അവാസ്കുലർ നെക്രോസിസ് സാധാരണയായി ബാധിക്കുന്നത് ഇടുപ്പ് സന്ധിയെയാണ്. തുടക്കത്തിൽ നടക്കുമ്പോഴോ ഭാരം എടുക്കുമ്പോഴോ മാത്രം അനുഭവപ്പെടുന്ന വേദന പിന്നീട് വിശ്രമിക്കുമ്പോഴും തുടരുന്നു.

സാധാരണഗതിയിൽ എല്ലുകൾക്ക് ഒടിവോ ചതവോ സംഭവിക്കുമ്പോഴാണ് നമ്മൾ ഗൗരവമായി എടുക്കാറുള്ളത്. എന്നാൽ യാതൊരുവിധ പരിക്കുകളും ഇല്ലാതെ തന്നെ എല്ലുകൾ ദ്രവിച്ചുപോകുന്ന അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഇതിനെയാണ് അവാസ്കുലർ നെക്രോസിസ് (Avascular Necrosis ) അഥവാ ബോൺ ഡെത്ത് എന്ന് വിളിക്കുന്നത്. രക്തയോട്ടം കുറയുന്നത് മൂലം അസ്ഥികളിലെ കോശങ്ങൾ നശിക്കുന്ന അവസ്ഥയാണിത്. 

Add Asianetnews as a Preferred SourcegooglePreferred

ഓസ്റ്റിയോനെക്രോസിസ് എന്നും ഇതിനെ പറയുന്നു. ഇത് അസ്ഥികളിൽ ചെറിയ വിള്ളലുകൾ ഉണ്ടാക്കുന്നതിനും ക്രമേണ അസ്ഥികൾ തകരുന്നതിനും കാരണമാകുന്നു. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത്​ഗുരുതര പ്രശ്നങ്ങളിലേക്ക് നയിക്കും. ഏതൊരു പ്രായത്തിലുള്ളവർക്കും ഈ അവസ്ഥ വരാമെങ്കിലും, 30-നും 50-നും ഇടയിൽ പ്രായമുള്ളവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.

പ്രധാന കാരണങ്ങൾ : ജീവിതശൈലിയും മരുന്നുകളും

1. പരിക്കുകൾ/ അപകടങ്ങൾ: ഇടുപ്പ് സ്ഥാനം തെറ്റുകയോ എല്ലിന് ഒടിവ് സംഭവിക്കുകയോ ചെയ്യുന്നത് രക്തയോട്ടം കുറയാൻ കാരണമാകും.

2. അമിതമായ സ്റ്റിറോയിഡ് ഉപയോഗം: ആസ്ത്മ, സന്ധിവീക്കം, ചർമ്മരോഗങ്ങൾ എന്നിവയ്ക്കായി ദീർഘകാലം ഉയർന്ന അളവിൽ സ്റ്റിറോയിഡ് മരുന്നുകൾ കഴിക്കുന്നത് രക്തത്തിലെ കൊഴുപ്പിന്റെ അളവ് വർധിപ്പിക്കുകയും എല്ലുകളിലേക്കുള്ള ചെറിയ രക്തക്കുഴലുകളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

3. മദ്യപാനം: അമിതമായ മദ്യപാനം രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും. ഇത് എല്ലുകളിലേക്കുള്ള പോഷകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നു.

4. റേഡിയേഷൻ : റേഡിയേഷൻ തെറാപ്പി എല്ലുകളെ ദുർബലപ്പെടുത്തുകയും രക്തക്കുഴലുകളെ നശിപ്പിക്കുകയും ചെയ്യും.

5. മറ്റ് ചില രോഗങ്ങൾ: സിക്കിൾ സെൽ അനീമിയ, ലൂപ്പസ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ എല്ലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കും.

തിരിച്ചറിയേണ്ട ലക്ഷണങ്ങൾ

അവാസ്കുലർ നെക്രോസിസ് സാധാരണയായി ബാധിക്കുന്നത് ഇടുപ്പ് സന്ധിയെയാണ്. തുടക്കത്തിൽ നടക്കുമ്പോഴോ ഭാരം എടുക്കുമ്പോഴോ മാത്രം അനുഭവപ്പെടുന്ന വേദന പിന്നീട് വിശ്രമിക്കുമ്പോഴും തുടരുന്നു. വേദന ഇടുപ്പിൽ നിന്ന് തുടങ്ങി തുടയിലേക്കും മുട്ടിലേക്കും പടരാം. വേദന കാരണം സന്ധികൾ സ്വതന്ത്രമായി ചലിപ്പിക്കാൻ പ്രയാസം നേരിടും, ഉദാഹരണത്തിന് ഇടുപ്പെല്ലിനെ ബാധിച്ചാൽ നടക്കാനോ ഇരിക്കാനോ ബുദ്ധിമുട്ട് ഉണ്ടാകും.

അവാസ്കുലർ നെക്രോസിസിനുള്ള ചികിത്സ

രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ മരുന്നുകളിലൂടെയുള്ള ചികിത്സയാണ്. സന്ധികളുടെ ചലനശേഷി നിലനിർത്താൻ പ്രത്യേക വ്യായാമങ്ങളും ചെയ്യാം. മരുന്നുകൾ ഫലിക്കാത്ത സാഹചര്യത്തിലോ രോഗം കൂടിയ അവസ്ഥയിലോ ശസ്ത്രക്രിയ വേണ്ടിവരും.

* കോർ ഡീകംപ്രഷൻ: എല്ലിനുള്ളിലെ സമ്മർദ്ദം കുറച്ച് രക്തയോട്ടം വർദ്ധിപ്പിക്കാൻ ഇത് സഹായിക്കുന്നു.

* ബോൺ ഗ്രാഫ്റ്റിങ്: ശരീരത്തിന്റെ മറ്റൊരു ഭാഗത്തുനിന്നോ അല്ലെങ്കിൽ ദാതാവിൽ നിന്നോ ആരോഗ്യകരമായ എല്ല് എടുത്ത് കേടായ ഭാഗത്ത് വച്ചുപിടിപ്പിക്കുന്നു.

* ഓസ്റ്റിയോട്ടമി : കേടുവന്ന അസ്ഥിക്ക് വിശ്രമം നൽകി, നല്ല അസ്ഥി കൊണ്ട് ഭാരം താങ്ങുന്നു. ഇതിനായി എല്ലിന്റെ ആകൃതിയിൽ മാറ്റം വരുത്തുന്നു.

* ജോയിന്റ് റീപ്ലേസ്‌മെന്റ് : എല്ല് പൂർണ്ണമായും തകരുകയും സന്ധിക്ക് കഠിനമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്താൽ കൃത്രിമ സന്ധികൾ വച്ചുപിടിപ്പിക്കുന്നു.

ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

മദ്യപാനം ഒഴിവാക്കുക: ഇത് രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയും.

പുകവലി ഉപേക്ഷിക്കുക: പുകവലി രക്തക്കുഴലുകളെ ചുരുക്കുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്നു..

ശരീരഭാരം നിയന്ത്രിക്കുക: അമിതഭാരം സന്ധികൾക്ക് കൂടുതൽ ആയാസം നൽകും. രക്തക്കുഴലുകളിൽ തടസ്സമുണ്ടാക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ ശ്രദ്ധിക്കുക.

സ്റ്റിറോയിഡ് ഉപയോഗം ശ്രദ്ധിക്കുക: സ്റ്റിറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ അത് ഡോക്ടറെ അറിയിക്കുക. സ്റ്റിറോയിഡുകളുടെ ആവർത്തിച്ചുള്ള ഉപയോഗം എല്ലുകൾക്ക് ദോഷം ചെയ്യും.

കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ അവാസ്കുലർ നെക്രോസിസ് ഗുരുതരമാവുകയും ഒടുവിൽ എല്ലുകൾ തകരുകയും ചെയ്യും. ഇത് എല്ലിന്റെ മിനുസമാർന്ന ആകൃതി നഷ്ടപ്പെടുത്തുകയും പെട്ടെന്നുണ്ടാകുന്ന സന്ധിവാതത്തിന് കാരണമാവുകയും ചെയ്യുന്നു. ഡോക്ടറുടെ നിർദ്ദേശമില്ലാതെ സ്റ്റിറോയിഡ് ഗുളികകൾ കഴിക്കുന്നത് ഒഴിവാക്കുക. ഇടുപ്പിലോ സന്ധികളിലോ വിട്ടുമാറാത്ത വേദനയുണ്ടെങ്കിൽ ഒരു ഓർത്തോപീഡിക് സർജനെ കണ്ട് MRI സ്കാൻ വഴി രോഗനിർണ്ണയം നടത്തുക.

(അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് വിഭാഗം സീനിയർ കൺസൾട്ടൻ്റായ ഡോ.അജയകുമാർ ടി തയ്യാറാക്കിയ ലേഖനം)