നിന്ന് മെറ്റൽ സ്പ്രിംഗ് കണ്ടെത്തി. മ്യൂക്കോസയിലുടനീളം വ്രണങ്ങൾ ഉണ്ടായിരുന്നതായും ഡോക്ടർമാർ പറഞ്ഞു.
‘അന്നനാളത്തിന്റെ മുകൾ ഭാഗത്താണ് സ്പ്രിംഗ് കുടുങ്ങിയത്. പേനകളിൽ കാണുന്ന സാധാരണ സ്പ്രിംഗിനേക്കാൾ വളരെ കൂടുതലായിരുന്നു സ്പ്രിംഗിന്റെ കനം…’ - പീഡിയാട്രിക് സർജറി വിഭാഗത്തിലെ പ്രൊഫസർ ഡോ. വിശേഷ് ജെയിൻ പറഞ്ഞു.
ഡെറാഡൂണിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എൻഡോസ്കോപ്പിക് വഴി ഇത് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും അന്നനാളത്തിലെ വീക്കവും മുറിവുകളും കാരണം ഈ പ്രക്രിയ അപകടകരമാണെന്ന് കണക്കാക്കി കുട്ടിയെ ഉടൻ തന്നെ എയിംസിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ജെയിനും സംഘവും ശസ്ത്രക്രിയയ്ക്ക് നൂതന എൻഡോസ്കോപ്പിക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു. സ്പ്രിംഗ് ശ്രദ്ധാപൂർവ്വം തിരിച്ച് നീക്കം ചെയ്തു. ശസ്ത്രക്രിയയ്ക്ക് ശേഷം, കുട്ടിയുടെ അവസ്ഥ വേഗത്തിൽ മെച്ചപ്പെട്ടു. അടുത്ത ദിവസം തന്നെ കുഞ്ഞിന് ഭക്ഷണം നൽകാൻ തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു.
സ്പ്രിംഗുകൾ, ബാറ്ററികൾ, നാണയങ്ങൾ, ചെറിയ കളിപ്പാട്ട ഭാഗങ്ങൾ തുടങ്ങിയ വസ്തുക്കൾ കുട്ടികൾക്ക് എടുക്കാൻ പറ്റാത്തയിടത്ത് രക്ഷിതാക്കൾ സൂക്ഷിക്കുകയാണ് വേണ്ടത്. ഒരു കുഞ്ഞ് എന്തെങ്കിലും വിഴുങ്ങുന്നത് മാതാപിതാക്കൾ കണ്ടാൽ കുഞ്ഞിനെ ഉടൻ തന്നെ ഒരു ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകണമെന്നും ഡോക്ടർക്ക് ശരിയായ ചികിത്സ നൽകാൻ സാധിക്കുമെന്ന് ഡോ. വിശേഷ് ജെയിൻ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam