
രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്വാഭാവികമായി നിയന്ത്രിക്കുന്നതിൽ ചില പ്രഭാത ശീലങ്ങൾക്ക് പ്രധാന പങ്കാണുള്ളത്. രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിന് മധുരപലഹാരങ്ങൾ ഒഴിവാക്കുക മാത്രമല്ല, ആരോഗ്യകരമായ ഇൻസുലിൻ പ്രവർത്തനം, സന്തുലിതമായ ജീവിതശൈലി ഇതിൽ ഉൾപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ചില പ്രഭാത ശീലങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്..
ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുക
രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിർത്തുന്നതിൽ ജലാംശം പ്രധാന പങ്ക് വഹിക്കുന്നു. വെറും വയറ്റിൽ ഇളം ചൂടുളള വെള്ളം കുടിക്കുന്നത് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുകയും വൃക്കകളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇത് ഗ്ലൂക്കോസ് നിയന്ത്രണം മെച്ചപ്പെടുത്തും. നിർജ്ജലീകരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിന് കാരണമാകും.
ഉയർന്ന പ്രോട്ടീനുള്ള പ്രാതൽ കഴിക്കുക
പ്രഭാതഭക്ഷണം ഒഴിവാക്കുകയോ പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ്, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഒരു സമീകൃത പ്രഭാതഭക്ഷണം ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും മണിക്കൂറുകളോളം പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്തുകയും ചെയ്യുന്നു. സംസ്കരിച്ച ധാന്യങ്ങൾ, വെളുത്ത ബ്രെഡ്, മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കുക.
രാവിലെ ലഘു വ്യായാമം ചെയ്യുക
രാവിലെ 10 മിനിറ്റ് നടത്തം, യോഗ, അല്ലെങ്കിൽ ലളിതമായ സ്ട്രെച്ചിംഗ് പോലുള്ള നേരിയ വ്യായാമങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും. പ്രഭാതഭക്ഷണത്തിന് ശേഷമുള്ള നേരിയ വ്യായാമം പോലും ദഹനത്തെ സഹായിക്കുകയും പഞ്ചസാരയുടെ കുതിച്ചുചാട്ടം തടയുകയും ചെയ്യുന്നു.
രാവിലെ കാപ്പി കുടിക്കുന്ന ശീലം ഒഴിവാക്കുക
ഭക്ഷണത്തിന് മുമ്പ് കാപ്പി കുടിക്കുന്നത് കോർട്ടിസോളിന്റെ അളവ് വർദ്ധിപ്പിക്കുകയും കാലക്രമേണ ഇൻസുലിൻ പ്രതിരോധത്തിലേക്ക് നയിക്കുകയും ചെയ്യും. അതിരാവിലെ ഗ്രീൻ ടീ അല്ലെങ്കിൽ ഹെർബൽ പാനീയങ്ങൾ തിരഞ്ഞെടുക്കുക.
മെഡിറ്റേഷൻ, യോഗ ശീലമാക്കുക
രാവിലെയുള്ള സമ്മർദ്ദം കോർട്ടിസോൾ പുറത്തുവിടുന്നതിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ആഴത്തിലുള്ള ശ്വസനം, ധ്യാനം എന്നിവ ദിവസം മുഴുവൻ ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ സന്തുലിതമായി നിലനിർത്തുക ചെയ്യുന്നു.
ആപ്പിൾ സിഡെർ വിനെഗർ ഉൾപ്പെടുത്തുക
പ്രഭാതഭക്ഷണത്തിന് മുമ്പ് ഒരു ടേബിൾസ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യും.
ബ്ലഡ് ഷുഗർ അളവ് പരിശോധിക്കുക
പ്രമേഹമോ പ്രീ-ഡയബറ്റിസ് അവസ്ഥയോ ഉള്ളവർ രാവിലെ ബ്ലഡ് ഷുഗർ അളവ് പരിശോധിക്കുക.
ആരോഗ്യകരമായ ഭക്ഷണം പ്രധാനം
ക്രമരഹിതമായ ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസത്തെ ആശയക്കുഴപ്പത്തിലാക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിലെ വ്യതിയാനങ്ങൾക്ക് കാരണമാവുകയും ചെയ്യും.
പ്രഭാതഭക്ഷണത്തിൽ കറുവപ്പട്ടയോ ഉലുവയോ ഉൾപ്പെടുത്തുക
സ്മൂത്തികളിലോ, ഓട്‌സിലോ, ചായയിലോ കറുവപ്പട്ട ചേർക്കുക., പ്രഭാത ഭക്ഷണത്തിൽ ഉലുവ ചേർക്കുകയോ ചെയ്യുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും ഫാസ്റ്റിംഗ് ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാനും സഹായിച്ചേക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam