
അമിതമായ സ്‌ക്രീൻ സമയം പ്രത്യുൽപാദനക്ഷമതയെ ബാധിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അമിതമായി ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയവയെ ആശ്രയിക്കുന്നതും ഹോർമോൺ ആരോഗ്യത്തെ ബാധിക്കാമെന്ന് ക്യൂറിയസ് ജേണൽ ഓഫ് മെഡിക്കൽ സയൻസ് പറയുന്നു.
ദീർഘനേരം ജോലി ചെയ്യുന്നത് വിട്ടുമാറാത്ത സമ്മർദ്ദത്തിന് കാരണമാകും. ഇത് ശരീരത്തിലെ ഹോർമോൺ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തിയേക്കാം. വർദ്ധിച്ച സമ്മർദ്ദം ഉറക്ക പ്രശ്‌നങ്ങൾക്കും മോശം ഭക്ഷണശീലങ്ങൾക്കും കാരണമാകും. ഇത് സ്ത്രീയുടെ അണ്ഡോത്പാദന ചക്രത്തെയും പുരുഷന്മാരിൽ ബീജത്തിന്റെ ഗുണനിലവാരം കുറയാനും കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു.
രാത്രിയിൽ അമിതമായി ഫോൺ, ലാപ്പ്ടോപ്പ് എന്നിവ ഉപയോഗിക്കുന്നത് മെലറ്റോണിൻ ഉത്പാദനം കുറയ്ക്കുന്നു. ഉറക്കചക്രം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഹോർമോണാണ് മെലറ്റോണിൻ. മെലറ്റോണിൻ അളവ് കുറയുമ്പോൾ, ഉറക്കക്കുറവിന് ഇടയാക്കുമെന്ന് ഡോ. പുനീത് റാണ അറോറ പറയുന്നു. ഇത് ശരീരത്തിന് ഹോർമോണുകളുടെ ആരോഗ്യകരമായ സന്തുലിതാവസ്ഥ വീണ്ടെടുക്കാനും നിലനിർത്താനും ബുദ്ധിമുട്ടാക്കുന്നു.
ഡെസ്‌ക് ജോലികൾ പലപ്പോഴും ശാരീരിക പ്രവർത്തനങ്ങളുടെ അഭാവത്തിലേക്ക് നയിക്കുന്നു. ഇത് പൊണ്ണത്തടി, ഇൻസുലിൻ പ്രതിരോധം, പ്രത്യുൽപാദനക്ഷമത കുറയ്ക്കുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം, ലാപ്‌ടോപ്പുകൾ മടിയിൽ ഉപയോഗിക്കുന്നത് വൃഷണസഞ്ചിയിലെ താപനില വർദ്ധിപ്പിക്കും. ഇത് ബീജ ഉൽപാദനത്തെയും ചലനത്തെയും ദോഷകരമായി ബാധിക്കും. പ്രത്യുൽപാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കുന്ന അഞ്ച് ജീവിതശൈലി മാറ്റങ്ങൾ ഇതാ:
ഒന്ന്
മണിക്കൂറോളം ഒറ്റയിരുപ്പ് ഇരിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഓരോ മണിക്കൂറിലും അഞ്ച് മിനിറ്റ് നേരം ഇടവേള എടുക്കുന്നത് സമ്മർദ്ദവും ക്ഷീണവും കുറയ്ക്കാൻ സഹായിക്കും, ഇത് ജോലി എളുപ്പമാക്കുക ചെയ്യും.
രണ്ട്
ഓരോ 20 മിനിറ്റിലും താത്ക്കാലികമായി സ്ക്രീനിൽ നോക്കുന്നത് നിർത്തുന്നത് നല്ലതായിരിക്കും. തുടർന്ന്, 20 അടി അകലെയുള്ള എന്തെങ്കിലും ഒരു സാധനത്തിലേക്ക് 20 സെക്കൻഡ് നേരത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക.
മൂന്ന്
ഉറങ്ങുന്നതിന് മുമ്പ് സ്‌ക്രീനിന് മുന്നിൽ സമയം ചിലവഴിക്കുന്നത് ഒഴിവാക്കാം. പകരം, വായിക്കുന്നത് ശീലമാക്കുകയോ വിശ്രമിക്കുകയോ ചെയ്യാം. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫോൺ മാറ്റിവയ്ക്കുക.
നാല്
ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ഗുണനിലവാരമുള്ള വിശ്രമം ഹോർമോണുകളെ സന്തുലിതമാക്കുന്നതിനും പ്രത്യുൽപാദന ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനും പ്രധാനമാണ്.
അഞ്ച്
പ്രത്യുൽപാദന ആരോഗ്യത്തിന് പതിവായി വ്യായാമം ചെയ്യുന്നത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും മിതമായ വ്യായാമം ചെയ്യുക. ഇത് രക്തയോട്ടം മെച്ചപ്പെടുത്താനും സമ്മർദ്ദം നിയന്ത്രിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും. നടത്തം, യോഗ, സൈക്ലിംഗ് പോലുള്ളവ ശീലമാക്കുക.
ആറ്
നമ്മുടെ ആരോഗ്യത്തിന് നമ്മൾ എന്ത് കഴിക്കുന്നു എന്നത് വളരെ പ്രധാനമാണ്. ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ കൂടുതലുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഈ ഭക്ഷണങ്ങൾ ഹോർമോൺ സന്തുലിതാവസ്ഥയെ സഹായിക്കും. കഫീൻ, മദ്യം, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കുറയ്ക്കാൻ ശ്രമിക്കുക. കാരണം അവ പ്രത്യുൽപാദനക്ഷമതയെ പ്രതികൂലമായി ബാധിക്കും.