
ദഹനം, പോഷകങ്ങളുടെ ആഗിരണം, പ്രതിരോധശേഷി, മാനസികാരോഗ്യം തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യവുമായി കുടലിന് വളരെയധികം ബന്ധമുണ്ട്. കുടലിന്റെ ആരോഗ്യത്തിലെ അസന്തുലിതാവസ്ഥ ക്ഷീണം, മാനസികാവസ്ഥ പ്രശ്നങ്ങൾ, ചർമ്മ പ്രശ്നങ്ങൾ, ഉറക്ക അസ്വസ്ഥത, സ്വയം രോഗപ്രതിരോധ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകും. അതിനാൽ, കുടലിനെ നല്ല നിലയിൽ നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്.
കുടലിന്റെ ആരോഗ്യം നിലനിർത്തുന്നതിനും വർദ്ധിപ്പിക്കുന്നതിനുമുള്ള ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് ശരിയായ ഭക്ഷണം കഴിക്കുന്നത്. പുളിപ്പിച്ച ഭക്ഷണങ്ങൾ, പ്രോബയോട്ടിക്കുകൾ, പ്രീബയോട്ടിക്കുകൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക. കുടലിന്റെ ആരോഘ്യത്തിന് വേണ്ട രണ്ട് പ്രധാനപ്പെട്ട പോഷകളാണ് മഗ്നീഷ്യവും വിറ്റാമിൻ ഡിയും.
ദഹനം ഉൾപ്പെടെ നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന ഒരു അവശ്യ ധാതുവാണ് മഗ്നീഷ്യം. ദഹന എൻസൈമുകളെ സജീവമാക്കാനും, പോഷകങ്ങളുടെ മൊത്തത്തിലുള്ള ആഗിരണം മെച്ചപ്പെടുത്താനും ഇതിന് കഴിയും.
മഗ്നീഷ്യത്തിന്റെ കുറവ് നല്ല ബാക്ടീരിയകളുടെ അളവ് കുറയ്ക്കുന്നതിനും കുടലിന്റെ ആരോഗ്യം തകരാറിലാകുന്നതിനും വീക്കം വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൂടാതെ, ഇറിറ്റബിൾ ബവൽ സിൻഡ്രോം (ഐബിഎസ്), മറ്റ് ദഹന സംബന്ധമായ അസ്വസ്ഥതകൾ എന്നിവ പോലുള്ള അവസ്ഥകളെ ലഘൂകരിക്കും.
അതുപോലെ, കുടൽ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്ന മറ്റൊരു സുപ്രധാന പോഷകമാണ് വിറ്റാമിൻ ഡി. മതിയായ വിറ്റാമിൻ ഡി അളവ് ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും അത്യന്താപേക്ഷിതമായ വൈവിധ്യമാർന്ന മൈക്രോബയോമിനെ പിന്തുണയ്ക്കുന്നു.
രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ ഡി പ്രധാനമാണ്. ഇത് ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും പ്രതിരോധിക്കാനുള്ള കുടലിന്റെ കഴിവ് വർദ്ധിപ്പിക്കുന്നു. വിറ്റാമിൻ ഡിയുടെ മതിയായ അളവ് വിവിധ കോശജ്വലന കുടൽ രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ ഡി മാത്രമല്ല മഗ്നീഷ്യവും ഒരു പോലെ പ്രധാനമാണ്.
മഗ്നീഷ്യം സമ്പുഷ്ടമായ ഭക്ഷണങ്ങളിൽ മത്തങ്ങ വിത്തുകൾ, ഡാർക്ക് ചോക്ലേറ്റ്, നട്‌സ്, വിത്തുകൾ, ധാന്യങ്ങൾ, വാഴപ്പഴം, ഇലക്കറികൾ, കൊഴുപ്പുള്ള മത്സ്യം എന്നിവ ഉൾപ്പെടുന്നു.